ഇന്‍ഡോര്‍: ചലഞ്ചര്‍ ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ റെഡ്ഡിനെ പരാജയപ്പെടുത്തി ദല്‍ഹി ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ 112 റണ്‍സിനാണ് ദല്‍ഹി ഇന്ത്യ റെഡ്ഡിനെ കീഴടക്കിയത്. ഇന്ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ ബ്ലൂവാണ് ദല്‍ഹിയുടെ എതിരാളികള്‍.
ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ റെഡ്ഡ് 40.1 ഓവറില്‍ 230 റണ്‍സിന് ഓള് ഔട്ടായി. ദല്‍ഹിക്ക് വേണ്ടി ഉന്മുക്ത് ചന്ദ് 119 റണ്‍സും വിരാട് കോഹ്ലി 63ഉം മിലിന്ദ് കുമാര്‍ 57ഉം രജത് ഭാട്ട്യ പുറത്താകാതെ 40 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ദല്‍ഹിക്ക് ഓപ്പണര്‍മാരായ ഗൗതം ഗംഭീറും ഉന്മുക്ത് ചന്ദും ചേര്‍ന്ന് മികച്ച തുടക്കം നല്കി. എന്നാല്‍ സ്കോര്‍ 61-ല്‍ എത്തിയപ്പോള്‍ 20 റണ്‍സെടുത്ത ഗൗതം ഗംഭീറിനെ അഭിമന്യു മിഥുന് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. പിന്നീട് ഉന്മുക്ത് ചന്ദും വിരാട് കോഹ്ലിയും ചേര്‍ന്ന് ദല്‍ഹിയെ മുന്നോട്ട് നയിച്ചു. സ്കോര്‍ 154-ല്‍ എത്തിയപ്പോള്‍ 55 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത കോഹ്ലിയെ ഷാബാസ് നദീമിന്റെ പന്തില്‍ സമിത് പട്ടേല്‍ സ്റ്റാമ്പ് ചെയ്ത് പുറത്താക്കി. തുടര്‍ന്നെത്തിയ സെവാഗ് എട്ട് റണ്‍സെടുത്ത് മടങ്ങി. പിന്നീട് ഉന്മുക്തും മിലിന്ദ് കുമാറും ചേര്‍ന്ന് സ്കോര്‍ 288-ല്‍ എത്തിച്ചു. 52 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത മിലിന്ദ് കുമാറിനെ ഉമേഷ് യാദവിന്റെ പന്തില്‍ സമിത് പട്ടേല്‍ കയ്യിലൊതുക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. രണ്ട് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 119 റണ്‍സെടുത്ത ഉന്മുക്ത് ചന്ദും മടങ്ങി. പിന്നീട് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രജത് ഭാട്ട്യയാണ് ദല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 19 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സറും ബൗണ്ടറികളുമടക്കം ഭാട്ട്യ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ റെഡ്ഡിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ഒരുഘട്ടത്തില്‍ 59 റണ്‍സെടുക്കുന്നതിനിടെ ഉത്തപ്പ (7), സമിത് പട്ടേല്‍ (5), കേദാര്‍ ജാദവ് (17), യൂസഫ് പഠാന് (0) എന്നിവര്‍ മടങ്ങിയതോടെ റെഡ്ഡിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയേറ്റു. 64 റണ്‍സെടുത്ത അഭിനവ് മുകുന്ദും (64), ഗുര്‍ക്രീത് സിംഗും (83) മാത്രമാണ് ഇന്ത്യ റെഡ്ഡ് നിരയില്‍ മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയത്. 12 ഓവറില്‍ 84 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ സൂദും 9 ഓവറില്‍ 38 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആശിഷ് നെഹ്റയുമാണ് ദല്‍ഹിക്ക് വേണ്ടി മികച്ച ബൗളിംഗ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: