ഇന്‍ഡോര്‍: ഇന്ത്യ ബ്ലൂ എന്‍.കെ.പി. സാല്‍വെ ചലഞ്ചര്‍ ട്രോഫിയുടെ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ റെഡിനെ 11 റണ്‍സിന് കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം വിജയവുമായി ഇന്ത്യ ബ്ലൂ ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബ്ലൂ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ റെഡ് കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വിജയത്തിന് 11 റണ്‍സ് അകലെ ഓള് ഔട്ടായി.
53 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളും അഞ്ച് സിക്സറുമടക്കം 83 റണ്‍സെടുത്ത ക്യാപ്റ്റന്‍ യുവരാജ് സിംഗിന്റെയും 96 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 84 റണ്‍സെടുത്ത ആകാശ് റെഡ്ഢി, വെറും 39 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറിയും അഞ്ച് സിക്സറുമടക്കം പുറത്താകാതെ 75 റണ്‍സെടുത്ത അഭിഷേക് നായര്‍, മനീഷ് പാണ്ഡേ (70) എന്നിവരുടെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ ബ്ലൂ 345 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ നേടിയത്.
346 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ റെഡിന്റെ ആദ്യ വിക്കറ്റ് സ്കോര്‍ 16-ല്‍ എത്തിയപ്പോള്‍ നഷ്ടമായി. 9 റണ്‍സെടുത്ത ഉത്തപ്പയാണ് ആദ്യം മടങ്ങിയത്. എന്നാല്‍ അഭിനവ് മുകുന്ദും സമിത് പട്ടേലും ഒത്തുചേര്‍ന്നതോടെ റെഡ് മത്സരത്തിലേക്ക് തിരിച്ചെത്തി. സ്കോര്‍ 150 റണ്‍സിലെത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 83 റണ്‍സെടുത്ത അഭിനവ് മുകുന്ദിനെ സക്സേന വിനയ്കുമാറിന്റെ കൈകളിലെത്തിച്ചു. പിന്നീട് സ്കോര്‍ 180-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത നായകന് യൂസഫ് പഠാനെ യുവരാജ് മടക്കി. പിന്നീട് സ്കോര്‍ 248-ല്‍ എത്തിയപ്പോള്‍ 40 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത കേദാര്‍ ജാദവിനെ പിയൂഷ് ചൗളയും സ്കോര്‍ 249-ല്‍ എത്തിയപ്പോള്‍ 34 റണ്‍സെടുത്ത ഇഷാങ്ക് ജഗ്ഗിയെയും ചൗള മടക്കി.
പിന്നീടെത്തിയവരില്‍ 27 റണ്‍സെടുത്ത ഷഹബാസ് നദീമും മടങ്ങിയതോടെ ഇന്ത്യ റെഡ്ഡിന് പരാജയം സമ്മതിക്കേണ്ടിവന്നു. ഇന്ത്യ ബ്ലൂവിന് വേണ്ടി വിനയ്കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും 76 റണ്‍സാണ് വിട്ടുകൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: