കരുനാഗപ്പള്ളി: എയര്‍ ഫോഴ്സില്‍ ജോലിവാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത ആറംഗ സംഘത്തിലെ മൂന്ന് പേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റുചെയ്തു. തൊടിയൂര്‍ കല്ലേലിഭാഗം കണ്ടോലില്‍ വീട്ടില്‍ നിന്നും പുലിയൂര്‍വഞ്ചി തെക്ക് പഞ്ഞിമുന്നേല് വിളയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സതീഷ് ചന്ദ്രന്(48), ഭാര്യ രമ(36), ശാസ്താംകോട്ട പനപ്പട്ടി അനൂപ് ഭവനില്‍ നിന്നും തൊടിയൂര്‍ പുലിയൂര് വഞ്ചിതെക്ക് പഞ്ഞിമുന്നേല് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തുളസീധരന്റെ ഭാര്യ ശോഭ(42) എന്നിവരെയാണ് കരുനാഗപ്പള്ളി എസ്.ഐ അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശികളായ ജോയി, ഗീതാറാണി, രജിത എന്നിവരാണ് കൂട്ടുപ്രതികള്‍. ഇതില്‍ ഗീതാറാണി, രജിത എന്നിവര്‍ ജയിലിലാണ്. കേസിലെ ഒന്നാം പ്രതി ജോയി ഹൈക്കോടതിയില്‍ ജാമ്യം തേടുവാനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു. അരൂര്‍, ഏനാത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഈക്കഴിഞ്ഞ മേയ് മാസം മുതലാണ് മേല്‍പ്പറഞ്ഞ പോലീസ് സ്റ്റേഷന് പരിധിയിലെ നിരവധി പേരില്‍ നിന്ന് എയര്‍ഫോഴ്സില്‍ ഉയര്‍ന്ന ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപ കബളിപ്പിച്ചെടുത്തത്. കരുനാഗപ്പള്ളിയില്‍ നിന്ന് മാത്രം ഏഴ് പേരില്‍ നിന്ന് 12,40,000രൂപ തട്ടിയെടുത്തുവെന്ന് ഏഴ് പേര് പരാതി നല്‍കിയിട്ടുണ്ട്. ഏനാത്ത് പോലീസ് സ്റ്റേഷനില്‍ 27 ലക്ഷത്തിന്റെയും മന്നാര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് അഞ്ച് ലക്ഷവും ഉള്‍പ്പെടെ ഒരു കോടി രൂപയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. മേയ് മാസത്തില്‍ യുവാക്കളെ ജോലിക്കെന്ന് പറഞ്ഞ് ബാംഗലൂരില്‍ കൊണ്ടുപോയി താമസിപ്പിക്കുകയും പരിശീലനത്തിന് ഉടന്പോകേണ്ടിവരുമെന്ന് പറഞ്ഞശേഷം പ്രതികള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് യുവാക്കളുടെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: