കൊച്ചി: അന്പത്തിയേഴാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിവസം പാലക്കാടന്‍ കുതിപ്പ്. ആദ്യ ദിവസം രണ്ടാം സ്ഥാനത്തായിരുന്ന നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് രണ്ടാം ദിവസം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 15 സ്വര്‍ണ്ണവും 19 വെള്ളിയും 25 വെങ്കലവുമടക്കം 406 പോയിന്റ് നേടിയാണ് പാലക്കാട് നേരിയ വ്യത്യാസത്തില്‍ എറണാകുളത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തിയത്. 20 സ്വര്‍ണ്ണവും 24 വെള്ളിയും 16 വെങ്കലവുമടക്കം എറണാകുളത്തിന് 396.5 പോയിന്റാണുള്ളത്. കോട്ടയത്തെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി കോഴിക്കോട് മൂന്നാം സ്ഥാനത്തേക്ക് കയറി. 12 സ്വര്‍ണ്ണവും 14 വെള്ളിയും 9വെങ്കലവുമടക്കം 231 പോയിന്റാണ് കോഴിക്കോടിനുള്ളത്. 14 സ്വര്‍ണ്ണവും 9 വെള്ളിയും 5 വെങ്കലവുമടക്കം 223 പോയിന്റുമായാണ് കോട്ടയം നാലാം സ്ഥാനത്ത് നില്‍ക്കുന്നത്.
കണ്ണൂരിന്റെ സി. രങ്കിതയും കൊല്ലത്തിന്റെ എസ്. നിഖിലും മീറ്റിലെ വേഗതയേറിയ താരങ്ങളായി. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കൊല്ലത്തിന്റെ എസ്. ലിഖിന്‍ 10.83 സെക്കന്റില്‍ പറന്നെത്തിയാണ് വേഗതയേറിയ താരമായിമാറിയത്. ഇതേ വിഭാഗം പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കണ്ണൂരിന്റെ സി. രങ്കിത 12.27 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഫാസ്റ്റസ്റ്റായായി മാറിയത്. കോട്ടയത്തിന്റെ മഞ്ജു. കെ വെള്ളിയും പാലക്കാടിന്റെ രംഗ കെ. വെങ്കലവും കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തിന്റെ ജെറിസ് ജോസ് വെള്ളിയും ആലപ്പുഴയുടെ ആര്. റോബിന് വെങ്കലവും നേടി.
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ മലപ്പുറത്തിന്റെ കെ.പി. അശ്വിനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കഴിഞ്ഞ സ്കൂള്‍ മീറ്റിലെ ജേതാവ് ആലപ്പുഴയുടെ എ.പി. ഷില്‍ബിയും അണ്ടര്‍ 16 വിഭാഗത്തില്‍ മലപ്പുറത്തിന്റെ അമീര്‍ സുഹൈലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്റെ ജിസ്ന മാത്യുവും അണ്ടര്‍ 14 വിഭാഗത്തില്‍ ഇടുക്കിയുടെ ഗൗരവ് കുമാര്‍ സിംഗും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്റെ അപര്‍ണ റോയും സ്വര്‍ണ്ണം കരസ്ഥമാക്കി.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോംഗ്ജമ്പിലും ട്രിപ്പിള്‍ജമ്പിലും സ്വര്‍ണ്ണം നേടി കണ്ണൂരിന്റെ ആതിര സുരേന്ദ്രന് ഡബിള്‍ തികച്ചു. ലോംഗ്ജമ്പില്‍ 5.59 മീറ്റര്‍ ചാടിയും ട്രിപ്പിള്‍ജമ്പില്‍ 12.05 മീറ്റര്‍ ചാടിയുമാണ് സ്വര്‍ണ്ണം നേടിയത്. അണ്ടര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സുവര്‍ണ്ണ താരം പാലക്കാടിന്റെ പി.യു. ചിത്രക്ക് എതിരാളികളില്ല. രണ്ട് മിനിറ്റ് 12.21 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ചിത്ര സ്വര്‍ണ്ണം നേടിയത്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ നിലവിലെ സ്വര്‍ണമെഡല്‍ ജേതാവ് പാലക്കാടിന്റെ എം.ഡി. താരയെ അട്ടിമറിച്ച് പാലക്കാടിന്റെ തന്നെ പി.ഡി. വിബിത സ്വര്‍ണ്ണം കരസ്ഥമാക്കി. വിബിത 17.58 സെക്കന്റില്‍ ഓടിയെത്തിയപ്പോള്‍ 18.17 സെക്കന്റിലാണ് താരക്ക് ഓടിയെത്താനായത്. 2012ല്‍ താര സ്ഥാപിച്ച 17.53 സെക്കന്റാണ് ഈ ഇനത്തിലെ റെക്കോഡ് പ്രകടനം. ഓടുന്നതിനിടെ സഹതാരത്തിന്റെ ചവിട്ടേറ്റ് സ്പൈക്ക് തെറിച്ചെങ്കിലും അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഏഷ്യന്‍ സ്കൂള്‍ മീറ്റിന്റെ സുവര്‍ണ താരം പി.മുഹമ്മദ് അഫ്സല് 1.57.28 സെക്കന്റിലെത്തി സ്വര്‍ണം നേടി. കോഴിക്കോടിന്റെ പി.കെ. മുഹമ്മദ് റാഷിദിനാണ് വെള്ളി.
രണ്ടാം ദിവസമായ ഇന്നലെ അഞ്ച് പുതിയ റെക്കോര്‍ഡുകളാണ് പിറന്നത്. ഇതോടെ രണ്ട് ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മീറ്റില്‍ 13 പുതിയ റെക്കോര്‍ഡുകള്‍ പിറവികൊണ്ടു. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കോഴിക്കോട് ഉഷ സ്കൂളിന്റെ ജെസ്സി ജോസഫ്, ഹൈജമ്പില്‍ കോട്ടയത്തിന്റെ ലിബിയ ഷാജി, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 1000 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ അജിത് പി., അണ്ടര്‍ 18 1500 മീറ്ററില്‍ സ്കൂള്‍ മീറ്റിലെ ഹീറോ തിരുവനന്തപുരത്തിന്റെ ട്വിങ്കിള്‍ ടോമി, അണ്ടര്‍ 20 ഡിസ്കസ് ത്രോയില്‍ കോഴിക്കോടിന്റെ രാഹുല്‍ രതീഷ് എന്നിവരാണ് ഇന്നലെ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വന്തം പേരിലുള്ള റെക്കോര്‍ഡാണ് ജെസ്സി ജോസഫ് തിരുത്തിക്കുറിച്ചത്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 2 മിനിറ്റ് 11.5 സെക്കന്റിന്റെ റെക്കോര്‍ഡാണ് 2 മിനിറ്റ് 10.75 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ജെസ്സി തിരുത്തിയത്. ഹൈജമ്പില്‍ 1.69 മീറ്റര്‍ ഉയരം ചാടിയാണ് കോട്ടയത്തിന്റെ ലിബിയ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2008-ല്‍ കണ്ണൂരിന്റെ സ്റ്റെന്‍സി മൈക്കല്‍ സ്ഥാപിച്ച 1.62 മീറ്ററിന്റെ റെക്കോര്‍ഡാണ് ലിബിയക്ക് മുന്നില്‍ പഴങ്കഥയായത്. വെള്ളി നേടിയ എറണാകുളത്തിന്റെ അശ്വതി ഷാജനും (1.63 മീറ്റര്‍ മീറ്റ് റെക്കോഡ് മറികടക്കുന്ന പ്രകടനം നടത്തി. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 1000 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ പി. അജിത്ത് 2 മിനിറ്റ് 36.87 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.
വയനാടിന്റെ വിബിന്റെ പേരിലുള്ള 2 മിനിറ്റ് 39.97 സെക്കന്റിന്റെ റെക്കോര്‍ഡാണ് അജിത്ത് സ്വന്തം പേരിലേക്ക് മാറ്റിയത്. വെള്ളിനേടിയ എറണാകുളത്തിന്റെ സ്റ്റെജിന് സ്റ്റീഫനും നിലവിലെ റെക്കോര്‍ഡ് മറികടന്നു. 1996-ല്‍ ഇടുക്കിയുടെ ബിനോയ് തോമസിന്റെ (നാല് മിനിറ്റ് 4.5 സെക്കന്റ്) പേരിലുള്ള റെക്കോര്‍ഡാണ് അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ തിരുവനന്തപുരത്തിന്റെ ടിങ്ക്വിള്‍ ടോമി തിരുത്തിയത്. മൂന്ന് മിനിറ്റ് 59.1 സെക്കന്റാണ് ട്വിങ്കിള്‍ ടോമിയുടെ സമയം. വെള്ളിനേടിയ പാലക്കാടിന്റെ ജെ. സതീഷും നിലവിലെ റെക്കോര്‍ഡ് മറികടന്നു. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയില്‍ തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡാണ് (48.36 മീ.) കോഴിക്കോടിന്റെ രാഹുല്‍ രവീന്ദ്രന് തിരുത്തിയത്. 49.15 മീറ്ററാണ് പുതിയ ദൂരം. മീറ്റിന്റെ ആദ്യ ദിനം ഷോട്ട്പുട്ടിലും രാഹുല്‍ സ്വര്‍ണം നേടിയിരുന്നു.
മീറ്റ് ഇന്ന് സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കൊച്ചി മേയര്‍ ടോമി ചമ്മണി മുഖ്യാതിഥിയായിരിക്കും.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: