ന്യൂദല്‍ഹി: ഇന്ത്യയെ നയിക്കേണ്ടത് സ്വപ്നതുല്യമായ ഒരു നേതൃത്വമാണെന്നും അഴുക്കുപിടിച്ചവരുടെ കൂട്ടമല്ലെന്നും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദി. ദല്‍ഹി രോഹിണിയില്‍ ബിജെപി സംഘടിപ്പിച്ച വികാസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അതിരുകളും ലംഘിച്ച് യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ മോദി അതിരൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു.
പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട സര്‍ക്കാര്‍ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ്. തളര്‍ന്നുപോയ ഒരു സര്‍ക്കാരാണിത്. ഗാന്ധിഭക്തി മൂത്ത സര്‍ക്കാര്‍ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ടണ്‍ കണക്കിന് നോട്ടുകളാണ് അഴിമതിയിലൂടെ സ്വന്തമാക്കുന്നത്. മദ്യപാനികള്‍ക്ക് മദ്യം നിര്ത്താനാകാത്തതുപോലെ സര്‍ക്കാര്‍ അഴിമതിക്ക് അടിപ്പെട്ട് പോയിരിക്കുകയാണെന്ന് മോദി പറഞ്ഞപ്പോള്‍ വന്‍കയ്യടിയോടെയാണ് ജനങ്ങള്‍ അത് കേട്ടത്.
ജനങ്ങളുടെ ശക്തിയാകേണ്ടതാണ് സര്‍ക്കാര്‍. എന്നാല്‍ ദല്‍ഹിയില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഭാരമാകുന്നു. സര്‍ക്കാരിനുള്ളില്‍ സര്‍ക്കാര്‍. ഒന്ന് അമ്മയുടെ പേരിലാണെങ്കില്‍ മറ്റൊന്ന് മകന്റെ പേരില്‍. ഇതുകൂടാതെ എല്ലാവരും കൂടിച്ചേര്‍ന്ന് വീണ്ടുമൊരു സര്‍ക്കാര്‍. യുപിഎയിലെ സഖ്യകക്ഷികളിലോരോരുത്തരും ഓരോ ഭരണകൂടമാകുകയാണെന്നും രാജ്യത്തിന്റെ വളര്‍ച്ചയേയും വികസനത്തെയുമാണ് ഇത് സാരമായി ബാധിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. “മോദിയെ കൊണ്ടുവരൂ, രാജ്യത്തെ രക്ഷിക്കൂ” എന്ന മുദ്രാവാക്യം വിളിയുമായി ആയിരക്കണക്കിന് ജനങ്ങള്‍ ആവേശത്തോടെ മോദിയുടെ വാക്കുകള്‍ ഏറ്റുവാങ്ങി.
യുപിഎ സഖ്യം ഒന്നിച്ചാണെങ്കിലും ഏകോപനമില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിന് മുന്നോട്ട് പോകാനും കഴിയുന്നില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെയും ശക്തമായ വിമര്‍ശനമുന്നയിച്ച മോദി ഭരണഘടന അടിസ്ഥാനമാക്കിയാണോ അതോ രാജാവിന്റെ ഇച്ഛാനുസൃതമാണോ രാജ്യം ഭരിക്കേണ്ടത് എന്നതാണ് നിലവിലെ പ്രശ്നമെന്നും കൂട്ടിച്ചേര്‍ത്തു. ഭരണഘടനയേയും പാര്‍ലമെന്റിനേയും ജനാധിപത്യത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ അനാദരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. കാഴ്ച്ചപ്പാട് നഷ്ടപ്പെട്ട സര്‍ക്കാരാണിത്. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ നിലവിലുള്ള അഴുക്കുപിടിച്ച സംഘത്തെയല്ല സ്വപ്ന തുല്യമായ ഒരു നേതൃത്വത്തെയാണ് രാജ്യത്തിന് ആവശ്യമെന്നും അതിനായി വേണം വോട്ട് രേഖപ്പെടുത്താനെന്നും മോദി അണികളെ ഓര്‍മ്മിപ്പിച്ചു. എല്ലാ പ്രശ്നങ്ങള്‍ക്കും മറ്റുള്ളവരെ കുറ്റം പറയുന്ന ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് നാട മുറിക്കുന്നതല്ലാതെ മറ്റ് ഭാരിച്ച ജോലികളൊന്നുമില്ലെന്നും മോദി പരിഹസിച്ചു.
ദല്‍ഹിയെ മാറ്റൂ ഇന്ത്യയെ മാറ്റൂ എന്ന പ്രഖ്യാപനവുമായി ബിജെപി സംഘടിപ്പിച്ച വികസനറാലി അക്ഷരാര്‍ത്ഥത്തില്‍ ജനസമുദ്രമായി. നാല്‍പ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രവിദഗ്ദ്ധരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഉയര്‍ന്ന പദവിയില്‍ നിന്ന് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരും റാലിയില്‍ പങ്കെടുത്തു. ദല്‍ഹിയില്‍ വിവിധ ഭാഗങ്ങളില്‍ റാലിയുടെ തത്സമയ സംപ്രേഷണത്തിനായി എല്‍ഇഡി സ്ഥാപിച്ചിരുന്നു. ബിജെപി മുന്‍ പ്രസിഡന്റ് നിതിന്‍ ഗഡ്കരി, ദല്‍ഹി അധ്യക്ഷന്‍ വിജയ് ഗോയല്‍, എംപി നവജ്യോത് സിങ് സിദ്ധു തുടങ്ങിയവരും പങ്കെടുത്തു. റാലി നടന്ന രോഹിണിയിലെ ജാപ്പനീസ് പാര്‍ക്കില്‍ മോദി ഹെലികോപ്ടറിലാണെത്തിയത്. റാലിയിലെ ജനപങ്കാളിത്തം മുന്‍കൂട്ടി കണ്ട് ദല്‍ഹി മെട്രോ പ്രത്യേക സര്‍വീസുകളും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: