കൊച്ചി : നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവനെ സി ബി ഐ ചോദ്യം ചെയ്തു. ഫയാസ് അടക്കമുള്ള പ്രതികള്‍ക്ക് സ്വര്‍ണ്ണം കടത്താന്‍ സഹായം ചെയ്തുകൊടുത്തുവെന്ന വിവരത്തെ തുടര്‍ന്നാണിത്. സി ബി ഐയുടെ കൊച്ചി യൂണിറ്റില്‍ വിളിച്ചുവരുത്തിയാണ് മാധവനെ ചോദ്യം ചെയ്തത്. നേരത്തെ ഇദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളംവഴി സ്വര്‍ണ്ണം കടത്തിയത് എന്നാണ് സി ബി ഐ കണ്ടെത്തിയിട്ടുള്ളത്.
ഫയസിന് ഒത്താശ ചെയ്തതായുള്ള സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാറിനെ സിബിഐ ചോദ്യം ചെയ്യും. വിമാനത്താവളത്തിലൂടെ എല്‍ഇഡി ടിവി, സ്കാനിംഗ് പോലും നടത്താതെ ചെറിയ ഡ്യൂട്ടി കെട്ടിവച്ച് കടത്തിക്കൊണ്ടുപോകാന്‍ അനില്‍കുമാര്‍ ഫയസിനെ സഹായിച്ചുവെന്നാണ് വിവരം.
അഞ്ചു ലക്ഷം രൂപ വിലയുള്ള ടിവിക്ക് രണ്ടു ലക്ഷം രൂപ വിലയിട്ടു ചെറിയ ഡ്യൂട്ടി ഈടാക്കി ഫയസിന് വിട്ടുകൊടുത്തുവത്രെ. ടിവിക്കൊപ്പം ഫയസ് കിലോക്കണക്കിനു സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. അനില്‍കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കസ്റ്റംസ് കമ്മീഷണര്‍ സിബിഐക്ക് കത്ത് നല്‍കിയതായും അറിയുന്നു.
കേസില്‍ റിമാന്റില്‍ കഴിയുന്ന ആരീഫയെയും ആസിഫയെയും കസ്റ്റംസ് ഉടന്‍ ചേദ്യം ചെയ്തേക്കും. ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് അന്വേഷണസംഘത്തിനു കഴിഞ്ഞദിവസം എറണാകുളം അഡീഷണല്‍ സിജെഎം കോടതി (സാമ്പത്തിക കുറ്റകൃത്യ) അനുമതി നല്‍കിയിരുന്നു. മജിസ്ട്രേറ്റ് എന്‍.വി.രാജുവാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. അതേസമയം ആരിഫയുടെയും ആസിഫയുടെയും ജാമ്യാപേക്ഷ ഇന്ന് എറണാകുളം അഡീഷണല്‍ സിജെഎം കോടതി (സാമ്പത്തിക കുറ്റകൃത്യ) പരിഗണിക്കും.
മുഖ്യപ്രതിയായ ഫയസിന്റെയും കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറടക്കം സിബിഐ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അഴിമതി കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ സിബിഐ പരിശോധിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി സിബിഐ നല്കിയ അപേക്ഷയെത്തുടര്‍ന്നാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. സ്വര്‍ണ ക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസും സിബിഐയും സമാന്തരമായാണ് അന്വേഷണം നടത്തുന്നത്. ഇതില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പങ്കും അഴിമതിയുമാണു സിബിഐ പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: