ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഗ്രൂപ്പ് എ മുതല്‍ ഡി വരെയുള്ള രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് നടക്കും. നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്, കരുത്തരായ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പാരീസ് സെന്റ് ജെര്‍മന്‍ തുടങ്ങിയ വമ്പന്മാര് ഇന്ന് രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ക്കിറങ്ങും. ഇന്നത്തെ ക്ലാസ്സിക്ക് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് എവേ മത്സരത്തില്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നേരിടും. പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന സിറ്റിക്ക് ഇന്നത്തെ പോരാട്ടത്തില്‍ വിജയം അനിവാര്യമാണ്.
ഗ്രൂപ്പ് എയിലെ പോരാട്ടങ്ങളില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഷക്തര്‍ ഡൊണെറ്റ്സ്കുമായി ഏറ്റുമുട്ടും. പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളില്‍ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ നേരിട്ടശേഷമാണ് യുണൈറ്റഡ് ഇന്ന് എവേ മത്സരത്തില്‍ ഷക്തറിനെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും വെസ്റ്റ്ബ്രോമിനോടുമാണ് യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ തകര്‍ന്നടിഞ്ഞത്. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ഏത് കരുത്തരെയും വെല്ലുവിളിക്കാന്‍ കഴിവുള്ളവരാണ് ഷക്തര്‍ എന്നത് യുണൈറ്റഡിന് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കും. എന്നാല്‍ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബയേര്‍ ലെവര്‍ക്യുസനെ സ്വന്തം തട്ടകത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രീമിയര്‍ ലീഗിലെ നിലവാരമില്ലാത്ത പ്രകടനം ഇന്ന് പുറത്തെടുത്താല്‍ യുണൈറ്റഡിന് കയ്പുനീര് കുടിക്കേണ്ടിവരും. സൂപ്പര്‍താരങ്ങളായ വെയ്ന്‍ റൂണിയും റോബിന് വാന്‍ പെഴ്സിയും അടങ്ങിയിട്ടും യുണൈറ്റഡിന് ഇതുവരെ മികച്ച ഫോമിലേക്കുയരാന്‍ കഴിഞ്ഞിട്ടില്ല. സര് അലക്സ് ഫെര്ഗൂസന് മാനേജര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ടീമിന്റെ പരിശീലകനായ മോയസസിന്റെ കീഴില്‍ യുണൈറ്റഡ് ദയനീയ പ്രകടനമാണ് നടത്തുന്നത്. അതേസമയം ഷക്തര്‍ യുണൈറ്റഡിനെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ റയല്‍ സോസിഡാഡിനെ അവരുടെ തട്ടകത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴ്പ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഉക്രൈയിന് ടീം ഷക്തര്‍. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ബയേര്‍ ലെവര്‍ക്യുസനും റയല്‍ സോസിഡാഡും തമ്മില്‍ ഏറ്റുമുട്ടും.
ഗ്രൂപ്പ് ബിയില്‍ റയല്‍ മാഡ്രിഡിന് എഫ്സി കോപ്പന്‍ഹേഗനാണ് എതിരാളികള്‍. കഴിഞ്ഞ ദിവസം ലാ ലിഗയില്‍ അത്ലറ്റികോ മാഡ്രിഡിനോട് നേരിട്ട 1-0ന്റെ തിരിച്ചടി മറന്നാണ് ഇന്ന് സ്വന്തം തട്ടകത്തില്‍ എഫ്സി കോപ്പന്ഹേഗനോട് പോരാടാനിറങ്ങുന്നത്. സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലോകത്തിലെ ഏറ്റവും വിലയേറിയ ഫുട്ബോള്‍ താരമായ ഗരെത്ത് ബലെ, യുവതാരം ഇസ്കോ തുടങ്ങിയവരിലാണ് റയലിന്റെ പ്രതീക്ഷ മുഴുവന്‍. ഗ്രൂപ്പിലെ ആദ്യ എവേ മത്സരത്തില്‍ റയല്‍ ഗലറ്റസാരയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സീരി എ വമ്പന്മാരായ ജുവന്റസ് ആദ്യ വിജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. റയലിനോട് തകര്‍ന്നടിഞ്ഞ ഗലറ്റസാരയാണ് ജുവന്റസിനെ അവരുടെ തട്ടകത്തില്‍ നേരിടാനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ജുവന്റസ് കോപ്പന്ഹേഗനോട് 1-1ന് സമനില വഴങ്ങിയിരുന്നു.
ഗ്രൂപ്പ് സിയിലെ പോരാട്ടങ്ങളില്‍ ആദ്യ മത്സരത്തില്‍ വിജയിച്ച ബെനഫിക്കയും പാരീസ് സെന്റ് ജെര്‍മനും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം മത്സരം ആന്ഡര്ലെക്റ്റും ഒളിമ്പിയാക്കോസും തമ്മിലാണ്. ആദ്യ മത്സരത്തില്‍ ബെനഫിക്ക 2-0ന് ആന്ഡര്ലക്റ്റിനെയും പിഎസ്ജി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഒളിമ്പിയാക്കോസിനെയും പരാജയപ്പെടുത്തിയിരുന്നു.
ഗ്രൂപ്പ് സിയില്‍ നടക്കുന്ന ക്ലാസ്സിക്ക് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ഇരുടീമുകളും 3-0ന് എതിരാളികളെ കീഴടക്കിയിരുന്നു. സിറ്റി പ്ലസനെയും ബയേണ്‍ സിഎസ്കെ മോസ്കോയെയുമാണ് കീഴടക്കിയത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ സിഎസ്കെ മോസ്കോ പ്ലസനുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: