ന്യൂദല്‍ഹി: കുറ്റവാളികളായ ജനപ്രതിനിധികളെ രക്ഷപ്പെടുത്താനുദ്ദേശിച്ച് തയ്യാറാക്കിയ ഓര്‍ഡിനന്‍സ് അസംബന്ധമാണെന്നും വലിച്ചുകീറി ദൂരെ എറിയണമെന്നും രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്തന്നെ ഓര്‍ഡിനന്‍സിനെതിരെ രംഗത്തെത്തിയത് യുപിഎ സര്‍ക്കാരിന് കനത്ത ആഘാതമായി. ഇത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും തന്റെ സ്വന്തം നിലപാടാണെന്നും രാഹുല്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രി അജയ് മാക്കനൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് സ്വന്തം പാര്‍ട്ടിയുടെ നിലപാടിനെതിരെ രാഹുല്‍ രംഗത്തുവന്നത്.
രാഷ്ട്രീയ പരിഗണന നോക്കി ഓര്‍ഡിനന്‍സുമായി മുന്നോട്ടുനീങ്ങാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ ഈ അസംബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതിക്കെതിരെ പോരാടാന്‍ നിങ്ങളിറങ്ങിയാല്‍ അത് കോണ്‍ഗ്രസ് ആയാലും മറ്റ് പാര്‍ട്ടികളായാലും ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടിവരും എന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രതുടര്‍ന്ന് പ്രകോപിതനായി രാഹുല്‍ വേദിയില്നിന്നിറങ്ങിയെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ തിരികെ എത്തിക്കുകയായിരുന്നു.
രാഹുലിന്റെ നിരീക്ഷണം തന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്ന് പിന്നീട് അജയ് മാക്കന് പറഞ്ഞു. ഓര്‍ഡിനന്‍സ് സംബന്ധിച്ച രാഹുലിന്റെ വീക്ഷണത്തെപ്പറ്റി കേന്ദ്രമന്ത്രി മനീഷ് തിവാരിയോട് ചോദിച്ചപ്പോള്‍ ഉപാധ്യക്ഷന്‍ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്ന് വ്യക്തമാക്കി അദ്ദേഹം വിവാദത്തില്നിന്നൊഴിഞ്ഞുനിന്നു.
അതേസമയം, ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ഗാന്ധി രംഗത്തുവന്നത് പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി വ്യക്തമാക്കി. ഓര്‍ഡിനന്‍സിനെതിരെ പൊതുജനവികാരം ശക്തമായതിനെതുടര്‍ന്ന് രാഹുല്‍ഗാന്ധി വിഷയത്തില്‍ നാടകീയമായി ഇടപെടുകയായിരുന്നു. ഓര്‍ഡിനന്‍സ് രാഷ്ട്രപതി തിരിച്ചയക്കുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. വൈകിയെത്തിയ ഈ തിരിച്ചറിവ് അസംബന്ധം മാത്രമാണെന്ന് ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി ആരോപിച്ചു. അപ്പോള്‍ ഓര്‍ഡിനന്‍സിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓര്‍ഡിനന്‍സിനെതിരായ രാഹുല്‍ഗാന്ധിയുടെ ആക്രമണം തികച്ചും ആസൂത്രിതമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെ സൗഗതാ റോയിയും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനകത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് ഈ അഭിപ്രായപ്രകടനം സഹായിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി മന്മോഹന്സിംഗിന് അല്പമെങ്കിലും സ്വാഭിമാനം ബാക്കിയുണ്ടെങ്കില്‍ പ്രശ്നത്തിലിടപെടണമെന്ന് പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടു. മുരളീമനോഹര്‍ ജോഷിയും മുക്താര്‍ അബ്ബാസ് നഖ്വിയും രാഹുലിന്റെ നാടകീയ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. വെറും രാഷ്ട്രീയ തട്ടിപ്പെന്ന് മറ്റ് പ്രതിപക്ഷ കക്ഷികളും രാഹുലിന്റെ ധാര്‍മ്മിക രോഷത്തെ വിലയിരുത്തി. തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചാല്‍ സര്‍ക്കാരിനുണ്ടാകുന്ന ക്ഷീണം പ്രചാരണവിഷയമാകും. ഇത് മുന്‍കൂട്ടി കണ്ട് രാഹുല്‍ഗാന്ധിയെ പ്രശ്നത്തിലിടപെടുത്തുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ എന്നാണ് വ്യാപകമായ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: