ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ മരുമകന് മെയ്യപ്പനെതിരേ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന എന്‍. ശ്രീനിവാസന് വീണ്ടും ബിസിസിഐ പ്രസിഡന്റായി മത്സരിക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടാലും കേസില്‍ തീരുമാനമുണ്ടാകുന്നതുവരെ ചുമതലയേല്ക്കുന്നതില് നിന്ന് കോടതി വിലക്കി. നാളത്തെ ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം നടത്താനും കോടതി അനുമതി നല്കി.
ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സെക്രട്ടറി ആദിത്യാ വര്‍മ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എ.കെ. പട്നായ്ക്, ജഗ്ദീഷ് സിംഗ് കെഹര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ശ്രീനിവാസനെ ബിസിസിഐ പ്രസിഡന്റായി മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്നും അദ്ദേഹത്തിന് ഇടക്കാല വിലക്കേര്പ്പെടുത്തണമെന്നുമായിരുന്നു ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഹര്‍ജിയിലെ ആവശ്യം.
മരുമകന് വാതുവയ്പ്പ് കേസ് കുറ്റപത്രത്തിലുള്ള സ്ഥിതിക്ക് എങ്ങനെ ശ്രീനിവാസന് അദ്ധ്യക്ഷനായി തുടരാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. കോടതിക്ക് വ്യക്തികളെ അറിയില്ല ബിസിസിഐയേയും ക്രിക്കറ്റിനേയും മാത്രമേ അറിയൂ എന്നും കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ശ്രീനിവാസന് തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. എന്നാല്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ കോടതി ഉത്തരവ് വരുംവരെ ശ്രീനിവാസന് കാത്തിരിക്കേണ്ടിവരും.
മെയ്യപ്പനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച ബിസിസിഐ സമിതി അദ്ദേഹത്തിന് അനുകൂലമായ റിപ്പോര്‍ട്ടായിരുന്നു നല്‍കിയത്. ഇതിന്റെ മറവില്‍ വീണ്ടും സ്ഥാനമേല്‍ക്കാന്‍ ശ്രീനിവാസന് ശ്രമിച്ചെങ്കിലും ഇതും വിഫലമാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: