ന്യൂദല്‍ഹി: നരേന്ദ്രമോദി രാജ്യമാകെ തരംഗമാകുകയാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി മോദിയെ പ്രഖ്യാപിച്ചതോടെ രാജ്യമെമ്പാടും ആവേശത്തിലാണ്. കഴിഞ്ഞ ദിവസം മോദി സ്മാര്‍ട്ട് ഫോണായ നമോ ഫോണുകള്‍ രംഗത്ത് വന്നിരുന്നു. ഇതിനു തൊട്ട് പിന്നാലെയാണ് ‘മോദി റണ്‍’ എന്ന ഗെയിമും പുറത്തിറങ്ങിയത്.
മൊബെയില്‍ ആപ്ലിക്കേഷനെ സപ്പോര്‍ട്ട് ചെയ്താണ് മോദി റണ്‍ എന്ന ഗെയിം ആദ്യം പുറത്തിറങ്ങിയതെങ്കിലും ഇപ്പോള്‍ സാധാരണ കംമ്പ്യൂട്ടറിലും ലാപ്റ്റോപ്പിലും ടാബുകളിലും ഉപയോഗിക്കത്തക്കവണ്ണമുള്ള ഫോര്‍മാറ്റില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഗൂഗില്‍ പ്ലേ സ്റ്റോര്‍ ഉള്‍പ്പെടെ മറ്റു നിരവധി സൈറ്റുകളില്‍ ഗെയിം പ്രത്യക്ഷപ്പെട്ടുതുടങ്ങി. യു.എസ് ഗെയിമിംഗ് ആന്‍ഡ് ആപ് കമ്പനിയായ ഡെക്സാറ്റിയാണ് മോദിയെ നായകനാക്കിയുള്ള ടൂഡി ഗെയിം രംഗത്തിറക്കിയത്.
ഗെയിം വെബ്സൈറ്റുകളിലെല്ലാം വന്‍ ഹിറ്റായി കഴിഞ്ഞിരിക്കുന്നു. ഇതിനകം തന്നെ 10,0000ത്തോളം പേര് ഗെയിം ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ സ്വീകാര്യനായിക്കഴിഞ്ഞ മോദി പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. മറ്റു രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഏറെ മുന്നിലാണ് മോദിയുടെ സോഷ്യല്‍ മീഡിയകളിലെ ജനസമ്മതി.
മോദി റണ്‍ എന്ന ഗെയിമില്‍ പ്രധാനമന്ത്രി കസേരയിലേക്കുള്ള നരേന്ദ്രമോദിയുടെ സഞ്ചാരമാണ് മത്സരമാക്കിയിട്ടുള്ളത്. ഗുജറാത്തില്‍ തുടങ്ങി മറ്റു 11 സംസ്ഥാനങ്ങളിലൂടെ ചെങ്കോട്ടയിലെ പ്രധാനമന്ത്രി കസേരിയില്‍ മോദിയെ എത്തിക്കണം ഇതാണ് ഗെയിം കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ദൗത്യം.
ലക്ഷ്യസ്ഥാനത്ത് മോദിയെ എത്തിക്കുന്നതോടെ ഗെയിം കളിക്കുന്ന വ്യക്തി വിജയിയാകും. പന്ത്രണ്ട് പടികളാണ് ഗെയിമിലുള്ളത്. ഗുജറാത്തില്‍ തുടങ്ങുന്ന യാത്ര മറ്റു 11 സംസ്ഥാനങ്ങളിലും തുടരും. മറ്റു ഗെയിമുകളില്‍ പോയിന്റുകളാണെങ്കില് മോദി റണ്ണില്‍ വോട്ടുകളാണ്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, രാജസ്ഥാന്, കേരള, കര്‍ണാടക, ആന്ധ്രാപ്രദേശ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, അസാം, മദ്ധ്യപ്രദേശ് എന്നിവയാണ് മറ്റ് 11 പടികള്‍. ഇവയെല്ലാം അനായാസം കടക്കാമെന്നു വിചാരിച്ചാല്‍ തെറ്റി. വഴിനീളെ പ്രതിബന്ധങ്ങള്‍ കടന്നാണ് യാത്രചെയ്യേണ്ടത്. കേരളവും കര്‍ണാടകയും മറികടക്കാന്‍ കഠിനമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ അനായാസം മറികടക്കാന്‍ കഴിയുമ്പോള്‍ അടുത്തടുത്ത ലേവലുകളില് കാഠിന്യമേറുകയും ചെയ്യുന്നു.
കാവി നിറത്തിലുള്ള കുര്‍ത്തയും വെള്ള പൈജാമയുമാണ് മോദിയുടെ ഗെയിമിലെ വേഷം. ഓരോ സംസ്ഥാനങ്ങളില്‍ കൂടി യാത്രചെയ്യുമ്പോളും പിന്നാമ്പുറ ചിത്രങ്ങളും നിറങ്ങളും മാറുന്നു. ഇന്ത്യയിലെ രാഷ്ട്രീയ നേതാവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ഗെയിം ഇറങ്ങുന്നത് ആദ്യമാണ്. ഇനി ഈ നേട്ടം മോദിക്ക് അവകാശപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: