പുനലൂര്‍: പുനലൂര്‍ പേപ്പര്‍മില്ല് ഉടന്‍ പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ. രാജു എംഎല്‍എയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനമായ ഇന്ന് പേപ്പര്‍മില്‍ പടിക്കല്‍ കൂട്ടസത്യാഗ്രഹം നടത്തും. സിപിഐയുടെ ജനപ്രതിനിധികളും നേതാക്കളും പ്രവര്‍ത്തകരും സത്യാഗ്രഹസമരത്തില്‍ പങ്കെടുക്കും. യുഡിഎഫ് സര്‍ക്കാര്‍ പേപ്പര്‍മില്‍ തുറക്കുന്ന കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. 26 വര്‍ഷമായി അടഞ്ഞു കിടക്കുന്ന പേപ്പര്‍മില്ലില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2008 ല്‍ ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. താന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് മില്‍ പുതിയ മാനേജ്മെന്റ്ന് കൈമാറാന്‍ കഴിഞ്ഞതെന്ന് എംഎല്‍എ അറിയിച്ചു. പേപ്പര്‍ ഉത്പാദിപ്പിക്കുന്നതിന് നമ്പര്‍ വണ്‍ മിഷ്യന്റെ പണികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. മില്ലില്‍ വൈദ്യുതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് മാനേജ്മെന്റ് അറിയിച്ചിട്ടുള്ളത്. മിന് പ്രവര്‍ത്തിപ്പിക്കുമെന്ന് പറഞ്ഞ് പലതവണ മാനേജ്മെന്റ് തൊഴിലാളികളെയും ജനങ്ങളെയും കബളിപ്പിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ മാനേജ്മെന്റ് വീഴ്ച വരുത്തുകയാണ്. സംസ്ഥാന സര്‍ക്കാരാകട്ടെ ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നുമില്ല.
മാനേജ്മെന്റ് മെല്ലെപ്പോക്ക് നയം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു. സത്യാഗ്രഹം കൊണ്ട് സമരം അവസാനിപ്പിക്കില്ല. കൂടുതല്‍ ശക്തമായ സമരങ്ങള്‍ ബഹുജനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്നും മില്‍ തുറക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സിപിഐ നേതാക്കളായ സി. അജയപ്രസാദ്, ജോബോയ് പെരേര എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: