ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ട്രിനിഡാഡ് ആന്റ് ടുബാഗോയെ നേരിടും. ഗ്രൂപ്പ് എയില്‍ രാജസ്ഥാന് റോയല്‍സിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യന്‍സ് സെമിയില്‍ പ്രവേശിച്ചത്. ഗ്രൂപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെ നേടിയ മികച്ച വിജയമാണ് ഇന്ത്യന്‍സിന് സെമി പ്രവേശം സാധ്യമാക്കിയത്. റണ്‍റേറ്റില്‍ ന്യൂസിലാന്റ് ടീം ഒട്ടാഗോയെ മറികടന്നാണ് മുംബൈ ഇന്ത്യന്‍സ് അവസാന നാലില്‍ പ്രവേശിച്ചത്. ചെന്നൈ സൂപ്പര്‍കിംഗ്സിനെ അവസാന മത്സരത്തില്‍ പരാജയപ്പെടുത്തി ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് ട്രിനിഡാഡ് ആന്റ് ടുബാഗോ സെമിയിലേക്ക് കുതിച്ചത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ലയണ്‍സിനെയും പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെയും പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യന്‍സ് ഉദ്ഘാടന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനോട് പരാജയപ്പെട്ടിരുന്നു. അതേ സമയം ഒട്ടാഗോക്കെതിരായ മത്സരം മഴകാരണം നടന്നില്ല. രാത്രി 8നാണ് മത്സരം ആരംഭിക്കുന്നത്.
കരുത്തുറ്റ ബാറ്റിംഗ് നിരയാണ് മുംബൈയുടെ കരുത്ത്. ഡ്വെയ്ന്‍ സ്മിത്തും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കീറണ്‍ പൊള്ളാര്‍ഡും അമ്പാട്ടി റായിഡുവും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ മികച്ച ഫോമിലാണ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറും ദിനേശ് കാര്‍ത്തികും ഇതുവരെ ഫോമിലേക്കുയരാത്തത് മാത്രമാണ് മുംബൈ ഇന്ത്യന്‍സിനെ കുഴക്കുന്നത്. ബൗളര്‍മാരും മികച്ച പ്രകടനമാണ് നടത്തുന്നത്. മിച്ചല്‍ ജോണ്‍സണും ഋഷി ധവാനും പ്രഗ്യാന്‍ ഓജയും ഹര്‍ഭജനും ഉള്‍പ്പെടുന്ന ബൗളര്‍മാരും കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച ഫോമിലായിരുന്നു. ഇന്നത്തെ മത്സരത്തില്‍ സ്മിത്തും രോഹിത് ശര്‍മ്മയും പൊള്ളാര്‍ഡും മിന്നിയാല്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാകും.
ഗ്രൂപ്പ് ബിയില്‍ നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ട്രിനിഡാഡ് പരാജയപ്പെട്ടത്. സണ്‍റൈസേഴ്സിനോടായിരുന്നു അവരുടെ ഏക പരാജയം. സൂപ്പര്‍ താരങ്ങളൊന്നുമില്ലെങ്കിലും ലെന്‍ഡല്‍ സിമണ്‍സും എവിന്‍ ലൂയിസും ഡാരന്‍ ബ്രാവോയും ഉള്‍പ്പെടുന്ന ബാറ്റിങ്ങ് നിരയാണ് ട്രിനിഡാഡിന്റെ പ്രധാന കരുത്ത്. സാമുവല്‍ ബദരിയും രവി രാംപാലും സുനില്‍ നരേയ്നും ഉള്‍പ്പെടുന്ന ബൗളിംഗ് നിരയും ഏത് വമ്പന്മാരേയും വിറപ്പിക്കാന്‍ പോന്നവരാണ്. എന്തായാലും സ്വന്തം നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയില്‍ മുംബൈ ഇന്ത്യന്‍സും തോല്ക്കാന് മനസ്സില്ലാത്ത ട്രിനിഡാഡും തമ്മില്‍ പോരാടുമ്പോള്‍ മത്സരം ആവേശകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: