അമൃതയും പ്രസാദും ഇന്നു വന്നപാടെ എന്നോട് ചോദിച്ചു: “അമ്മാവന് ചങ്ങമ്പുഴയെ കണ്ടിട്ടുണ്ടോ?”
കണ്ടിട്ടുണ്ട്; കവിതകളിലും ചിത്രങ്ങളിലും മാത്രമാണെന്നേയുള്ളൂ. എന്നാല്‍ ചങ്ങമ്പുഴയുടെ മകന് ശ്രീകുമാറിനെ കണ്ടിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ നാലുവയസ്സിന്റെ വ്യത്യാസമേയുള്ളൂ. അദ്ദേഹവും മരിച്ചുപോയി. ചങ്ങമ്പുഴയുടെ കാലത്തു ജീവിക്കുകയും മികച്ച കവികളായി അറിയപ്പെടുകയും ചെയ്തവരെ പരിചയപ്പെടാന്‍ കഴിഞ്ഞു എന്നതുവലിയ കാര്യമാണ്. മഹാകവികളായ ജി.ശങ്കരക്കുറുപ്പ്, പി.കുഞ്ഞിരാമന് നായര്‍, വൈലോപ്പിള്ളി, അക്കിത്തം……. വിവിധ മേഖലകളില്‍ അപൂര്‍വമായി ഇപ്പൊഴും ചിലരെ കാണാറുണ്ട്.
അതില്‍ കുഞ്ഞിരാമന് നായരെപ്പറ്റി ഈയിടെ ഒരു സിനിമ വന്നിരുന്നു. ‘ഇവന് മേഘരൂപന്‍’ എന്ന പേരില്‍. ചങ്ങമ്പുഴയെപ്പറ്റിയും ഒരു സിനിമ നിര്‍മിക്കാന്‍ പോകുന്നതായി വാര്‍ത്തയുണ്ട്.
“ഹായ്! നമുക്ക് കാണാമല്ലോ, ചങ്ങമ്പുഴയുടെ ജീവിതം” പ്രസാദ് പറഞ്ഞു.
പക്ഷെ, സിനിമയ്ക്ക് സിനിമയുടേതായ ഒരു രീതിയുണ്ട്. അത് ജനപ്രീതിക്കും ലാഭമുണ്ടാക്കുന്നതിനും വേണ്ടിയാവും നിര്‍മിക്കുന്നത്. അപ്പോള്‍ സത്യസന്ധത പുലര്‍ത്താനാവില്ല. മാത്രമല്ല വളരെയേറെ പ്രത്യേകതകളും വൈരുദ്ധ്യങ്ങളും നിറഞ്ഞതായിരുന്നില്ലേ ചങ്ങമ്പുഴയുടെ ജീവിതം?
“എന്താണമ്മാവാ, വൈരുദ്ധ്യങ്ങള്‍ എന്നുപറഞ്ഞത്?” അമൃത ചോദിച്ചു.
വായനയുടേയും ചിന്തയുടേയും ഭാവനയുടേയും ലോകത്തിലായിരുന്നു ചങ്ങമ്പുഴയുടെ വിഹാരം. ചുറ്റിലും അദ്ദേഹത്തിന് നേരിടേണ്ടിവന്നതോ, പലതരം വികാരങ്ങളാല്‍ സംഘര്‍ഷഭരിതമായ ലോകത്തെയും. വേദന, അപമാനം, ദാരിദ്ര്യം, പരിഹാസം, പ്രേമം, വിരഹം എന്നിങ്ങനെ പലതുമുണ്ട്. ഒന്നില്‍നിന്ന് മറ്റൊന്നിലേയ്ക്ക് അദ്ദേഹം മാറിക്കൊണ്ടിരുന്നു. ചിലപ്പോള്‍ എല്ലാറ്റിന്റേയും നടുവില്‍ വീര്‍പ്പുമുട്ടിക്കൊണ്ടിരുന്നു.
ഹൈസ്കൂള്‍ പഠനത്തിന് ആലുവയിലേക്ക് പോയപ്പോഴാണ് തുടക്കം. പഠിത്തം പൂര്‍ത്തിയാക്കാനാകാതെ ഇടപ്പള്ളിക്ക് മടങ്ങേണ്ടി വന്നില്ലേ? പിന്നെ ആലപ്പുഴയിലെ കയര്‍ ഫാക്ടറിയില്‍ ജോലിക്കു പോയി. അവിടെനിന്നും വസൂരി പിടിപെട്ടാണ് ഇടപ്പള്ളിയിലേക്ക് മടങ്ങിയത്.
എറണാകുളത്ത് പഠിത്തം പുനരാരംഭിച്ചു. ഉപരിപഠനത്തിനു തിരുവനന്തപുരത്തുപോയി. അതിനിടയില്‍ വിവാഹിതനും അച്ഛനുമായി. നേടിയ ബിരുദം അത്ര മികച്ചതായില്ല. കായംകുളത്ത് അദ്ധ്യാപകനായിരിക്കെ പ്രതീക്ഷകളോടെ പൂനയില്‍ എത്തി. മിലിട്ടറി സിവില്‍ സര്‍വീസില്‍ ജോലിയും കിട്ടി. പക്ഷെ മനസ്സ് കേരളത്തിലായി. ഭാഗ്യവശാല്‍ കൊച്ചിയിലേക്ക് മാറ്റം കിട്ടി. മാന്യമായ ജോലി തുടരാന്‍ പറ്റിയ ആ അവസരവും കളഞ്ഞുകുളിച്ചു, മദിരാശിയില്‍ നിയമം പഠിക്കാന്‍ പോവുകയാണ് ചങ്ങമ്പുഴ ചെയ്തത്. അതിനായി കുടുംബത്തെപ്പോലും പിണക്കി അയക്കുവാന്‍ മടിച്ചതുമില്ല!
അധികം വൈകാതെ നിയമപഠനം വലിച്ചെറിഞ്ഞു ചങ്ങമ്പുഴ വീണ്ടും ഇടപ്പള്ളിയില്‍ വരുന്നു. സുഹൃത്തുക്കളുടെ ശ്രമഫലമായി മംഗളോദയത്തില്‍ ജോലി ലഭിക്കുകയും ചെയ്യുന്നു. സുഖകരമായ കുടുംബജീവിതവും കാവ്യജീവിതവും തുടരാന്‍ പറ്റിയ സുവര്‍ണാവസരം. മദ്യപാനത്താല്‍ അതും വലിച്ചെറിഞ്ഞു, രോഗബാധിതനായി ഇടപ്പള്ളിയില്‍ തിരിച്ചെത്തുകയാണ് ചങ്ങമ്പുഴ. ഇനി എങ്ങോട്ടും പോകാന്‍ വയ്യാത്ത അവസ്ഥയായി. അക്കാലത്ത് ചങ്ങമ്പുഴ എഴുതിയ “പാടുന്ന പിശാച്” എന്ന ഖണ്ഡകാവ്യത്തിലെ ഈ വരികള്‍ നോക്കൂ.
“കിന്നരനായിപ്പിറന്നവനാണ് ഞാന്‍,
എന്നെപ്പിശാചാക്കി മാറ്റി ലോകം”
ആത്മകഥാംശം ചേര്‍ന്നതാണ് ഈ കാവ്യമെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കിന്നരനായി ജീവിക്കാന്‍ ഒന്നിലധികം തവണ ചങ്ങമ്പുഴയ്ക്ക് അവസരം ലഭിച്ചതായിരുന്നല്ലോ. അത് നഷ്ടപ്പെടുത്തി സ്വയം പിശാചിന്റെ പിടിയിലമര്‍ന്നിട്ട്, ഇങ്ങനെ വിലപിക്കുന്നതിലും മറ്റും കാര്യമുണ്ടോ? പ്രതിഭാശാലിയായ ഒരു കവിയെ ചെറുപ്രായത്തില്‍ മലയാളഭാഷയ്ക്ക് നഷ്ടപ്പെടാന്‍ അത് ഇടയാക്കി. നിങ്ങളൊന്നും പിശാചിന്റെ വഴിക്ക് പോകരുത് കേട്ടോ. നമ്മുടെ ജീവിതത്തിന് നാം തന്നെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
“പാടില്ല പാടില്ല നമ്മെ നമ്മള്
പാടേ മറന്നൊന്നും ചെയ്തുകൂടാ!”
എന്നു ചങ്ങമ്പുഴ രമണനിലൂടെ പറയുന്നുണ്ട്. പക്ഷേ, സ്വന്തം ജീവിതത്തില്‍ അദ്ദേഹം അങ്ങനെ ആയില്ല എന്നതാണ് സങ്കടകരം.
ജീവിതത്തില്‍ പല അപമാനങ്ങളും സഹിക്കേണ്ടിവന്ന ആളായിരുന്നു ചങ്ങമ്പുഴ. കവിതയെഴുത്തിലും ഏറെ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നു; കടുത്ത വിമര്‍ശനങ്ങളും. സഞ്ജയന് എന്ന പേരില്‍ പ്രസിദ്ധനായ എം.ആര്.നായരാണ് ഹാസ്യരചനകളിലൂടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയത്. ‘ഉരുളയ്ക്കുപ്പേരി’ എന്ന മട്ടില്‍ ചങ്ങമ്പുഴ അവയ്ക്കെല്ലാം മറുപടി കൊടുത്തിട്ടുമുണ്ട്. എന്നാല്‍ വിദ്വേഷം പുലര്‍ത്തിയിരുന്നില്ല. സഞ്ജയന്റെ മരണത്തില്‍ ആത്മാര്‍ത്ഥമായ ഖേദത്തോടെ ഒരു അനുശോചന കവിത എഴുതുകയും ചെയ്തു.
തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിക്കുമ്പോള്‍, ചങ്ങമ്പുഴയെ ചൊടിപ്പിച്ച ഒരു സംഭവം ഉണ്ടായി. തൃപ്പൂണിത്തുറയിലെ മഹാത്മാ വായനശാലക്കാര് ഒരു പ്രമേയം പാസാക്കി-ചങ്ങമ്പുഴയുടെ കവിതാരീതി സമൂഹത്തെ നശിപ്പിക്കുന്നതാണ്. അതിനാല്‍ അദ്ദേഹം കവിതയെഴുത്തു നിര്‍ത്തണം എന്നായിരുന്നു പ്രമേയത്തിന്റെ സാരം. പത്രങ്ങളില്‍ വാര്‍ത്തയായും വന്നു. ഇതുപറയാന്‍ ഇവരാര്? തന്റെ കവിതയുടെ മികവില്‍ അഭിമാനിച്ചിരുന്ന ചങ്ങമ്പുഴ പ്രമേയത്തിനെ കളിയാക്കിക്കൊണ്ട് 1941 ല്‍ കവിതയിലൂടെ തന്നെ പ്രതികരിച്ചു. “എന്റെ കവിത” എന്ന് അതിന് പേരും ഇട്ടു.
അസൂയ മൂത്തവരും കഴിവുകെട്ടവരുമാണ് എന്റെ കവിതയെ ആക്ഷേപിക്കുന്നത്. കുറുക്കന്മാര് ഓളിയിട്ടാലും മൂങ്ങകള്‍ മൂളിയാലും രാപ്പാടികള്‍ ഉയര്ന്നുപാടുക തന്നെ ചെയ്യും. പട്ടികള്‍ കുരച്ചാലും ആകാശത്തില്‍ ചന്ദ്രന് തിളങ്ങും. തന്റെ കവിത വിശ്വമോഹിനിയായി നൃത്തം ചെയ്യാന്‍ സ്വര്‍ഗത്തില്‍ നിന്നുവന്നതാണ്. നാളെ ആളുകള്‍ വാഴ്ത്തും: ജയക്കൊടി പാറിക്കുകയും ചെയ്യും.
“ഇടറായ്കിടറായ്കെന്‍ കവിതേ, സവിലാസ-
നടനം തുടരൂ നീ വിശ്വമോഹിനിയായി.”
എന്നുപറഞ്ഞാണ് ചങ്ങമ്പുഴ അവസാനിപ്പിക്കുന്നത്. കവിത അങ്ങനെ ഇടറാതെ മുന്നോട്ടുപോയി. പക്ഷെ, ചങ്ങമ്പുഴയുടെ കാലുകള്‍ ഇടറിപ്പോയി! അദ്ദേഹം വേഗത്തില്‍ വീണുപോയി. എന്തു ചെയ്യാം!
കവിതയിലൂടെയുള്ള കരച്ചിലും വിഷാദാത്മാകത്വവും നിരീക്ഷിച്ച ചിലര്‍ ചങ്ങമ്പുഴയെ പരിഹസിക്കുകയുണ്ടായി. അപ്പോള്‍ ‘തര്‍ക്കുത്തരം’ പറയുന്നപോലെ അദ്ദേഹം ഇങ്ങനെ കുറിച്ചു:
“കരയും ഞാന്‍ കരയും ഞാന്‍
കരയും കവികളെ
കഴുവില്‍ കയറ്റുമോ ലോകമേ നീ?
കരയുന്നതൊക്കെയും
ഭീരുത്വമാണെങ്കില്‍
അലറുന്നതൊക്കെയും ധൈര്യമാണോ?”
ചങ്ങമ്പുഴ കരയുക മാത്രമല്ല, അലറുകയും ചെയ്തിട്ടുണ്ട്. ഈശ്വരനെ ചവിട്ടാന്‍ പറഞ്ഞില്ലേ? പഴയ ഗ്രന്ഥക്കെട്ടുകള്‍ ചുട്ടെരിക്കാനും പറഞ്ഞില്ലേ? എന്നാല്‍ ആ ഗ്രന്ഥങ്ങള്‍ നല്കിയ സാംസ്കാരിക മഹിമയെ സ്മരിക്കുന്നുമുണ്ട്. അതുപോലെ സ്ത്രീകളെ വാഴ്ത്തിപ്പാടിയ ചങ്ങമ്പുഴ, ഇങ്ങനെ മോശമാക്കിയും പറഞ്ഞിട്ടുണ്ട്:
“നാരികള്‍ നാരികള്‍! വിശ്വവിപത്തിന്റെ
നാരായ വേരുകള്‍, നാരകീയാഗ്നികള്‍!”
ഇതാണ് ചങ്ങമ്പുഴക്കവിതയുടെ വൈരുദ്ധ്യം കലര്‍ന്ന വീക്ഷണങ്ങള്‍. മനുഷ്യരെ ഒരിടത്ത് മൃഗങ്ങളെക്കാള്‍ അധഃപതിച്ചവരായും ക്രൂരരായും അദ്ദേഹം പറയുന്നുണ്ടാകും. മറ്റൊരിടത്തു മനുഷ്യമഹത്വത്തെയും മനുഷ്യരിലുളള വിശ്വാസത്തെയും വാഴ്ത്തിപ്പാടുകയും ചെയ്യും.
അക്കൂട്ടത്തില്‍ നാം ശ്രദ്ധിക്കേണ്ടുന്നത് മദ്യത്തിനെപ്പറ്റിയുള്ള ചങ്ങമ്പുഴയുടെ പ്രശംസാവരികളാണ്. “അരികില്‍ വരികയേ ഹൃദ്യമേ, മദ്യമേ, നീ” എന്നു പറഞ്ഞ ചങ്ങമ്പുഴ ഒടുവില്‍ “മദ്യമാരണ രക്ത രക്ഷസ്സേ മാറിപ്പോ നീ ” എന്ന് ശപിച്ചു പറയുകയും ഉണ്ടായി. തന്റെ ജീവിതം നശിപ്പിച്ചത് മദ്യമാണ് എന്നെ തിരിച്ചറിയലിന്റെ സ്വരം അതില്‍ കേള്‍ക്കാന്‍ കഴിയും. ‘പിശാചിന്റെ ഭക്തന്’ എന്ന ആ കവിതയിലെ കുറേ വരികളെങ്കിലും നിങ്ങള്‍ പഠിച്ചു പ്രചരിപ്പിച്ചാല്‍ നന്നായിരിക്കും. മദ്യവിപത്തില്‍ മുങ്ങുകയല്ലേ കേരളം?
“എത്ര വരികളുണ്ടമ്മാവാ, കവിതയില്‍?” അമൃത ചോദിച്ചു.
44 വരികളേയുള്ളൂ. മുപ്പതുവരിയെങ്കിലും പഠിച്ചാല്‍ മതി. ഇതാ എന്റെ കൈയിലുണ്ട് ചൊല്ലിത്തരാം. കേട്ടോളൂ.
പിശാചിന്റെ ഭക്തന്
ആരു നീ ഭയാനകേ, മാനവോല്ക്കര്ഷത്തിന്റെ
ചോരയിലന്തര്ദ്ദാഹം കെടുത്തും പിശാചികേ?
ചിതറിക്കിടക്കുന്നൂ നിന് ചുറ്റും ചിതല് മുറ്റും
ഹതജീവിതങ്ങള് തന് ജീര്‍ണിച്ച കങ്കാളങ്ങള്‍!
പൊള്ളിക്കും നിന്നായസ മുഷ്ടികള്‍ക്കുള്ളില്‍ പെട്ടു
വിള്ളുന്നു ഞെരങ്ങിക്കൊണ്ടായിരം ഹൃദയങ്ങള്‍
ശാന്തിതന്‍ പൂന്തോപ്പു നീയൊറ്റമാത്രയിലാത്മ-
ക്ലാന്തിതന് കൊടും ചുടുകാടാക്കി മാറ്റുന്നല്ലോ!
മര്ത്യനെച്ചെന്നായാക്കി മര്ത്യനെക്കൊല്ലിക്കുന്ന
മദ്യമാരണ രക്തരക്ഷസ്സേ, മാറിപ്പോ, നീ!……
ഒരുകാല് മുന്നോട്ടൂന്നിവെയ്ക്കുവാന് പോലും വയ്യാ-
തിരുളില്‍ തപ്പിത്തപ്പി വേച്ചുവേച്ചുന്മത്തനായ്
ദുര്‍ഗന്ധം വമിച്ചീടും നുരായാ വായില്‍ക്കൂടി
നിര്ഗ്ഗളിച്ചോരോ പിച്ചു പുലമ്പിപ്പോയിപ്പോയി
ഹാ, കഷ്ടം, ബോധം കെട്ടു വീഴുന്നു വഴിവക്കി-
ലേകനപ്പിശാചിന്റെ മാറാത്തൊരുപാസകന്!
കീറിയ പഴന്തുണിത്തുമ്പിലുള്ളരിക്കിഴി-
നാരുവി,ട്ടരിയെല്ലാം ചിതറിപ്പോയീ മണ്ണില്‍!
ദാരിദ്ര്യം ചവച്ചിട്ട കരിമ്പിന് തുണ്ടേ, നീ, യീ
നാറിയ മദ്യക്കുണ്ടിലഭയം തേടുന്നല്ലോ!….
………………………………………………………………….
ലജ്ജയില്ലല്ലോ മദ്യോപാസക, നോക്കൂ നിന്റെ
ദുഷ്കൃതി കാട്ടിക്കൂട്ടും ചാപല്യക്കൊടും പാപം!
നീയും നിന് കുടുംബവും ഹാ, നിത്യദാരിദ്ര്യത്തില്‍
നീറുന്നൂ, നശിക്കുന്നൂ, നിന് നികൃഷ്ടത മൂലം!
ആ മദ്യപ്പിശാചിന്റെ പൊള്ളിക്കും പിടിയില്‍ നി-
ന്നാവതും വേഗത്തില്‍ നീ രക്ഷനേടുവാന്‍ നോക്കൂ.
ആ നിമേഷത്തില്‍ കാണാമുല്ക്കര്ഷം
നിന്‍പാതയില്‍
സൂനങ്ങള്‍ വിരിക്കുമസ്സുപ്രഭാതാവിര്ഭാവം!
നന്നാവും നീ, യെന്നല്ല നിന് പരിസരങ്ങളെ
നന്നാക്കുവാനും നിനക്കാവുമോ വെളിച്ചത്തില്‍!…..
ഇത് നിങ്ങള്‍ കാവ്യാലാപന വേദികളില്‍ അവതരിപ്പിക്കുമോ? നല്ല ഒരു സന്ദേശം ഇത് നല്‍കുന്നുണ്ട്. ആമുഖമായി ചങ്ങമ്പുഴയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറച്ചു വാക്യങ്ങളും പറയാം.
“നല്ല കാര്യമാണമ്മാവാ. ആ കവിത ഒന്നു എഴുതിക്കിട്ടിയാല്‍ മതി. ഞങ്ങള്‍ പഠിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കാം.” അമൃത പറഞ്ഞു.
“ശരി. ഞാന്‍ പകര്‍ത്തിത്തരാം. വേറെ ചില നല്ല കവിതകള്‍ കൂടിയുണ്ട്. ചൊല്ലാന്‍ പറ്റാവുന്നവ. പിന്നീടാകട്ടെ.”
ഞാന്‍ കുട്ടികളെ യാത്രയാക്കി.
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: