ന്യൂദല്‍ഹി: ഇരുന്നൂറാം ടെസ്റ്റ് കളിച്ചശേഷം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറോട് വിരമിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെടുമെന്ന് സൂചന. ഇതുസംബന്ധിച്ച് ബിസിസിഐയില്‍ ധാരണയായതായി ‘മുംബൈ മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു. നവംബറില്‍ വെസ്റ്റിന്‍ഡീസുമായി നടക്കുന്ന പരമ്പരയിലാണ് സച്ചിന് ടെസ്റ്റ് ക്രിക്കറ്റില്‍ 200 ടെസ്റ്റെന്ന നാഴികക്കല്ല് പിന്നിടുക. മുംബൈയോ കൊല്‍ക്കത്തയോ ആയിരിക്കും സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് വേദി. ഇതിനുമമ്പ് തന്നെ വിരമിക്കല്‍ പ്രഖ്യാപനം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ബിസിസിഐ സച്ചിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. പേരു വെളിപ്പെടുത്താത്ത ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
പുതിയ കളിക്കാര്‍ക്ക് അവസരമൊരുക്കുന്നതിനു വേണ്ടിയാണ് സച്ചിനോട് വിരമിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെടുക. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പായാണ് വിന്‍ഡീസ് ടീം ഇന്ത്യയിലെത്തുന്നത്. ഇത് തട്ടിക്കൂട്ടിയ പരമ്പരയാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
സച്ചിന്റെ ഭാവി സംബന്ധിച്ച് ബിസിസിഐ തീരുമാനമെടുത്തുവെന്ന് മാത്രമല്ല ഇക്കാര്യം സച്ചിനെ അറിയിക്കുന്നത് ആരായിരിക്കണമെന്നുകൂടി ബിസിസിഐ തിരുമാനിച്ചിട്ടുണ്ടെന്നാണ് മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ആരായിരിക്കും ബിസിസിഐ തീരുമാനം സച്ചിനെ അറിയിക്കുക എന്ന കാര്യം ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് മുംബൈ മിറര്‍ വ്യക്തമാക്കുന്നു.
ഇരുന്നൂറാം ടെസ്റ്റിനുശേഷം വിരമിക്കുമെന്ന യാതൊരു സൂചനകളും സച്ചിന് ഇതുവരെ നല്‍കിയിട്ടില്ല. അതിനാല്‍തന്നെ ബിസിസിഐ നിര്‍ദേശം സച്ചിന് ഏതുരീതിയിലായിരിക്കും എടുക്കുക എന്ന കാര്യത്തില്‍ ബിസിസിഐ വൃത്തങ്ങളില്‍ തന്നെ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതേസമയം, സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റെന്ന നാഴികക്കല്ല് പിന്നിടുന്നതിനായി മാത്രമാണ് വെസ്റ്റിന്‍ഡീസിനെതിരെ തിരക്കിട്ടൊരു പരമ്പര സംഘടിപ്പിച്ചതെന്നും ബിസിസിഐവൃത്തങ്ങള് സ്ഥിരീകരിച്ചിട്ടുണ്ട്.
സച്ചിനെ പ്രായം തളര്ത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ ബിസിസിഐ ആംഗങ്ങള്ക്കിടയില് രണ്ടു പക്ഷമില്ല. മോണ്ടി പനേസറെപ്പോലൊരു ബൗളറെ നാട്ടില്‍ നേരിടുന്നതിന് പോലും സച്ചിന് ബുദ്ധിമുട്ടുന്നുവെന്നും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും സച്ചിന്റെ പ്രതിരോധത്തിലെ പിഴവുകള്‍ കൂടുതല്‍ തുറന്നുകാട്ടപ്പെട്ടതായും ബിസിസിഐയിലെ ചിലര്‍ തന്നെ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
സച്ചിന് അവസാനം കളിച്ച 22 ടെസ്റ്റുകളില്‍ ഒന്നില്‍പ്പോലും സെഞ്ച്വറി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 12 ടെസ്റ്റുകളിലാകട്ടെ രണ്ടു അര്‍ധസെഞ്ചുറി മാത്രമാണ് സച്ചിന്റെ സമ്പാദ്യം. ഇതൊക്കെയാണെങ്കിലും ഇരുന്നൂറാം ടെസ്റ്റിനുശേഷവും സച്ചിന് വിരമിക്കാതിരുന്നാല് അദ്ദേഹത്തെപ്പൊലൊരു താരത്തെ ടീമില്‍ നിന്ന് തഴയുക എന്നത് സെലക്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടാവും. അതുകൊണ്ടാണ് ഇരുന്നൂറാം ടെസ്റ്റിനുശേഷം വിരമിക്കണമെന്ന ശക്തമായ സന്ദേശം ബിസിസിഐ തന്നെ സച്ചിന് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: