വാഷിങ്ടണ്‍: വൈറ്റ്ഹൗസിന് നേരെ അമിതവേഗത്തില്‍ കാറോടിച്ച് എത്തിയ സ്ത്രീയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. പാര്‍ലമെന്റിന്റെ സെനറ്റും പ്രതിനിധി സഭയും സമ്മേളിക്കവെ പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.
പ്രസിഡന്റ് ബരാക് ഒബാമയുടെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിനു മുന്നിലെ പെന്‍സില്‍വേനിയ അവന്യൂവില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. അവിടത്തെ സുരക്ഷാ പോയിന്റിലേക്ക് കാര്‍ അമിതവേഗത്തില്‍ പാഞ്ഞെത്തുകയായിരുന്നു. വൈറ്റ്ഹൗസിലെ സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് ക്യാപിറ്റോള്‍ ഹില്‍സിനെ ലക്ഷ്യമാക്കി കുതിച്ച കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് വെടിവെച്ചിടുകയായിരുന്നു.
വൈറ്റ്ഹൗസിന് പുറത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ച ബാരിക്കേഡ് തകര്‍ത്ത് മുന്നേറിയ കാറിനെ ഒരു ഘട്ടത്തില്‍ പോലീസ് വളഞ്ഞെങ്കിലും അതും മറികടന്ന് കാര്‍ കുതിക്കുകയായിരുന്നു. ഒടുവില്‍ ക്യാപിറ്റോളിനു സമീപമുള്ള ഡിവൈഡറിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി. തുടര്‍ന്ന് പോലീസ് വാഹനങ്ങള്‍ കുതിച്ചെത്തി. കാര്‍ പരിശോധിക്കുന്നതിനിടെയാണ് ഡ്രൈവിംഗ് സീറ്റില്‍ വെടിയേറ്റ നിലയില്‍ സ്ത്രീയെ കണ്ടെത്തിയത്.
കാര്‍ തടയാനുള്ള ശ്രമത്തിനിടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കാറില്‍ നിന്നും ഒരു വയസ്സുള്ള കുഞ്ഞിനെ പോലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട യുവതിയില്‍ നിന്നും ആയുധങ്ങളൊന്നും കണ്ടെടുക്കാനായില്ല. വാഷിങ്ടണിലെ നാവിക ആസ്ഥാനത്ത് 12 പേര് കൊല്ലപ്പെടാനിടയായ വെടിവെപ്പുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം.
കൊല്ലപ്പെട്ട സ്ത്രീ ദന്തഡോക്ടറായ മിറിയാം കാറെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ ഭീകരരാണെന്ന് പോലീസ് കരുതുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട സ്ത്രീയുടെ കണക്ടികട്ടിലെ വീട് അമേരിക്കന്‍ ആന്വേഷണ ഏജന്‍സിയായ എഫ്ബിഐ സീല്‍വെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: