കൊച്ചി: പൂത്തൃക്ക, തിരുവാണിയൂര്‍ പഞ്ചായത്തുകളിലെ മണ്ണെടുപ്പ് യാതൊരു നിയന്ത്രണവുമില്ലാതെ നിര്‍ബാധം തുടരുന്നു. കൊടകുത്തിയിലെ സ്വകാര്യ ഭൂമിയില്‍ നിന്നും രാവിലെ 3മണിക്ക് തുടങ്ങുന്ന മണ്ണെടുപ്പിനും കല്ലുവെട്ടിനും തിരുവാണിയൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൂട്ടു നില്‍ക്കുകയാണ്. വലിയ മടപോലെ അകത്തേക്ക് എടുത്തിട്ടുള്ള ഭൂമിയില്‍ ജെസിബിയും ടിപ്പറുകളും പകല്‍ സമയങ്ങളില്‍ ഒളിപ്പിച്ചിടുകയും മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നുവെന്ന വിവരം അറിഞ്ഞാല്‍ ഇവിടെനിന്ന് മാറ്റുന്നതും പതിവാണ്.
പഞ്ചായത്തില്‍ മണ്ണെടുപ്പ് നിരോധനം വരുന്നതിന് മുമ്പ് ഒരു ലോഡിന് മുന്നൂറു മുതല്‍ മുന്നൂറ്റി അമ്പത് വരെ മാത്രം വിലയുണ്ടായിരുന്ന മണ്ണിന് ഇപ്പോള്‍ ആയിരത്തി അഞ്ഞൂറു രൂപവരെ ലഭിക്കുന്നതിനാലും മണ്ണെടുക്കുന്നവര്‍ തന്നെ അധികാരികളെ സ്വാധീനിക്കുന്നതിനാലും മണ്ണെടുപ്പിന് ഭൂമി വിട്ടുനല്‍കാന്‍ വ്യക്തികളും തയ്യാറാവുന്നുണ്ട്.
പുതുപ്പനത്ത് മണ്ണെടുത്ത് ചെങ്കുത്തായ പ്രദേശത്ത് അധികാരികളുടെ പാസ്സോടുകൂടിയാണെന്ന് വരുത്തിതീര്‍ത്ത് വ്യാപകമായ രീതിയില്‍ മണ്ണെടുപ്പ് തുടങ്ങി കഴിഞ്ഞു. പുത്തന്‍കുരിശ് മലേക്കുരിശിന് സമീപമുള്ള ചെങ്കല്ലുമടയുടെ മറവില്‍ ദിനം പ്രതി നിരവധി ലോഡ് മണ്ണാണ് കയറി പോകുന്നത്. പൊലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള ടിപ്പറുകളുടെ പ്രയാണം പോലും പൊലീസ് അറിഞ്ഞ മട്ടില്ല.
ആറു മാസം മുമ്പ് ചൂണ്ടിയിലെ നാല്പത്തി അഞ്ച് സെന്റ് പാടശേഖരത്തില്‍ മണ്ണിടുവാനെത്തിയ വാഹനത്തിന്റെ നമ്പറും പടവും സഹിതം പ്രദേശവാസികള്‍ ആര് ഡി ഒയ്ക്ക് പരാതി നല്കുകകയും വാഹനം കസ്റ്റഡിയിലെടുക്കുവാന്‍ ആര് ഡി ഒ ഉത്തരവിടുകയും ചെയ്തുവെങ്കിലും പോലീസ് അതിന് ഇതുവരെ തയ്യാറായിട്ടില്ല. ഇതേ വാഹനം ഇപ്പോഴും അനധികൃത മണ്ണെടുപ്പിനായി കോലഞ്ചേരി പൂത്തൃക്ക തിരുവാണിയൂര്‍ പ്രദേശങ്ങളില്‍ സജീവമാണ്.
ഉന്നത പൊലീസ് രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധമുപയോഗിച്ച് നിര്‍ബാധം തുടരുന്ന മണ്ണെടുപ്പ് മൂലം പൂത്തൃക്ക തിരുവാണിയൂര്‍ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായെന്ന് മാത്രമല്ല കൃഷിയിടങ്ങള്‍ പോലും തരിശാക്കിയിടേണ്ട അവസ്ഥയിലേക്കാണ് എത്തുന്നത്. ഒരു കാലത്ത് ജില്ലയുടെ കുട്ടനാട് എന്ന് അറിയപ്പെട്ടിരുന്ന തമ്മാനിമറ്റം പാടശേഖരം തരിശാക്കിയിടേണ്ടി വരുന്നതിന്റെ കാരണവും വ്യാപകമായ മണ്ണെടുപ്പാണെന്ന് പറയുന്നു.
മണ്ണെടുക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ഈ പ്രദേശങ്ങളില്‍ വിഹരിക്കുന്നതോടെ സാധാരണ ജനജീവിതം ദുസ്സഹമാവുകയാണെന്ന് സ്വകാര്യമായി സമ്മതിക്കുമെങ്കിലും മണ്ണ് മാഫിയയുടെ ഭീഷണിയെ ഭയന്ന് പൊതുജനം പരാതി പറയുവാന്‍ പോലും മടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: