വാഷിങ്ങ്ടണ്‍: രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഏഷ്യന്‍ പര്യടനം റദ്ദാക്കി. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഏഷ്യ പസഫിക് സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇന്ന് ഇന്തോനേഷ്യയിലേക്ക് തിരിക്കാനാണ് ഒബാമ ആലോചിച്ചിരുന്നത്. ബ്രൂണെയില്‍ നടക്കുന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലെ പങ്കാളിത്തവും ഒബാമ ലക്ഷ്യമിട്ടു. എന്നാല്‍ ബജറ്റ് പാസാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ യാത്രാ പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ നാലു രാജ്യങ്ങളിലെ സന്ദര്‍ശനം രണ്ടിടത്തേക്കായി വെട്ടിക്കുറച്ചിരുന്നു.
രാജ്യം സാമ്പത്തിക പ്രതിസന്ധിയില്പ്പെട്ടതിനാല് വിദേശ സന്ദര്‍ശനത്തിന് പ്രസിഡന്റിന് ബുദ്ധിമുട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുമായി കൂടിയാലോചനകള്‍ നടത്തണം. അതിനാലാണ് ഏഷ്യന്‍ യാത്ര വേണ്ടെന്നുവച്ചത്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്‍ണി പറഞ്ഞു.
ഏഷ്യ-പസഫിക് മേഖലയിലെ സഖ്യ രാജ്യങ്ങളുമായുള്ള ആശയവിനിമയങ്ങള്‍ തുടരും. സന്ദര്‍ശനം ഉപേക്ഷിക്കേണ്ടിവന്നതില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുസിലോ യുധോയോനോയെ ടെലിഫോണില്‍ ബന്ധപ്പെട്ട് ഒബാമ ഖേദം പ്രകടിപ്പിച്ചതായും കാര്‍ണി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: