“ദശകൂപ സമാവാപി
ദശവാപീ സമോ ഹ്രദഃ
ദശഹ്രദ സമപുത്രേ
ദശപുത്ര സമോ ദ്രുമ: ”
ശാര്‍ങ്ങ്ധരന്റെ വൃക്ഷായുര്‍വേദത്തിലെ തരുമഹിമയിലെ വരികളാണിവ. പത്ത് കിണറുകള്‍ക്ക് തുല്യമാണ് ഒരു കുളം. പത്ത് കുളങ്ങള്‍ക്ക് തുല്യമാണ് ഒരു തടാകം. പത്ത് തടാകങ്ങള്‍ക്ക് തുല്യമാണ് ഒരു പുത്രന്. പത്ത് പുത്രന്മാര്ക്ക് തുല്യമാണ് ഒരു മരം. ഒരു വൃക്ഷത്തെ പത്ത് പുത്രന്മാര്ക്ക് തുല്യമായി കണ്ട് ആരാധിച്ച പൂര്‍വികര്‍ പരിസ്ഥിതിയെ എന്നും മാനിച്ച് സംരക്ഷിച്ചുപോന്നിരുന്നു. എന്നാല്‍ പുത്തന്‍ പരിഷ്കാരങ്ങളുടെ കുത്തൊഴുക്കില്‍ നാടിന്റെ നന്മയും പച്ചപ്പും മാഞ്ഞുപോവുകയാണ്. കാലത്തിന്റെ നിയോഗം ഏറ്റുവാങ്ങി നാടുനീങ്ങുന്ന നാട്ടുകാവുകള്‍ പറയുന്ന കഥ നാട്ടുനന്മകളുടെ പടിയിറക്കങ്ങളെക്കുറിച്ചാണ്.
കഥകളിലും നാട്ടുചരിത്രങ്ങളിലും നിറഞ്ഞുനിന്നിരുന്ന നാട്ടുകാവുകളും നാടുനീങ്ങുന്നു. നാടിന്റെ പച്ചപ്പും തലയെടുപ്പും തകര്‍ന്ന് മനുഷ്യന്റെ ദുര വളര്‍ന്നപ്പോള്‍ നാടിനെ നട്ടുനനച്ച പഴയ നാട്ടുകാവുകള്‍ തടികളും ഫര്‍ണിച്ചറുകളുമായി പുഴ കടന്നു. ഹരിതസമൃദ്ധികൊണ്ട് അനുഗ്രഹീതമാണ് കാവുകള്‍.
ജൈവവൈവിധ്യത്തിന്റെ നിറവായി ഉച്ചവെയിലില്പ്പോലും തണുപ്പ് പകരുന്ന ചോല വൃക്ഷങ്ങളും ഔഷധവൃക്ഷങ്ങളും നിറഞ്ഞ കാവുകളില്‍ ഇന്ന് കരിന്തിരി കത്തുകയാണ്. ജന്മാന്തരങ്ങളുടെ സുകൃതം പേറുന്ന വള്ളുവനാട്-മലബാര്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാവുകള്‍ കണ്ടുവരുന്നത്. കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ, കൊല്ലം ജില്ലകളിലും വലിയ കാവുകള്‍ കാണാനാവും. വിശ്വാസവള്ളിയില്‍ കെട്ടി പഴയ കാരണവന്മാര് ഇത്തരം കാവുകളെ സംരക്ഷിക്കുകയും ചെയ്തിരുന്നു. സന്ധ്യക്കൊരു തിരിവെച്ച് വൃക്ഷരാജനെയും നാഗദൈവങ്ങളെയും അവര്‍ നമിച്ചു. എന്നാല്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടിയതോടെ പഴയകാവുകളിലധികവും നശിച്ചുപോയിട്ടുണ്ട്. കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന കാവുകളില്‍ 720 തരം സസ്യങ്ങളുണ്ടെന്ന് എന്‍.സി.ഇന്ദുചൂഢന് നടത്തിയ പഠനങ്ങളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളത്തിലെ 700 ഓളം കാവുകള്‍ സര്‍വെ ചെയ്തതില്‍ 361 കാവുകള്‍ സസ്യസമ്പത്തിന്റെ വലിയ കലവറകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലത്തെ കര്‍മംകൊണ്ട് ജയിച്ച മഹാരഥന്മാരുടെ ജീവചരിത്രങ്ങളിലും മലയാള സാഹിത്യ ഭൂപടത്തിലും എന്നും നാട്ടുകാവുകള്‍ തലയുയര്‍ത്തി നിന്നു.
ഓരോ കാവിനും സ്വന്തമായി ഒരു ജൈവവ്യവസ്ഥയുണ്ട്. സസ്യജന്തുക്കളുടെ ഒരാവാസവ്യവസ്ഥ കൂടിയാണ് കാവുകള്‍. മഴവെള്ളത്തെ തടഞ്ഞുനിര്‍ത്തി ഭൂമിയെ ഊര്വരമാക്കിയിരുന്നത് കാവുകളായിരുന്നു. മഴവെള്ളം സംഭരിക്കുന്ന കുളങ്ങളും നീര്‍ത്തടങ്ങളും കാവുകള്‍ക്ക് സമീപം കാണാറുണ്ട്. കാവ് നശിച്ചാല്‍ കുളം വറ്റുമെന്ന മുത്തശ്ശിമാരുടെ പഴമൊഴിയില്‍ പതിരില്ലായിരുന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന പച്ചമരുന്നുകളുടെ കലവറയാണ് കാവുകള്‍. വീട്ടിലാര്‍ക്കെങ്കിലും അസുഖം വന്നാല്‍ കാവിന്റെ ഹരിത സമൃദ്ധിയിലേക്ക് പച്ചമരുന്നുകള്‍ തേടിയിറങ്ങുന്ന മുത്തശ്ശിമാരും നമുക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പഴയസ്മൃതികളുടെ മടിശ്ശീലയഴിച്ച് മുത്തശ്ശിമാര്‍ ഇന്നും ആ കാവുകളെ നമിക്കുന്നു. കരിനൊച്ചി, കുറുന്തോട്ടി, ആടലോടകം, തഴുതാമ, ഉമ്മത്ത്, എരുക്ക്, കാട്ടുതെച്ചി, ആര്യവേപ്പ് തുടങ്ങി ധാരാളം പച്ചമരുന്നുകള്‍ കാവുകളില്‍ ലഭിക്കുമായിരുന്നു.
കാവുകള്ക്കിപ്പോള് കഷ്ടകാലമാണ്. ചിവീടുകളുടെയും കിളികളുടെയും നിലയ്ക്കാത്ത കൊഞ്ചലുകള്‍ കേട്ട് പച്ച പുതച്ചുറങ്ങുകയായിരുന്ന പച്ചത്തുരുത്തുകളെല്ലാം ഇന്ന് വെട്ടിത്തെളിച്ചിരിക്കുന്നു. മരവും ഫര്‍ണിച്ചറുകളുമായി പലകാവുകളും പുതിയ മണിമാളികകളിലൊതുങ്ങി. കേരളത്തിലാകെ രണ്ട് ലക്ഷത്തോളം കൊച്ചുകാവുകളുണ്ടായിരുന്നതായി ഡോ.മാധവന്‍കുട്ടിയുടെ പഠനത്തില്‍ പറയുന്നു. സര്‍പ്പകാവുകളും ഭഗവതിക്കാവുകളുമായിരുന്നു കൂടുതല്‍. പഴയ തറവാടുകളെ കേന്ദ്രീകരിച്ചാണ് ഭൂരിപക്ഷം കാവുകളും നിലനിന്നിരുന്നത്. എന്നാല്‍ ജീവിതായോധനത്തിന്റെ വഴികള്‍ തേടി ദൂരദേശങ്ങളിലേയ്ക്കും പട്ടണങ്ങളിലേക്കും കുടിയേറിയ പിന്മുറക്കാര് പഴയതറവാടും കാവുകളും വിറ്റു തുലച്ചു. വിശ്വാസത്തിന്റെയും ആരാധനയുടെയും കേന്ദ്രങ്ങളായി പൂര്‍വികര്‍ കാവുകള്‍ സംരക്ഷിച്ചുപോന്നപ്പോള്‍ ഒരു ഭൂപ്രദേശത്തിന്റെ മുഴുവന്‍ സന്തുലനത്തിന് കാവുകള്‍ കാരണമായി. വിവിധയിനം പക്ഷികള്‍, മറ്റ് കാട്ടുജീവികള്‍, കാട്ടുവള്ളികള്‍ പടര്‍ന്ന് പന്തലിച്ച നിരവധി അപൂര്‍വ വൃക്ഷങ്ങളും കാവുകളുടെ പുണ്യമാണ്.
കേരളീയരുടെ ഭക്തി വിശ്വാസങ്ങളുടെ മയില്പ്പീലിക്കണ്ണില് കാവുകളുടെ ഉല്‍പ്പത്തിയെക്കുറിച്ച് ചില കഥകളുണ്ട്. പരശുരാമന് തപ:ശക്തിയാല്‍ കേരളഭൂമി സൃഷ്ടിക്കുകയും തമിഴ് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ സര്പ്പോപദ്രവം കാരണം അവര്‍ക്കിവിടെ വസിക്കാനായില്ല. ബ്രാഹ്മണരുടെ പരാതികേട്ട പരശുരാമന് പരമശിവന്റെ ഉപദേശം തേടി നാഗരാജാവായ വാസുകിയെ പ്രീതിപ്പെടുത്തി വാസസ്ഥലത്തിനോടടുത്ത് കുടിയിരുത്താന്‍ പരമശിവന് ഉപദേശിച്ചത്രേ! അന്നുമുതലാണ് തങ്ങളുടെ ഭവനങ്ങളോടടുത്ത് നാഗദൈവങ്ങള്‍ക്കും കുലദൈവങ്ങള്‍ക്കും കാവ് നിര്‍മിക്കാന്‍ തുടങ്ങിയത്. അതാണ് ഇന്ന് കാണുന്ന നാട്ടുകാവുകളും സര്‍പ്പക്കാവുകളും. കേരളത്തില്‍ പണ്ട് നിലനിന്നിരുന്ന നിത്യഹരിതവനങ്ങളുടെ തിരുശേഷിപ്പുകളാണ് ഇന്ന് കാണുന്ന നാട്ടുകാവുകള്‍ എന്നും പറയപ്പെടുന്നു.
നാട്ടുകാവുകള്‍ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് വനംവകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി ഫലവത്തായില്ല. കാവുകളെ സംബന്ധിച്ച പഠനങ്ങളും കേരളത്തില്‍ അധികമൊന്നും നടന്നിട്ടുമില്ല. സര്‍ക്കാരിന്റെയോ മറ്റു പരിസ്ഥിതി സംഘടനകളുടെയോ സഹായമുണ്ടെങ്കില്‍ നാട്ടിലെ ശേഷിക്കുന്ന കാവുകളെയെങ്കിലും സംരക്ഷിക്കാനാവും. ഇത്തരം കാവുകള്‍ ഏറ്റെടുക്കുകയും ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ച് ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണെങ്കില്‍ നാളേയ്ക്ക് അതൊരു മുതല്‍ക്കൂട്ടാവും, വരുംതലമുറയ്ക്ക് അതൊരനുഗ്രഹവുമാവും. ഇന്ന് നഷ്ടപ്പെടുന്ന പലതും തിരിച്ചുതരാന്‍ കാവുകള്ക്കാവും. ഒരു കാവ് പുറത്തുവിടുന്ന ഓക്സിജന്റെ വില നമുക്ക് ഏത് കറന്‍സിയിലാണ് നിശ്ചയിക്കാനാവുക…..? മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ പിന്താങ്ങുന്നതിലൂടെ പരിസ്ഥിതി സന്തുലനാവസ്ഥയെ സംരക്ഷിക്കുന്ന കാവിന്റെ മഹത്വത്തെ ആര്‍ക്കാണ് നിഷേധിക്കാനാവുക….?
കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ കേരളത്തിലെ ആയിരക്കണക്കിന് നാട്ടുകാവുകളാണ് നാമാവശേഷമായത്. കെട്ടകാലത്തിന്റെ സങ്കടങ്ങളെ ഏറ്റുവാങ്ങി ജൈവവൈവിദ്ധ്യത്തിന്റെ ഈ ചെറുവനങ്ങള്‍ അന്യമാവുമ്പോള്‍ ബാക്കിയാവുന്നത് വറ്റുന്ന കിണറുകളും കുളങ്ങളും വരള്‍ച്ചയുമാണ്, ഒപ്പം മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ സംസ്കാരവും. ശേഷിക്കുന്ന ജൈവവൈവിധ്യത്തിന്റെ തുരുത്തുകളെങ്കിലും സംരക്ഷിച്ചേ പറ്റൂ. ഇനി നമുക്ക് കാക്കാന്‍ (നമ്മളെ കാക്കാന്‍)ഇങ്ങനെ ചിലത് മാത്രമേയുള്ളൂ. പ്രകൃതി സ്നേഹം മനുഷ്യസ്നേഹം കൂടിയാണ്.
മണികണ്ഠന് പനങ്കാവില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: