അമൃതപുരി : അമ്മയുടെ ആത്മീയ സാന്നിധ്യം അനുഭവിക്കാനെത്തിയ പതിനായിരങ്ങള്‍ ക്കിടയിലേക്ക് ക്ഷാത്രവീര്യത്തിന്റെ ഊര്‍ജ്ജസ്വലതയോടെ നരേന്ദ്രമോദി കടന്നുവന്നപ്പോള്‍ നിലയ്ക്കാത്ത ആരവവും കാതടപ്പിക്കുന്ന കൈയടിയും. വേദിയില്‍ മോദിയുടെ ശബ്ദമുയര്ന്നപ്പോഴൊക്കെ സദസ്സ് ഇളകിയാടി. മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളാഘോഷ വേദിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു ഇന്നലത്തെ മുഖ്യ താരം.
പ്രൗഢ ഗംഭീരമായ വേദിയിലേക്ക് കൃത്യസമയത്തുതന്നെ അമ്മയ്ക്കൊപ്പം മോദി എത്തി. വേദിയില്‍ ഉപവിഷ്ടരായിരുന്ന വിശിഷ്ഠാതിഥികളായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രോപ്പൊലീത്ത, ഭയ്യാജി ജോഷി തുടങ്ങിയവരുടെ അടുക്കലെത്തി അഭിവാദ്യമര്പ്പിച്ചശേഷമാണ് മോദി തന്റെ കസേരയില്‍ ചെന്നിരുന്നത്. അമ്മയ്ക്കും മെത്രോപ്പൊലീത്തയ്ക്കും മധ്യത്തിലായ കസേരയിലിരുന്ന മോദി ഇടയ്ക്കിടെ ഇരുവരുമായി ആശയവിനിമയവും നടത്തി. യോഗ നടപടികള്‍ ആരംഭിച്ചശേഷമാണ് സ്വാമി പ്രകാശാനന്ദ വേദിയിലേക്ക് എത്തിയത്. സ്വാമി എത്തിയയുടന്‍ കസേരയില്‍ നിന്നെഴുന്നേറ്റുചെന്ന് മോദി സ്വാമിയുടെ പാദവന്ദനം ചെയ്തു.
ആങ്കറും സ്വാഗതപ്രസംഗകനും നരേന്ദ്രമോദി എന്നുച്ചരിച്ചപ്പോഴൊക്കെ സദസ്സ് കയ്യടിയില്‍ മുഖരിതമായി. ഗുജറാത്തിന്റെ ഇന്നത്തെ പ്രധാനമന്ത്രിയും ഭാരതത്തിന്റെ നാളത്തെ പ്രധാനമന്ത്രിയുമായ മോദിയെന്നുപറഞ്ഞുകൊണ്ട് പി. പരമേശ്വരന് പ്രസംഗം ആരംഭിച്ചപ്പോള്‍ സദസ് കരഘോഷത്താല്‍ പ്രതികരിച്ചു. വേദിയില്‍ പങ്കെടുക്കേണ്ട പലരെയും കാണാത്തത് മോദി വന്നതുകൊണ്ടാണെന്ന വെള്ളാപ്പള്ളി നടേശന്റെ തമാശയും സദസ് ആസ്വദിച്ചു.
അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വിവിധ ഉപകരണങ്ങളും പദ്ധതികളും സമര്‍പ്പിച്ചുകൊണ്ടുള്ള ചടങ്ങിലെ ഓരോ നടപടികളും വളരെ സൂക്ഷ്മതയോടെ വീക്ഷിച്ചുകൊണ്ടാണ് മൂന്ന് മണിക്കൂറോളം മോദി വേദി പങ്കിട്ടത്. സഹോദരീ സഹോദരന്മാരെ എന്ന അഭിസംബോധനയോടെ അഞ്ചാറ് വരികള്‍ തനി മലയാളത്തില്‍ പറഞ്ഞുകൊണ്ട് പ്രസംഗം തുടങ്ങി കേഴ്വിക്കാരെ കൈയിലെടുത്ത മോദി പിന്നീട് ഇംഗ്ലീഷിലും ശേഷം ഹിന്ദിയിലും കത്തിക്കയറിയപ്പോള്‍ വേദിയും സദസ്സും സശ്രദ്ധം കേട്ടിരുന്നു. ആധ്യാത്മികതയുടെയും ദേശീയതയുടെയും ഭാരതത്തിന്റെ ഭാവിയുടെയും ശബ്ദം മോദിയില്‍ നിന്നുണ്ടായപ്പോള്‍ രാഷ്ട്രീയക്കാരനെന്നുള്ളതിലുപരിയാണ് ഈ നേതാവെന്ന തോന്നലാണ് സദസിനുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: