തൊടുപുഴ: ഭൂരഹിത ജനസമൂഹത്തെ മൂന്നു സെന്റ് ഭൂമി നല്കി വഞ്ചിക്കാന്‍ യു.പി.എ. ചെയര്‍ പേഴ്സണ്‍ സോണിയാഗാന്ധി കൂട്ടുനില്‍ക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കേരളത്തിലെ ഭൂസമര സംഘടനകളുടെ എതിര്‍പ്പുകളെയും, ഹിന്ദു സംഘടനകളുടെ നിവേദനങ്ങളെയും പരിഗണിക്കാതെയാണ് ഭൂരഹിതരില്ലാത്ത കേരളം സോണിയാഗാന്ധി പ്രഖ്യാപിക്കുന്നത്. ഇത് രാഷ്ട്രീയ മുതലെടുപ്പും, കേരള സര്‍ക്കാരിന് കൈയ്യടി നേടാനുള്ള അടവുമാണ്. 2013-ലെ ദേശീയ ഭൂപരിഷ്കരണ നയത്തിന്റെ കരടില്‍ ഭൂരഹിതര്‍ക്ക് 10 സെന്റ് വാസഭൂമിയും ഒരു ഹെക്ടര്‍ കൃഷിഭൂമിയും നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഇതിനെ അട്ടിമറിച്ച് കേരള സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് അര്‍ഹതപ്പെട്ടത് നല്‍കാതെ 3 സെന്റ് ഭൂമി നല്കി 1 ലക്ഷം പേരെ വഞ്ചിക്കുകയാണ്.
ദേശീയ ഭൂപരിഷ്കരണ ബില്ലിലെ നിര്‍ദ്ദേശത്തെ അവഗണിച്ചും അട്ടിമറിച്ചും കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതി യു.പി.എ. ചെയര്‍ പേഴ്സണ്‍ ഉദ്ഘാടനം ചെയ്യുന്നതിലെ ന്യായീകരണം എന്തെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. ദേശീയ ബില്ലിന് രൂപം കൊടുത്ത യു.പി.എ. യുടെ അദ്ധ്യക്ഷ ഇതിനെ അട്ടിമറിക്കുന്നത് ശരിയല്ല. കൈയ്യേറ്റക്കാര്‍ക്ക് 5 ഏക്കറും ഭൂരഹിതര്‍ക്ക് 3 സെന്റും എന്ന നിലപാട് അംഗീകരിക്കുവാന്‍ കഴിയുകയില്ല. കോളനികളില്‍ നിന്ന് കര്‍ഷകരെ കൃഷി ഭൂമിയിലേക്ക് മാറ്റണമെന്ന് ബിജു ആവശ്യപ്പെട്ടു.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ വിശ്വാസ്യത ഇതിലൂടെ നഷ്ടപ്പെട്ടിരിക്കുകയാണ്. നിയമങ്ങളും ഒത്തുതീര്‍പ്പു വ്യവസ്ഥകളും കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ ഭൂരഹിതരില്ലാത്ത കേരളം ആഘോഷിക്കുന്നത്. നെല്ലിയാമ്പതി, ഇടുക്കി, വയനാട് പ്രദേശങ്ങളിലെ പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശങ്ങള്‍ അടക്കം കൈയ്യേറിയവര്‍ക്ക് പട്ടയം നല്കാന് നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍, നിയമത്തെയും ഭരണ സംവിധാനത്തെയും അനുസരിച്ചതിലൂടെ ഭൂരഹിതരായവരെ 3 സെന്റ് കോളനിയിലൊതുക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. അര്‍ഹതപ്പെട്ട ഭൂമിയും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഭൂരഹിതര്‍ക്ക് നിഷേധിച്ച് കൈയ്യേറ്റക്കാര്‍ക്കും, ഭൂമാഫിയകള്‍ക്കും സഹായ നിലപാട് സ്വീകരിക്കുകയാണ് സര്‍ക്കാര്‍.
ഭൂരഹിത – ദരിദ്രജന സമൂഹത്തോട് സര്‍ക്കാര്‍ കാട്ടുന്ന കൊടിയ വഞ്ചനയ്ക്ക് കാലം മാപ്പ് നല്‍കില്ല. സര്‍ക്കാരിന്റെ ജനകീയ വഞ്ചനയ്ക്ക് വരുംനാളുകളില്‍ മറുപടി പറയേണ്ടിവരുമെന്നും ഇ. എസ്. ബിജു പറഞ്ഞു. പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് സ്വാമി ദേവചൈതന്യ, വൈസ് പ്രസിഡന്റ് പി.എം. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി എസ്. പത്മഭൂഷണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: