കൊച്ചി: സംസ്ഥാനത്ത് ഒരു കോടി ജനങ്ങളെ പരിശോധിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഊര്‍ജിത ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ നാലിന് എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിക്കുമെന്ന് ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്പരീത് അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഒരു കോടി ജനങ്ങളുടെ രോഗപരിശോധന നടത്തുകയാണ് കാമ്പയിന്റെ ലക്ഷ്യം.
ഈ വര്‍ഷം സംസ്ഥാനത്ത് ഇതുവരെ 47 ലക്ഷം പേരുടെ രോഗപരിശോധന നടത്തിക്കഴിഞ്ഞു. ഇതിലൂടെ പുതിയ രോഗികളെ കണ്ടെത്തുന്നതിനും, ആരംഭത്തിലേ ചികിത്സ ലഭ്യമാക്കുന്നതിനും സാധിക്കുന്നു. രോഗികള്‍ക്കും, രോഗസാധ്യത ഉള്ളവര്‍ക്കും അനുയോജ്യമായ ജീവിതശൈലി ക്രമപ്പെടുത്തുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുവാനും കാമ്പയിന് ലക്ഷ്യമിടുന്നു. 30 വയസ്സിന് മുകളിലുള്ളവരെയാണ് പ്രധാനമായി രോഗപരിശോധനടത്തുവാനായി ലക്ഷ്യമിടുന്നതെങ്കിലും, പൊതുജനങ്ങള്‍ക്ക് പ്രായഭേദമെന്യേ സ്വമേധയാ ക്യാമ്പുകളിലെത്തി രോഗനിര്‍ണ്ണയം നടത്താം. രോഗനിര്‍ണ്ണയത്തിലൂടെ പ്രമേഹവും, രക്താതിമര്‍ദ്ദവും ഉയര്‍ന്ന പരിധിയിലുള്ളവരായി കണ്ടെത്തുന്നവര്‍ക്ക് ട്രീറ്റ്മെന്റ് കാര്‍ഡ് നല്‍കുകയും, സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ തുടര്‍ചികിത്സയും മരുന്നും സൗജന്യമായി ഉറപ്പ് വരുത്തുകയും ചെയ്യും.
ജില്ലാതലത്തില്‍ നഗരസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ 19 ബ്ലോക്ക് പഞ്ചായത്തുകള്‍ സി.എച്ച്.സി-കള്‍ പ്രത്യേകം തെരഞ്ഞെടുത്ത സ്ഥലങ്ങള്‍, റെയില്വേസ്റ്റേഷന്, ബസ്സ്റ്റാന്റുകള്, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ സംഘം ജീവിതശൈലീരോഗങ്ങള്‍ക്കെതിരെ ആശയ പ്രചരണവും, രോഗനിര്‍ണ്ണയവും നടത്തും.
ഗ്രാമീണജനങ്ങള്ക്കും നഗരസഭപരിധിയിലും ഒരുപോലെ ആളുകള്‍ക്ക് ഗുണകരമാകുന്ന ജീവിതശൈലീരോഗനിര്‍ണ്ണയ ക്യാമ്പുകള്‍, ബോധവല്‍ക്കരണ കാമ്പയിനുകള്‍ എന്നിവ ഊര്‍ജ്ജിതമാക്കുന്നതിനും, വിവിധ സന്നദ്ധസംഘടനകള്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീമിഷന്, റസിഡന്‍സ് അസോസിയേഷന്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെ താലൂക്കാശുപത്രി, സി.എച്ച്.സി. എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 4 വെള്ളിയാഴ്ച വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീപ്രവര്‍ത്തകര്‍ എന്നിവരെ വാളന്റിയേഴ്സായി നിയമിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ഇനിയും രോഗനിര്‍ണ്ണയം നടത്താത്ത ആളുകളെ കണ്ടെത്തി ചികിത്സാനടപടികളില്‍ ചേര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: