തൃപ്പൂണിത്തുറ: ക്ഷേമനിധി പെന്‍ഷനുകളും ആനുകൂല്യങ്ങളും ഒക്ടോബര്‍ മുതല്‍ ബാങ്ക് അക്കൗണ്ട് വഴിനല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ആധാര്‍കാര്‍ഡില്‍ കുരുങ്ങിയതിനാല്‍ മുടങ്ങിയേക്കും.
വിവിധ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും റിട്ടയര്‍ ചെയ്തവര്‍ക്കും പെന്‍ഷനും മറ്റാനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴിമാത്രമെ വിതരണം ചെയ്യുകയൊള്ളുവെന്ന് വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ അറിയിപ്പിനെതുടര്ന്ന് കഴിഞ്ഞമാസം ആദ്യമാണ് ഇതിനുനടപടികള് ത്വരിതപ്പെടുത്തിയത്.
ക്ഷേമനിധി അംഗങ്ങളും റിട്ടയര്‍ ചെയ്തവരും പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. ക്ഷേമനിധി കാര്‍ഡ് , ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവ സഹിതം അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് രജിസ്ട്രേഷന് നടത്തേണ്ടത്. 40 രൂപാണ് അക്ഷയകേന്ദ്രത്തിന് നല്കേണ്ടഫീസ്, സെപ്തംബര്‍ 30 രജിസ്ട്രേഷനുള്ള അവസാന ദിവസമാണ്.
അതെസമയം അധാര് കാര്‍ഡ് ലഭിക്കാത്ത നിരവധി പേര്‍ക്ക് രജിസ്ട്രേഷന് നടത്താന്‍ കഴിയാതിരിക്കെയാണ് സെപ്തംബര്‍ 23ന് സുപ്രീം കോടതി അധാര് കാര്‍ഡിന് വിലക്ക് കല്പിച്ചത്. ഇതോടെ ക്ഷേമനിധി പെന്‍ഷനും മറ്റും കിട്ടുന്നതിന് ആയിരക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഈ വിഭാഗക്കാര്‍ക്കെല്ലാം പെന്ഷന് മുടങ്ങാനാണ് സാധ്യത.
പാചകവാതക സബ്സിഡിക്കെന്ന പോലെ ക്ഷേമനിധി പെന്‍ഷനും, യഥാര്‍ത്ഥ അവകാശിക്ക് കിട്ടുന്നതിനുവേണ്ടിയാണ് ആധാര്‍ നമ്പര്‍ ഉള്‍പ്പെട്ട രജിസ്ട്രേഷന് എന്നാണ് സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്നത്. ഈവക കാര്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്നതെല്ലാം തട്ടിപ്പാണെന്ന് സര്‍ക്കാര്‍തന്നെ സ്വയം സാക്ഷ്യപ്പെടുത്തുന്നുവെന്നാണ് ഇതിന്നര്‍ത്ഥം. തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തി നിയമാനുസൃതം ശിക്ഷിക്കാന്‍ രാജ്യത്ത് സംവിധാനങ്ങളില്ലെന്നും സര്‍ക്കാര്‍ സ്വയം ഇതിലൂടെ സമ്മതിക്കുന്നു.
സംസ്ഥാനത്ത് വിവിധതൊഴില്‍ മേഖലകളിലായി 16 ലധികം ക്ഷേമനിധി ബോര്‍ഡുകളുണ്ട്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇതില്അംഗങ്ങളാണ്. നിര്‍മ്മാണ മേഖല, അബ്കാരി ബീഡി-സിഗരറ്റ്, കശുവണ്ടി, കൈത്തറി, ചുമട്ടുതൊഴില്‍, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്, ടോഡിവര്ക്കേഴ്സ്, ടെയിലറിങ്ങ്, തോട്ടം തൊഴിലാളി തുടങ്ങിയ മേഖലകളില്‍ തൊഴിലെടുക്കുന്നവരെല്ലാം ക്ഷേമനിധി ആനുകൂല്യങ്ങള്‍ ആര്‍ഹരാണ്. ആധാര്‍ കാര്‍ഡ് നമ്പറില്‍ കുരുങ്ങി ഇവരില്‍ വലിയൊരുവിഭാഗത്തിന് താല്‍ക്കാലികമായെങ്കിലും ആനുകൂല്യങ്ങള്‍ കിട്ടാത്ത സ്ഥിതിയാണുണ്ടാവുക.
ക്ഷേമനിധി ആനുകൂല്യങ്ങള്നല്കുന്ന കാര്യത്തില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യത്തിലും ഇതേവരെ സര്‍ക്കാര്‍ അറിയിപ്പൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: