ന്യൂദല്‍ഹി: ഭീകരതയുടെ പേരില്‍ മുസ്ലീം സമുദായത്തിലുള്ള യുവാക്കളെ കാര്യമില്ലാതെ തടവില്‍ പാര്‍പ്പിക്കരുതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്ത് വിവാദമാകുന്നു. ഇത്തരമൊരു കത്തിലൂടെ ഷിന്‍ഡെ ഭരണഘടനാലംഘനമാണ് നടത്തിയതെന്ന് ബി.ജെ.പി പറഞ്ഞു. അദ്ദേഹത്തെ ഉടന്‍ രാഷ്ട്രപതി പുറത്താക്കണമെന്ന് ബി.ജെ.പി വക്താവ് രാജീവ് പ്രതാപ് റൂഡി ആവശ്യപ്പെട്ടു.
ഭീകരതയുടെ പേരില്‍ തങ്ങളെ കാര്യമില്ലാതെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ചില മുസ്ലീം യുവാക്കള്‍ പരാതി പറഞ്ഞതായും ഷിന്‍ഡെ കത്തില്‍ പറയുന്നു. മുസ്ലീം യുവാക്കളെ കാര്യമില്ലാതെ അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഷിന്‍ഡെ ആവശ്യപ്പെട്ടിരുന്നു. .
ആരോടും പ്രീണനമില്ലാതെ ജാതി, വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരോടും തുല്യമായി പെരുമാറുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ആഭ്യന്തരമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. മുസ്ലീം യുവാക്കളെയെന്നല്ല, രാജ്യത്തെ ആരെയും പീഡിപ്പിക്കരുതെന്നായിരുന്നു ആഭ്യന്തര മന്ത്രി പറയേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: