പത്തനാപുരം: കിടക്കയില്‍ നിന്നും എഴുന്നേല്ക്കാന് സാധിക്കാതെ ജിവിതം അസ്തമിച്ചുപോയ തലവൂര്‍ ഞാറയ്ക്കാട് കൊച്ചുവിള വീട്ടില്‍ എസ്തറിന്റെ മകള്‍ എലിസബത്തി(45)ന് സഹായവുമായി തലവൂര്‍ ദേവിവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എലിസബത്തിന്റെ വീട്ടിലെത്തി. മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്കൂളില്‍ പോകുന്ന വഴി അപസ്മാരം വന്ന് ദേഹമാസകലം തളര്‍ന്നുപോയതാണ്. വയസ് ഇപ്പോള്‍ 45. പരസഹായമില്ലാതെ എലിസബത്തിന് ഇതുവരെ കിടക്കയില്‍നിന്നും എഴുന്നേല്ക്കാന് സാധിച്ചിട്ടില്ല. എലിസബത്തിന്റെ കുട്ടിക്കാലത്തുതന്നെ അച്ഛന് മരണപ്പെട്ടതിനാല്‍ നിര്‍ദ്ധനരായ ഈ കുടുംബം വളരെ പാടുപെട്ടാണ് ജീവിതം തള്ളിനീക്കുന്നത്. തനിക്ക് താങ്ങാവേണ്ട മകളുടെ ദയനീയ സ്ഥിതി ഓര്‍ത്തുള്ള ഈ അമ്മയുടെ കണ്ണീര് ആരെയും കരളലിയിക്കും. സഹായ മനസ്കരായ നല്ലവരായ നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഭാനുപ്രസാദില് നിന്നും തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രാജീവ് ധനസഹായം എലിസബത്തിന്റെ അമ്മയ്ക്ക് നല്കി. എല്ലാമാസവും എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ധനസഹായം വിതരണം ചെയ്യുമെന്നും ഇവര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തംഗമായ ഓമന, അന്നമ്മ തോമസ്, അദ്ധ്യാപകനായ അജിത് എന്നിവര്‍ ധനസഹായത്തിന് നേതൃത്വം നല്കി.
അനന്ദു തലവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: