റാഞ്ചി: ബാറ്റുകൊണ്ട് മിന്നല്‍പ്പിണര്‍ തീര്‍ത്ത ധോണിയുടെയും സുരേഷയ് റെയ്നയുടെയും മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിജയം. ഇന്ത്യന്‍ ടീമുകള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ 12 റണ്‍സിനാണ് ധോണിപ്പട ഹൈദരാബാദ് സണ്‍റൈസേഴ്സിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍കിംഗ്സ് 20 ഓവറില്‍ നാല് വിക്കറ്റിന് 202 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധസെഞ്ച്വറി തന്റെ പേരിലാക്കിയ ധോണി മത്സരം അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം പേരില്‍ എഴുതിചേര്‍ക്കുകയായിരുന്നു. വെറും 19 പന്തില്‍ നിന്ന് 1 ബൗണ്ടറിയും 8 കൂറ്റന്‍ സിക്സറുകളുമടക്കം 63 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. ഹൈദരാബാദ് ബൗളര്‍മാരില്‍ തീസര പെരേരയാണ് ധോണിയുടെ ബാറ്റിന്റെ കരുത്തറിഞ്ഞത്. പെരേര എറിഞ്ഞ 18-ാം ഓവറില്‍ അഞ്ച് തവണയാണ് ധോണി പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയത്. ധോണിക്ക് മുന്നേ സുരേഷ് റെയ്നയാണ് കമ്പക്കെട്ടിന് തിരികൊളുത്തിയത്. 57 പന്തുകളില്‍ നിന്ന് 9 ബൗണ്ടറികളും ഒരു സിക്സറുമടക്കം 84 റണ്‍സാണ് റെയ്ന അടിച്ചുകൂട്ടിയത്.
ടോസ് നേടിയ സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡ് തുറക്കും മുന്നേ മുരളി വിജയിനെ നഷ്ടമായി. ഡെയ്ല്‍ സ്റ്റെയിനിന്റെ പന്തില്‍ ധവാന് ക്യാച്ച്. രണ്ടാം വിക്കറ്റില്‍ മൈക്ക് ഹസ്സിയും സുരേഷ് റെയ്നയും ചേര്‍ന്ന് സ്കോര്‍ 45 റണ്‍സിലെത്തിച്ചു. 23 റണ്‍സെടുത്ത ഹസ്സിയെ ഡുമ്നി പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് 13 റണ്‍സെടുത്ത ബദരിനാഥും ഡുമ്നിയുടെ പന്തില്‍ സ്റ്റെയിന് ക്യാച്ച് നല്കി മടങ്ങി. പിന്നീടായിരുന്നു കളിയുടെ ഗതി നിര്‍ണയിച്ച നായകന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ്. സ്വതസിദ്ധമായ കൂറ്റനടികളോടെ ധോണി കളം വാണു. ഒടുവില്‍ സ്കോര്‍ 175-ല്‍ എത്തിയപ്പോള്‍ റെയ്ന സ്റ്റെയിന്റെ പന്തില്‍ തീസര പെരേരക്ക് ക്യാച്ച് നല്കി മടങ്ങി. സണ്‍റൈസേഴ്സിന് വേണ്ടി സ്റ്റെയിനും ജെ.പി. ഡുമ്നിയും രണ്ട് വിക്കറുകള്‍ വീതം വീഴ്ത്തി.
കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ ധവാനും പാര്‍ത്ഥിവ് പട്ടേലും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 9.2 ഓവറില്‍ 87 റണ്‍സാണ് അടിച്ചുകൂട്ടിയത്. 28 പന്തില്‍ നിന്ന് 6 ബൗണ്ടറികളോടെ 37 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേല്‍ റണ്ണൗട്ടായി. സ്കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും റണ്ണൊന്നുമെടുക്കാതെ ജെ.പി. ഡുമ്നി മടങ്ങി. സ്കോര്‍ 91-ല്‍ എത്തിയപ്പോള്‍ 48 റണ്‍സെടുത്ത ധവാനും മടങ്ങിയത് സണ്‍റൈസേഴ്സിന് തിരിച്ചടിയായി. സ്കോര്‍ 106ല്‍ എത്തിയപ്പോള്‍ തീസര പെരേരയും (12) മടങ്ങി. തുടര്‍ന്ന് ഡാരന്‍ സമിയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. എന്നാല്‍ മറ്റുതാരങ്ങളില്‍ നിന്ന് മികച്ച പിന്തുണ സമിക്ക് ലഭിച്ചില്ല. ഇതിനിടെ പേശിവലിവിനെ തുടര്‍ന്ന് സമിക്ക് വേദനയനുഭവപ്പെടുകയും ചെയ്തു. ഒടുവില്‍ 18.4 ഓവറില്‍ സകോര്‍ 175-ല്‍ എത്തിയപ്പോള്‍ സമിയെ ഹോള്‍ഡര്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ വിജയം ചെന്നൈ പിടിച്ചെടുത്തു. 25 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയും അഞ്ച് സിക്സറുമുള്‍പ്പെട്ടതായിരുന്നു സമിയുടെ ഇന്നിംഗ്സ്. ചെന്നൈക്ക് വേണ്ടി ഹോള്‍ഡറും ബ്രാവോയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: