ഷിമോഗ: വെസ്റ്റിന്‍ഡീസ് എ ടീമിനെതിരായ രണ്ടാം ചതുര്‍ദ്ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരം സമനിലയില്‍ കലാശിച്ചു. അവസാന ദിവസമായ ഇന്നലെ വെസ്റ്റിന്‍ഡീസ് എ ടീം രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തുനില്‍ക്കേയാണ് ഇരു ക്യാപ്റ്റന്മാരും സമനിലക്ക് സമ്മതിച്ചത്. വെസ്റ്റിന്‍ഡീസ് എ ടീമിന് വേണ്ടി ബ്രാത്ത്വെയ്റ്റ് പുറത്താകാതെ 104 റണ്‍സും ഡിയോനരേയ്ന്‍ 93 റണ്‍സും നേടി. വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്സില്‍ 406 റണ്‍സ് നേടിയിരുന്നു.
ബ്രാത്ത്വെയ്റ്റ് (82), ജോണ്സണ് (91), മില്ലര്‍ (64 നോട്ടൗട്ട്) എന്നിവര്‍ ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസിന് വേണ്ടി മികച്ച പ്രകടനം നടത്തി. ഇന്ത്യ എ ആദ്യ ഇന്നിംഗ്സില്‍ 359 റണ്‍സാണ് നേടിയത്. മലയാളി താരം ജഗദീഷ് (86), അഭിഷേക് നായര്‍ (89), കൗള്‍ (64 നോട്ടൗട്ട്) എന്നിവരാണ് ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ നിരയില്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചത്. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് എ വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റ് 9ന് ഹുബ്ലിയില്‍ ആരംഭിക്കും.
വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസമായ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിന് സ്കോര്‍ 34 എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത കീറണ്‍ പവലിനെ സഹീര്ഖാന് വിക്കറ്റ് കീപ്പര്‍ ഉദയ് കൗളിന്റെ കൈകളിലെത്തിച്ചു. പിന്നീട് 9 റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ടാം വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. രണ്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ കിര്‍ക് എഡ്വേര്‍ഡ്സിനെ ഭാര്‍ഗവ് ഭട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. മൂന്നാം വിക്കറ്റില്‍ ബ്രാത്ത്വെയ്റ്റിനൊപ്പം ഡിയോനരേയ്ന്‍ ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ ബൗളര്‍മാരുടെ പിടി അയഞ്ഞു. സ്കോര്‍ 187-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. 93 റണ്‍സെടുത്ത ഡിയോനരേയ്നെ ഭാര്‍ഗവ് ഭട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: