കൊല്‍ക്കത്ത: പ്രധാനമന്ത്രിയെ ബിജെപിയല്ല, മറിച്ച് രാഹുല്‍ ഗാന്ധിയാണ് പരിഹസിക്കുന്നതെന്ന് സോണിയാ ഗാന്ധിയ്ക്ക് രാജ്നാഥ് സിംഗിന്റെ മറുപടി.
ബിജെപിയെ ലക്ഷ്യം വച്ച് സോണിയാ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് രംഗത്തെത്തിയത്.
പ്രധാനമന്ത്രി മന്മോഹന് സിംഗിനെ ബിജെപി പരിഹസിക്കുകയാണെന്നും പാര്‍ട്ടി ഒന്നടങ്കം അദ്ദേഹത്തിന് പിന്നിലുണ്ടെന്നാണ് സോണിയയുടെ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ പ്രധാനമന്ത്രിയെ കളിയാക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയാണെന്ന് രാജ്നാഥ് സിംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി പ്രധാനമന്ത്രിയോട് ഒരുതരത്തിലുള്ള അനാദരവും കാണിച്ചിട്ടില്ല. സോണിയാ ഗാന്ധി അദ്ദേഹത്തെ ബഹുമാനിക്കുന്നുവെങ്കില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ രാജി ആവശ്യപ്പെടുകയോ അതല്ലെങ്കില്‍ രാജ്യത്തോട് മാപ്പുപറയാന്‍ നിര്‍ദ്ദേശിക്കുകയോ ആണ് വേണ്ടതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി രാജ്യത്തിന് വെളിയിലായിരിക്കുമ്പോള്‍ അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയല്ലയെന്നും പ്രതിനിധീകരിക്കുന്നത് ഒരു രാജ്യത്തെ മുഴുവനാണെന്നും രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ആ സമയത്ത് പ്രധാനമന്ത്രിയെ പരിഹസിക്കുന്നത് അദ്ദേഹത്തിലുള്ള വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുപോലെയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
എന്ത് ലക്ഷ്യത്തിനായാണോ വിദേശത്ത് പോയിരിക്കുന്നത് അതിനായുള്ള പ്രയത്നത്തെയെല്ലാം നിഷ്ഫലമാക്കുന്ന അസംബന്ധമാണതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കുന്നതിന് കേന്ദ്രം കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിനെ ബിജെപി എതിര്‍ക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഈ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് എല്‍.കെ.അദ്വാനിയും സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: