ന്യൂദല്‍ഹി: എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി ടു ജി അഴിമതിക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച ജെപിസിയുടെ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തുമെന്ന് ബിജെപി.
ജെപിസിയുടെ പാനല്‍ ചെയര്മാന് പി.സി. ചാക്കോ ആ അംഗീകാരം മാന്തിയെടുക്കുകയായിരുന്നെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
റിപ്പോര്‍ട്ട് അംഗീകരിച്ച ജെപിസിയുടെ അവസാന യോഗത്തില്‍ നിന്നും ജെഡിയു അധ്യക്ഷന്‍ ശരത് യാദവ് വിട്ടു നിന്നതിനെയും പ്രസാദ് ചോദ്യം ചെയ്തു. ജെപിസിയുടെ വെള്ളിയാഴ്ചത്തെ സുപ്രധാന യോഗത്തില്‍ നിന്നും രാം മനോഹര്‍ ലോഹ്യ ജന്മം കൊടുത്ത പാര്‍ട്ടിയുടെ പിന്തുടര്ച്ചക്കാരന് വിട്ടു നിന്നതിന് എന്ത് ഒത്തുതീര്‍പ്പാണ് നടന്നതെന്ന് തന്നെ ആശ്ചര്യപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെ പുറത്തുനിന്നും പിന്തുണയ്ക്കുന്ന ബിഎസ്പി-എസ്പി അംഗങ്ങളുടെ സഹായം, ജെഡിയു അംഗത്തിന്റെ അഭാവം എന്നിവ മൂലമാണ് വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ടു ജി അഴിമതി സംബന്ധിച്ച ജെപിസി റിപ്പോര്‍ട്ട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചത്. റിപ്പോര്‍ട്ട് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനും ധനമന്ത്രി പി. ചിദംബരത്തിനും ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 11 നെതിരെ 16 വോട്ടുകളുടെ ബലത്തിലാണ് റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചത്.
എതിര്‍ത്ത് വോട്ട് ചെയ്ത 11 പേരില്‍ ബിജെപിയുടെ അഞ്ചുപേരും ബിജെഡി, ടിഎംസി, സിപിഐ, സിപിഐ(എം), എഐഎഡിഎംകെ, ഡിഎംകെ എന്നിവരുള്‍പ്പെടുന്നു. മുന്‍ ടെലികോം മന്ത്രി എ. രാജ പ്രധാനമന്ത്രിയെ വഴിതെറ്റിക്കുകയായിരുന്നെന്നും വിശ്വാസവഞ്ചന കാണിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 30 അംഗങ്ങളുള്ള കമ്മറ്റിയില്‍ ബിജെപിയുടെ ഗോപിനാഥ് മുണ്ടെ, ജെഡിയുവിന്റെ രണ്ടംഗങ്ങളായ ശരത് യാദവ്, രാമചന്ദ്രപ്രസാദ് സിംഗ് എന്നീ മൂന്നുപേര്‍ പങ്കെടുത്തിരുന്നില്ല.
യോഗത്തില്‍ പങ്കെടുത്ത 27 പേരില്‍ ഭരണകക്ഷിക്ക് കോണ്‍ഗ്രസിന്റെ 11, എന്‍സിപിയുടെ ഒന്ന്, ബിഎസ്പിയുടെ രണ്ട്, എസ്പിയുടെ ഒന്ന്, ശുപാര്‍ശ ചെയ്യപ്പെട്ട് വന്ന രാജ്യസഭാംഗം അശോക് ഗാംഗുലി എന്നീ ക്രമത്തില്‍ 16 വോട്ടുകള്‍ ലഭിച്ചു. ചെയര്മാന് ചാക്കോയും കോണ്‍ഗ്രസിന് അനുകൂലമായാണ് വോട്ട് ചെയ്തത്.
തട്ടിക്കൂട്ടിയ ഭൂരിപക്ഷം ഉപയോഗിച്ച് റിപ്പോര്‍ട്ട് അംഗീകരിച്ച ജെപിസി നടപടി നാണം കെട്ടതാണെന്ന് ബിജെപി നേതാവും കമ്മറ്റിയംഗവുമായ യശ്വന്ത് സിന്‍ഹ പറഞ്ഞു. കമ്മറ്റിയുടെ പരിഗണന ലഭിക്കാത്ത ആ റിപ്പോര്‍ട്ട് തെറ്റായ വിവരങ്ങളുടെയും മുന്‍വിധിയോടെയുള്ള കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1.76 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നും അസുഖകരമായ തീരുമാനമെന്നും സിഎജി ചൂണ്ടിക്കാട്ടിയ അഴിമതിക്കേസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ ഒക്ടോബര്‍ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്.
വിയോജനക്കുറിപ്പുകള്‍ ലഭിച്ചശേഷം ഒക്ടോബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സ്പീക്കര്‍ മീരാ കുമാറിന് സമര്‍പ്പിക്കുമെന്നും ചാക്കോ പറഞ്ഞു. പിന്നീട് ശൈത്യകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: