കൊച്ചി: തന്ത്രി സമാജത്തിന്റെ നേതൃത്വത്തില്‍ എറണാകുളത്തപ്പന് മൈതാനിയില്‍ നടക്കുന്ന സാവിത്രി വ്രതയജ്ഞത്തിന്റെ ഭാഗമായി നടന്ന ആചാര്യ സംഗമം അസുലഭ മൂഹൂര്‍ത്തമായി. സംസ്ഥാനത്തെ അറിയപ്പെടുന്ന വൈദികന്മാര്, വേദജ്ഞന്‍, പ്രമുഖ ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ തുടങ്ങിയവര്‍ ആചാര്യസംഗമത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ സ്വാമി വിജ്ഞാനാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ആചാര്യ സംഗമം കൈമുക്ക് ജാതവേദന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സാവിത്രി യജ്ഞത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ചേന്നാസ് വിഷ്ണുനമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ട്രദ്രവ്യ ഗണപതി ഹോമത്തോടെ ആരംഭിച്ചു. തരണ നെല്ലൂര്‍ പരമേശ്വരന് നമ്പൂതിരിപ്പാട് സന്താനഗോപാല ഹോമം നടത്തി. ചെറുമുക്ക് വൈദികന് വല്ലഭന് അക്കിത്തിരിപ്പാട് സാവിത്രി വ്രതയജ്ഞം ചെയ്തു. തുടര്‍ന്ന് ഗോപൂജയും, ഭഗവതി സേവയും, സര്‍പ്പബലിയും നടന്നു. സാവിത്രി വ്രതയജ്ഞം ഇന്ന് സമാപിക്കും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്, കേന്ദ്രമന്ത്രി പ്രൊഫ.കെ.വി തോമസ്, രമേശ് ചെന്നിത്തല,വി. മുരളീധരന്, കെ.വി മദനന് എന്നിവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: