തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്ക് കേരളത്തിലെ യാത്രയ്ക്ക് ഹെലികോപ്റ്റര്‍ വിട്ടു നല്‍കിയത് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മോദിക്ക് യാത്രചെയ്യാന്‍ ഹെലികോപ്റ്റര്‍ നല്‍കിയത്.
തിരുവനന്തപുരത്തു നിന്ന് വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലേക്കുള്ള യാത്രയ്ക്ക് കൊല്ലം വരെ മോദി ഹെലികോപ്റ്ററാണ് ഉപയോഗിച്ചത്. കൊല്ലം ആശ്രാമം മൈതാനത്ത് ഇറങ്ങിയ അദ്ദേഹം അവിടെ നിന്ന് റോഡ്മാര്‍ഗ്ഗമാണ് വള്ളിക്കാവിലേക്ക് പോയത്. ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ്ജോഷിയും ബിജെപി നേതാക്കളായ രാംലാല്‍, വി.സതീഷ് എന്നിവരും ഹെലികോപ്റ്ററില്‍ നരേന്ദ്രമോദിക്കൊപ്പം വള്ളിക്കാവിലേക്ക് പോയി.
ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ്ജോഷി അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്നലെ രാവിലെയാണ് തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ അദ്ദേഹത്തെ ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് കെ.വേണു, വിഭാഗ് പ്രചാരക് എ.വിനോദ്, പ്രാന്തീയ വ്യവസ്ഥാപ്രമുഖ് എം.ഗണേശ്, ജില്ലാപ്രചാരക് സന്തോഷ്, ബിജെപി സംസ്ഥാന വക്താവ് വി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വള്ളിക്കാവിലെ പരിപാടിക്ക് ശേഷം ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ നരേന്ദ്രമോദി 2.48ന് പ്രത്യേക വിമാനത്തില്‍ ത്രിശ്ശിനാപ്പള്ളിയിലേക്ക് തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: