അഹമ്മദാബാദ്: ചാമ്പ്യസ് ലീഗ് ട്വന്റി 20 ക്രിക്കറ്റില്‍ ടൈറ്റന്‍സിന് തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 6 റണ്‍സിനാണ് ടൈറ്റന്‍സ് ട്രിനിഡാഡ് ആന്റ് ടുബാഗോയോട് പരാജയപ്പെട്ടത്. മൂന്ന് മത്സരങ്ങള്‍ കളിച്ച ടൈറ്റന്‍സിന്റെ ആദ്യ തോല്‍വിയാണിത്. ആദ്യം ബാറ്റ് ചെയ്ത ട്രിനിഡാഡ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് 17 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തുനില്‍ക്കേ മഴയെത്തി. പിന്നീട് കളി പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. ഈ സമയത്ത് ടൈറ്റന്‍സിന് വിജയിക്കാന്‍ 160 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ടൈറ്റന്‍സിന് 153 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെയാണ് ട്രിനിഡാഡ് ആറ് റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിച്ചത്. ട്രിനിഡാഡിന് വേണ്ടി എവിന്‍ ലൂയിസ് 70 റണ്‍സും ഡാരന്‍ ബ്രാവോ 63 റണ്‍സും നേടി. ടൈറ്റന്‍സിന് വേണ്ടി ഡേവിഡ്സ് 42ഉം റുഡോള്‍ഫ് 31ഉം ബഹാര്‍ഡിന്‍ 29ഉം ഡിവില്ലിയേഴ്സ് പുറത്താകാതെ 23ഉം റണ്‍സ് നേടി.
നേരത്തെ ടോസ് നേടിയ ടൈറ്റന്‍സ് ട്രിനിഡാഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന സിമ്മണ്‍സിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ലൂയിസിനൊപ്പം ബ്രാവോ ഒത്തുചേര്‍ന്നതോടെ ട്രിനിഡാഡ് പിടിമുറുക്കി. 10 ഓവറില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 35 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളും അഞ്ച് സിക്സറുകളുമടക്കം 70 റണ്‍സെടുത്ത ലൂയിസിനെ വാന്‍ഡര്‍ മെര്‍വിന്റെ പന്തില്‍ റിച്ചാര്‍ഡ്സ് പിടികൂടിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. പിന്നീടെത്തിയ നിക്കോളാസ് പൂരന് 11 റണ്‍സെടുത്ത് മടങ്ങി. സ്കോര്‍ 164-ല്‍ എത്തിയപ്പോള്‍ 44 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളും നാല് സിക്സറുകളുമടക്കം 63 റണ്‍സെടുത്ത ബ്രാവോയും പവലിയനിലേക്ക് തിരിച്ചെത്തി. സ്കോര്‍ 171-ല്‍ എത്തിയപ്പോള്‍ ആറ് റണ്‍സെടുത്ത രാംദിനും 179-ല്‍ എത്തിയപ്പോള്‍ 23 റണ്‍സെടുത്ത സ്റ്റുവര്‍ട്ടും മടങ്ങി. ടൈറ്റന്‍സിന് വേണ്ടി ഡി ലാംഗ് മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് വേണ്ടി ഡേവിഡ്സും റുഡോള്‍ഫും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 6.4 ഓവറില്‍ 65 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 22 പന്തില്‍ നിന്ന് 6 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 42 റണ്‍സെടുത്ത ഡേവിഡ്സിനെ പുറത്താക്കി എംറിറ്റാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ ഖുന്‍ 7 റണ്‍സെടുത്ത് ബദ്രിയുടെ പന്തില്‍ മടങ്ങി. സ്കോര്‍ രണ്ടിന് 79. പിന്നീട് സ്കോര്‍ 88-ല്‍ എത്തിയപ്പോള്‍ 31 റണ്‍സെടുത്ത റുഡോള്‍ഫിനെ സിമണ്‍സിന്റെ പന്തില്‍ എംറിറ്റ് കയ്യിലൊതുക്കി. ഇതേ സ്കോറില്‍ തന്നെ നാല് റണ്‍സെടുത്ത വാന്‍ഡര്‍ മെര്‍വിനെയും സിമണ്‍സ് മടക്കി. പിന്നീട് ഡിവില്ലിയേഴ്സും ബെഹാര്‍ഡിനും ചേര്‍ന്ന് സ്കോര്‍ 15.3 ഓവറില്‍ 137-ല്‍ എത്തിച്ചു. എന്നാല്‍ 19 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളുടെ കരുത്തില്‍ 29 റണ്‍സെടുത്ത ബെഹാര്ഡിനെ നരേയ്ന് ലൂയിസിന്റെ കൈകളിലെത്തിച്ചതോടെ ടൈറ്റന്‍സ് വീണ്ടും പ്രതിരോധത്തിലായി. ഇതേ സ്കോറില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ വീസും മടങ്ങി. പിന്നീട് ഡിവില്ലിയേഴ്സും 11 റണ്‍സെടുത്ത മോഷ്ലെയും ചേര്‍ന്ന് സ്കോര്‍ 153-ല്‍ എത്തിച്ചു.
തൊട്ടുപിന്നാലെയാണ് രസംകൊല്ലിയായി മഴയെത്തിയത്. പിന്നീട് ഒരു പന്തുപോലും എറിയാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഡെക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ട്രിനിഡാഡ് 6 റണ്‍സിന്റെ വിജയം നേടിയത്. ട്രിനിഡാഡിനുവേണ്ടി സിമണ്‍സും നരേയ്നും രണ്ട് വിക്കറ്റുകള്‍ വീതം നേടി. രണ്ട് മത്സരങ്ങള്‍ കളിച്ച ട്രിനിഡാഡിന്റെ ആദ്യ വിജയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: