അമൃതപുരി (കൊല്ലം): ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വികസിതഭാരതത്തിന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ അമ്മയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് യുവാക്കള്‍ രംഗത്തിറങ്ങുന്നു. രാജ്യത്തെ ഗ്രാമങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളില്‍ യുവാക്കളെ വ്യാപൃതരാക്കാനുതകുന്ന നൂതനമായ ബോധന പരിപാടിക്ക് തുടക്കമിട്ട് അമൃത വിദ്യാപീഠമാണ് പുതിയ കര്മ്മകാണ്ഡത്തിന് വഴിതുറക്കുന്നത്. മാതാ അമൃതാനന്ദമയീ ദേവിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചാണ് അമൃത ലിവ്-ഇന്‍-ലാബ്സ് (ആലില) എന്ന പേരില്‍ അമൃത സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പ്രോഗ്രാംസ് ഇത്തരമൊരു പദ്ധതിക്കു തുടക്കമിടുന്നത്.
അമൃത സര്‍വകലാശാലയിലേയും വിദേശത്തെ മികച്ച ചില സര്‍വകലാശാലകളിലേയും വിദ്യാര്‍ഥികള്‍ ഭാരതത്തിലെ ഗ്രാമങ്ങളില്‍ ആറുമാസം താമസിക്കുകയും അവിടുത്തെ ആരോഗ്യ, ശുചിത്വ, ഊര്‍ജ്ജ, ജലസേചന, മാലിന്യ, പരിസ്ഥിതി മേഖലകള്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി മനസിലാക്കുകയുമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
അനുഭവസമ്പത്തില്‍നിന്ന് ആര്‍ജിക്കുന്ന പുതിയ കണ്ടെത്തലുകള്‍ ഗ്രാമീണ ജനതയുടെ ഉന്നതിക്കായി പ്രയോജനപ്പെടുമെന്ന പ്രതീക്ഷയാണ് പദ്ധതിക്ക് പിന്നില്‍. ഈ പ്രശ്നങ്ങളെ നേരിടാനുതകുന്ന പദ്ധതികള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വികസിപ്പിച്ച് നടപ്പാക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ അമ്മ നടത്തിയ പ്രഭാഷണമാണ് ഇത്തരമൊരു ആശയത്തിലേക്ക് മഠത്തെ നയിച്ചത്.
സര്‍വസാധാരണക്കാരന്റെ ജീവിതവട്ടങ്ങളിലേക്ക് പുതിയ തലമുറയ്ക്ക് കടന്നുചെല്ലാനും അവരോടൊപ്പം കഴിയാനും ഗ്രാമങ്ങള്‍ ജീവിക്കുന്ന പരിതസ്ഥിതികള്‍ അടുത്തറിയാനും ഉപകരിക്കും വിധമുള്ള പ്രവര്‍ത്തന പദ്ധതിയാണ് അമൃത ലിവ് ഇന്‍ ലാബ്സിലുടെ അമൃത വിദ്യാപീഠം ലക്ഷ്യമിടുന്നത്.
രാജ്യത്തെ ഓരോ കുടുംബത്തിലെയും ഒരാളെങ്കിലും തങ്ങളുടെ ബിരുദപഠനത്തിനുശേഷം ഗ്രാമങ്ങളില്‍ പോയി ഒരു വര്‍ഷമെങ്കിലും സേവനപ്രവര്‍ത്തനം നടത്തണമെന്ന് 2013 ജനുവരിയില്‍ നടത്തിയ പ്രഭാഷണത്തില്‍ അമ്മ നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍ ധനസഹായം നല്കി പ്രോല്സാഹിപ്പിക്കുന്നപക്ഷം അത് പാവങ്ങളുടെ ഉന്നമനത്തിനു കാരണമാകുമെന്നതിലുപരി യുവാക്കളില്‍ സഹാനുഭൂതി ഉണരാനും രാജ്യത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്കും അതു സഹായകരമാകുമെന്നും അമ്മ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളേയും ഗവേഷണപ്രവര്‍ത്തനങ്ങളും കൈമാറുന്നതിന് അമൃത, കാലിഫോര്‍ണിയ സര്‍വകലാശാലകള്‍ തമ്മിലുള്ള ധാരണാപത്രം ഇന്നലെ അമൃതവര്‍ഷം 60ല്‍ ഒപ്പുവച്ചു.
കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ എക്സിക്യൂട്ടീവ് വൈസ് ചാന്‍സിലര്‍ ഡോ. സുരേഷ് സുബ്രഹ്മണിയും അമൃതയിലെ വൈസ് ചാന്‍സിലര്‍ ഡോ. പി. വെങ്കട്ട് രംഗനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
കാലിഫോര്‍ണിയ സര്‍വകലാശാല ഇന്റേണല്‍ അഫയേഴ്സ് ഡയറക്ടര്‍ മിഷല്‍ എല്‍ ഹെര്‍മസ്, അമൃത സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പ്രോഗ്രാംസ് ഡയറക്ടര്‍ ഡോ. മനീഷ വി. രമേഷ്, കോ ഡയറക്ടര്‍ ഡോ.കൃഷ്ണശ്രീ അച്യുതന്, പ്രോഗ്രാം മാനേജര്‍ ശ്രീ പി. മനോജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അധ്യാപകര്‍, ബിരുദ-ബിരുദാനന്തര-ഗവേഷണ വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ വിനിമയം, സംയുക്തമായ ഗവേഷണ-പ്രസിദ്ധീകരണ പദ്ധതികള്‍, വെര്‍ച്വല്‍ ലാബുകള്‍, പ്രസിദ്ധീകരണങ്ങള്‍, വിവരങ്ങള്‍, പഠനോപകരണങ്ങള്‍ തുടങ്ങിയവയുടെ വിനിമയം, ഹ്രസ്വകാല പദ്ധതികളും സന്ദര്‍ശനങ്ങളും തുടങ്ങിയവയെല്ലാം ഈ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: