ജയ്പൂര്‍: അജിന്‍ക്യ രഹാനെയുടെയും മലയാളി താരം സഞ്ജു സാംസന്റെയും കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20യുടെ സെമിഫൈനലില്‍ പ്രവേശിച്ചു. പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ 9 വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് രാജസ്ഥാന്‍ റോയല്‍സ് സെമിയിലേക്ക് കുതിച്ചത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് 20 ഓവറില്‍ 120 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ അജിന്‍ക്യ രഹാനെയുടെയും (62 നോട്ടൗട്ട്), സഞ്ജുവിന്റെയും (50 നോട്ടൗട്ട്) ഉജ്ജ്വല പ്രകടനത്തില്‍ 21 പന്തുകള്‍ ബാക്കിനില്‍ക്കേ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഒരു മത്സരത്തിലും തോല്‍ക്കാതെയാണ് രാജസ്ഥാന്‍ അവസാന നാലിലേക്ക് കുതിച്ചത്.
നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ ബാറ്റിങ്ങിനയച്ചു. തുടക്കത്തിലേ തിരിച്ചടിയേറ്റ പെര്‍ത്തിന് ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. 27റണ്‍സെടുത്ത വോഗ്സാണ് പെര്‍ത്ത് നിരയിലെ ടോപ്സ്കോറര്‍. വോഗ്സിന് പുറമെ ഡേവിസ് 18ഉം സൈമണ്‍ കാറ്റിച്ച് (12), ബഹ്‌റന്‍ഡ്രോഫ് (12 നോട്ടൗട്ട്), ആഷ്ടണ്‍ അഗര്‍ (10), ടര്‍ണര്‍ (11) എന്നിവര്‍ രണ്ടക്കം കടന്നെങ്കിലും മികച്ച ഇന്നിംഗ്സ് കളിക്കാനായില്ല. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ കൂപ്പറാണ് പെര്‍ത്തിനെ ചെറിയ സ്കോറില്‍ ഒതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഫള്‍ക്നറും താംബെയും രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.
121 റണ്‍സ് വിജയലക്ഷ്യത്തോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന ക്യാപ്റ്റന്‍ ദ്രാവിഡിനെയാണ് നഷ്ടമായത്. എന്നാല്‍ പെര്‍ത്തിന്റെ ആഹ്ലാദം അവിടെ തീരുകയായിരുന്നു.
രഹാനെക്കൊപ്പം സഞ്ജു ക്രീസിലെത്തിയതോടെ രാജസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. പിന്നീട് ഇരുവരും മികച്ച ഷോട്ടുകളിലൂടെ സ്കോര്‍ ഉയര്‍ത്തിയപ്പോള്‍ പെര്‍ത്ത് ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സഞ്ജു 42 പന്തുകളില്‍ ആറു ബൗണ്ടറിയും ഒരു സിക്സറുമായി 50 റണ്‍സെടുത്തപ്പോള്‍ 53 പന്തുകളില്‍ അഞ്ച് ബൗണ്ടറിയും രണ്ടു സിക്സറുമായി രഹാനെ 62 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: