തിരുവനന്തപുരം: സൈബര്‍ സുരക്ഷയ്ക്ക് വിവിധ ഏജന്‍സികളുടെ സഹകരണവും ഏകോപിച്ചുള്ള പ്രവര്‍ത്തനവും അനിവാര്യമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്രാധാകൃഷ്ണന്. കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം താജ് വിവാന്റയില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ആന്റ് പോലീസിംഗ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റിന്റെയും സൈബര്‍ രംഗത്തിന്റെയും സുരക്ഷയ്ക്കും ശരിയായ പരിപാലനത്തിനും വിവിധ രാജ്യങ്ങളിലെ ഏജന്‍സികളുടെ സംയോജിത പ്രവര്‍ത്തനം വഴിയൊരുക്കും. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് നിര്‍ണായക സ്വാധീനമാണ് വിവര സാങ്കേതിക വിദ്യയ്ക്കുള്ളത്. യഥാര്‍ത്ഥത്തില്‍ നടക്കുന്ന സാമൂഹ്യ വിനിമയങ്ങളെക്കാളേറെ വെര്‍ച്വല്‍ ലോക വിനിമയം നടക്കുന്ന സ്ഥിതിയിലേക്ക് ഈ മേഖല വളര്‍ന്നിരിക്കുന്നു. ജനജീവിതത്തിന് ഇത്തരം സാങ്കേതിക വിദ്യാ സാഹചര്യങ്ങള്‍ ഏറെ സഹായകമാണെങ്കിലും സുരക്ഷിത കംപ്യൂട്ടിംഗിന് എതിരായി നടക്കുന്ന പലതരം അക്രമങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും ഈ രംഗത്തെ ഗുണഫലങ്ങളെ അട്ടിമറിക്കുന്നു. ഇതോടൊപ്പം സൈബര്‍ കുറ്റകൃത്യങ്ങളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നു. ഇത്തരം പ്രവണതകളെ തടയിടുന്നതിന് ഫലപ്രദമായ സുരക്ഷയൊരുക്കി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയുടെ ആഗോള സ്വഭാവം മൂലം ലോകമൊട്ടാകെയുള്ള സര്‍ക്കാരുകളുടെയും സേവന ദാതാക്കളുടെയും നിയമ പരിപാലകരുടെയും സംയുക്ത പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ സുരക്ഷ ഉറപ്പാക്കുമ്പോള്‍ തന്നെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ വ്യക്തികളുടെ സ്വകാര്യതയെ തകര്‍ക്കുന്നതോ ന്യായമായ അഭിപ്രായ പ്രകടനത്തെ തടയുന്നതോ ആകരുതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷന് പ്രത്യേക പ്രഭാഷണം നടത്തി. ഡപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നിഷാല്‍ സന്ധു മുഖ്യപ്രഭാഷണം നടത്തി. ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍.രാധാകൃഷ്ണന്, സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്, എഡിജിപി വിന്‍സണ്‍ എം.പോള്‍ എന്നിവര്‍ പ്രസംഗിച്ചു. സൈബര്‍കുറ്റകൃത്യങ്ങളെ സംബന്ധിച്ചും സൈബര്‍സുരക്ഷയെ സംബന്ധിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങളും പ്രവണതകളും ബന്ധപ്പെട്ട ഏജന്‍സികള്‍ ചര്‍ച്ചചെയ്യുകയും പരസ്പരം കൈമാറുകയും ചെയ്യുക, കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സംരംഭകരും സ്വകാര്യ സേവനദാതാക്കളും തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആറാമതു സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്.
ഇന്ന് രാവിലെ 9.30ന് നടക്കുന്ന സെഷനില്‍ പോള്സൈബി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ബസിപാങ്ങ് മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആരോഗ്യദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അദ്ധ്യക്ഷനാകും. മേയര്‍ അഡ്വ.ചന്ദ്രിക മുഖ്യാതിഥിയായിരിക്കും. ഐ.ടി.വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്, സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്, ഇസ്ര ഡയറക്ടര്‍ മനു സക്കറിയ, ഹെഡ്ക്വാര്‍ട്ടേഴ്സ് ഐ.ജി.മനോജ് എബ്രഹാം എന്നിവര്‍ പ്രസംഗിക്കും.
വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍, സൈബര്‍ യൂണിറ്റ് എഡിജിപിമാര്‍, എന്‍ഐഎ. യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സിബിഐ., ഐബി., റോ, എന്‍സിആര്‍ബി, ബിപിആര്‍ഡി, സെര്‍ട്ട്.ഇന്‍ തുടങ്ങിയ ഏജന്‍സികളുടെ സീനിയര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സൈബര്‍ സെക്യൂരിറ്റിവിദഗ്ധരും വിദ്യാര്‍ഥികളുമുള്‍പ്പെടെയുള്ളവര്‍ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: