മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്കും അത്ലറ്റികോ മാഡ്രിഡിനും പിന്നാലെ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനും വിജയക്കുതിപ്പ്. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പുതുമുഖങ്ങളായ എല്ഷെയെയാണ് റയല്‍ മാഡ്രിഡ് കഷ്ടിച്ച് മറികടന്നത്. ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് റയലിനെ സമനിലയില്‍ നിന്ന് രക്ഷിച്ചത്. റയലിന്റെ രണ്ട് ഗോളുകളും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നേടിയത്.
സാധാരണസമയത്ത് ഒരു ഗോളിന് മുന്നിലായിരുന്ന റയലിനെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഗോള്‍ നേടി എല്‍ഷേ ഞെട്ടിച്ചെങ്കിലും രണ്ടു മിനിറ്റ് വ്യത്യാസത്തില്‍ കഷ്ടപ്പെട്ട് നേടിയ ഒരു പോയിന്റ് എല്ഷേയ്ക്ക് റയലിന് തിരിച്ചു നല്‍കേണ്ടി വന്നു. ഘാനക്കാരനായ ആര്. ബോക്യേയുടെ വകയായിരുന്നു എതിരാളികളുടെ ഗോള്‍. ഈ വിജയത്തോടെ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ബാഴ്സിലോണയുമായി റയലിന്റെ വ്യത്യാസം രണ്ട് പോയിന്റായി ചുരുങ്ങി. ഇഞ്ച്വറി ടൈമിന്റെ അവസാനം ലഭിച്ച വിവാദ പെനാല്‍റ്റിയാണ് റയലിന് വിലപ്പെട്ട മൂന്ന് പോയിന്റ് സമ്പാദിക്കാന്‍ അവസരം നല്‍കിയത്. പെനാല്‍റ്റി ബോക്സില്‍ പെപ്പെയേ വീഴത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ പിഴക്കാതെ വലയിലെത്തിച്ചു.
നേരത്തെ ആദ്യപകുതിയില്‍ റയലിന്റെ സൂപ്പര്‍താര നിരയെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുനിര്‍ത്താന്‍ എല്‍ഷേ താരങ്ങള്‍ക്ക് കഴിഞ്ഞു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 51-ാം മിനിറ്റിലാണ് റയല്‍ ലീഡ് നേടിയത്. റയലിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിന് ലീഡ് നേടിക്കൊടുത്തത്. റയല്‍ ഒരു ഗോളിന്റെ വിജയം ഉറപ്പിച്ചിരിക്കെയാണ് എല്‍ഷേ സമനിലപിടിച്ചത്. ഇഞ്ച്വറി ടൈമിന്റെ ആദ്യമിനിറ്റില്‍ ഫിഡലിന്റെ ക്രോസില്‍ തല വെച്ച് ആര്. ബോക്യേ എല്‍ഷേയെ ഒപ്പമെത്തിച്ചു. എന്നാല്‍ മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന് വിജയം സമ്മാനിച്ചു. ഇക്കഴിഞ്ഞ ട്രാന്‍സ്ഫര്‍ സീസണില്‍ ലോക റെക്കോര്‍ഡ് തുകയ്ക്ക് റയല്‍ സ്വന്തമാക്കിയ ഗരെത്ത് ബലെക്ക് പരിക്ക് ഭേദമാകാത്തതിനാല്‍ പുറത്തിരിക്കേണ്ടിവന്നു.
മറ്റൊരു മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സെവിയ റയോ വയ്യക്കാനോയെ പരാജയപ്പെടുത്തി. സെവിയക്ക് വേണ്ടി റാക്കിടിക്കും കാര്‍ലോസ് ബാക്കയും രണ്ട് ഗോളുകള്‍ വീതം നേടി. മറ്റൊരു മത്സരത്തില്‍ വലന്‍സിയ 1-0ന് ഗ്രനാഡയെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: