പള്ളുരുത്തി: മാലിന്യം നിറഞ്ഞ പള്ളുരുത്തി ഹഡ്കോ കുടിവെള്ളടാങ്കിന്റെ ശുചീകരണ പ്രവര്‍ത്തനം ഇന്നലെ ആരംഭിച്ചു. 13 വര്‍ഷം മുമ്പ് കമ്മീഷന് ചെയ്ത ടാങ്കില്‍ ഇതിന് മുമ്പ് ഒരുതവണ മാത്രമാണ് ക്ലീനിംഗ് നടത്തിയത്. പത്ത് എംഎല്‍ടി വെള്ളം സംഭരിക്കാവുന്ന രണ്ട് ടാങ്കുകളാണ് ഇവിടെയുള്ളത്.
ഹഡ്കോടാങ്കിനെ ആശ്രയിച്ചാണ് പള്ളുരുത്തിയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നത്. ഇന്നലെ രാവിലെ ശുചീകരണം ആരംഭിച്ചപ്പോള്‍ ടാങ്കിന്റെ അടിത്തട്ടില്‍ മാലിന്യവും ചെളിയും നിറഞ്ഞ നിലയിലായിരുന്നു.
പള്ളുരുത്തി പ്രദേശത്തെ നഗരസഭാംഗങ്ങളായ കെ.ആര്. പ്രേംകുമാര്‍, തമ്പി സുബ്രഹ്മണ്യം, വി.എ. ശ്രീജിത്ത്, പി.ഡി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ജല അതോറിറ്റി ഉദ്യോഗസ്ഥരും തൊഴിലാളികളും ചേര്‍ന്ന് ശുചീകരണം ആരംഭിച്ചത്. ചെളി കലര്‍ന്ന വെള്ളം പമ്പുചെയ്ത് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് ഒഴുക്കിവിട്ടു. പ്രദേശത്തെ കുടിവെള്ള വിതരണം തടസപ്പെടാതിരിക്കാന്‍ ഓരോ ടാങ്ക് വീതമാണ് ക്ലീന്‍ ചെയ്യുന്നത്.
പള്ളുരുത്തി പ്രദേശത്തേക്ക് പമ്പ് ചെയ്യുന്ന വെള്ളത്തില്‍ കടുത്ത മലിനീകരണമാണെന്ന് കാട്ടി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് മുന്നില്‍ നിരന്തരസമരം നടത്തിയിരുന്നു. ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് ടാങ്ക് ക്ലീന്‍ ചെയാന്‍ നടപടിയായത്. അടുത്ത ദിവസങ്ങളിലും ക്ലീനിംഗ് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടുലക്ഷം രൂപ ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: