ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് ഇതുവരെ 12 കോടി രൂപ സംഭാവനയായി ലഭിച്ചുവെന്ന് അരവിന്ദ് കേജ്രിവാള് അറിയിച്ചു. ഇതില്‍ 10 ലക്ഷം രൂപയും റിക്ഷാക്കാരില് നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇവരില്‍ പലരും ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നതെന്നും കേജ്രിവാള് കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ആം ആദ്മി പാര്‍ട്ടി 20 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലഭിച്ച തുകയില്‍ 6.20 കോടി രൂപയും ഇന്ത്യയില്‍ നിന്നും ശേഷിക്കുന്ന തുക കാനഡ, അമേരിക്ക, ഹോങ്കോങ്, ആസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, യു.എ.ഇ എന്നിവിടങ്ങളിലെ ഇന്ത്യാക്കാരുടെ സംഭാവനയാണ്.
ഹോങ്കോംഗില്‍ നിന്നുള്ള ഒരു പ്രവാസി 50 ലക്ഷം രൂപയാണ് നല്‍കിയത്. വീടുകളില്‍ കയറിയുള്ള പിരിവിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സംഭാവനകളുടെ വിവരങ്ങള്‍ സുതാര്യതയുടെ ഭാഗമായി ആം ആദ്മി പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഓണ്‍ലൈനിലൂടെ മാത്രം 47,000 പേരാണ് പാര്‍ട്ടിക്ക് സംഭാവന നല്‍കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡപ്രകാരം 14 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാന്‍ അനുവാദമുളളതെന്നും ഇതനുസരിച്ച് 70 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിക്ക് ഏകദേശം 10 കോടി രൂപയാണ് പ്രചാരണച്ചെലവ് വരുന്നതെന്നും പാര്‍ട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: