സൗദി സര്‍ക്കാരിന്റെ അവകാശ നിഷേധത്തിനെതിരെ വനിതകളുടെ പോരാട്ടം. വാഹനമോടിക്കുന്നതിന് വനിതകള്‍ക്ക് നിരോധനമേര്പ്പെടുത്തിയതിലുള്ള കടുത്ത പ്രതിഷേധമറിയിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് സ്ത്രീകള്‍. തീരുമാനത്തിനെതിരെ ഒക്ടോബര്‍ 26 ന് ഓണ്‍ലൈന്‍വഴിയുള്ള പ്രചാരണത്തിനാണ് ഇവര്‍ പദ്ധതിയിടുന്നത്.
വനിതകള്‍ക്ക് ഡ്രൈവിംഗ് നിരോധിച്ച സൗദി സര്‍ക്കാരിന്റെ നടപടി നീതികരിക്കാനാവുന്നതല്ലെന്നും വാഹനം ഓടിക്കാന്‍ തങ്ങളും പ്രാപ്തരാണെന്നും ഉറക്കെ പറയുകയാണ് ഒരുകൂട്ടം സ്ത്രീകള്‍.
ഇന്ന് ഡ്രൈവിംഗ് അനിവാര്യഘടകമാണെന്നും തന്റെ കുടുംബത്തിലെ അത്യാവശ്യകാര്യങ്ങള്‍ നിറവേറ്റുന്നതിനും മാളുകളില്‍ പോകുന്നതിനുമാണ് കാറുകള്‍ ഉപയോഗിക്കാറുള്ളതെന്നും നിരോധനത്തിനെതിരെ ശക്തമായി രംഗത്തുവന്ന സാമ്പത്തിക ഗവേഷകകൂടിയായ മെയി അല്‍-സ്വയാന് പറഞ്ഞു. താന്‍ അമേരിക്കയില്‍ താമസിക്കുമ്പോള്‍ ഒരു സൗദി വനിതയായ തനിക്ക് അവിടെ വാഹനമോടിക്കുന്നതിന് ഒരു തടസ്സവുമില്ലായിരുന്നുവെന്നും എന്നാല്‍ തന്റെ മാതൃരാജ്യത്ത് ഇത് നിഷേധിക്കുന്നതിന്റെ കാരണം മനസ്സിലാവുന്നില്ലെന്നും അവര്‍ പറഞ്ഞു. വാഹനമോടിക്കാന്‍ താന്‍ പ്രാപ്തയാണെന്നും ഇത് തന്റെ അവകാശമാണെന്നും അവര്‍ വിശദീകരിച്ചു. പ്രചാരണപരിപാടിയുടെ ഭാഗമായി 11,000 പേര് ഒപ്പിട്ട ഹര്‍ജി സൗദിയിലെ സ്ത്രീക്കൂട്ടായ്മ തയ്യാറാക്കിക്കഴിഞ്ഞു. ഗതാഗതനിയമത്തില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതില്‍ നിരോധനമൊന്നുമില്ല. എന്നാല്‍ മതപുരോഹിതന്മാര് ഇത്തരത്തില്‍ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്.
യാഥാസ്ഥിതിക രാജ്യമായ സൗദി അറേബ്യയില്‍ വനിതകളുടെ പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. അതേസമയം വിരളമായേ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തീവ്രമാകാറുള്ളൂ. ഇത്തരത്തിലുള്ള രണ്ടു സംഭവങ്ങളെ ഇതിന് മുമ്പുണ്ടാ യിട്ടുമുള്ളൂ.
സൗദി അറേബ്യയില്കൂടി വണ്ടിയോടിക്കുന്നതിന്റെ ചിത്രം യുട്യൂബു വഴി പ്രദര്‍ശിപ്പിച്ച മനുഷ്യാവകാശപ്രവര്‍ത്തകയായ മനാല്‍ അല്‍-ഷെരീഫ് 2011 മെയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചയിലധികം ജയില്‍വാസം അനുഭവിക്കേണ്ടിവന്നെങ്കിലും സൗദി വനിതകളുടെ താരമായി ഇവര്‍ മാറുകയായിരുന്നു. 2011 ജൂണ്‍ 17 മുതല്‍ സൗദി അറേബ്യയിലെ വനിതകളുടെ ഒരു സ്വാധീനശക്തിയായി വളര്‍ന്ന അല്‍-ഷെരീഫിന്റെ കഠിനപരീക്ഷണങ്ങള്‍ അവര്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കിയിരുന്നു.
1991 ല്‍ സൗദി തലസ്ഥാനമായ റിയാദില്‍ ഡ്രൈവിംഗ് നിരോധനത്തിനെതിരെ പ്രതിഷേധം നടത്തിയ 47 വനിതകളടങ്ങിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരെ ജോലിയില്‍നിന്നും സസ്പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇത്തരത്തില്‍ രണ്ടുതവണയേ സൗദി വനിതകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങേണ്ടിവന്നിട്ടുള്ളൂവെന്ന് കാനഡയിലെ സൗദിവംശജയായ വിദ്യാര്‍ത്ഥിനി ലുജെയിന അല്‍ ഹാത്തോള് പറഞ്ഞു. ഇതിന് മുമ്പ് രണ്ട് പോരാട്ടങ്ങളിലും തനിക്ക് ഭാഗമാകാന്‍ കഴിഞ്ഞില്ലെങ്കിലും 2013 ഒക്ടോബര്‍ 26 ന് പുതിയൊരവസരമാണ് ലഭിച്ചിരിക്കുന്നതെന്നും ഈ സമയത്ത് സ്ത്രീകളുടെ വലിയൊരു സംഘം തന്നെ ഇതില്‍ ഭാഗമാകുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അല്‍-ഹാത്തോള് പറഞ്ഞു.
വിലപ്പെട്ടതും നീതിപൂര്‍വവുമായ നിയമം തങ്ങള്‍ക്കാവശ്യമെന്ന് നിരോധനത്തിനെതിരെ സൗദി സര്‍ക്കാരിന് സമര്‍പ്പിച്ച പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സൗദിയില്‍ നിലവിലുളള നിയമങ്ങള്‍ക്ക് ഭേദഗതിവരുകയാണെന്ന് സാമൂഹ്യ പരിഷ്കര്‍ത്താവും വനിതകളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നയാളുമായ കിംഗ് അബ്ദുള്ള പറഞ്ഞു. ജനുവരിയില്‍ 30 വനിതകളടങ്ങുന്ന ഷുരാ കൗണ്‍സിലിന് അദ്ദേഹം രൂപം കൊടുത്തു. ഇതാദ്യമായിരുന്നു വനിതകള്‍ക്ക് രാജ്യത്തെ മുതിര്‍ന്ന സമിതിയിലേക്ക് വനിതകള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 2009 ല്‍ സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത ഡെപ്യൂട്ടി മന്ത്രിയെയും അദ്ദേഹം നിയമിച്ചിരുന്നു.
സുജ. പി.ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: