തിരുവനന്തപുരം : നെടുമ്പാശ്ശേരിയിലെ സ്വര്‍ണകടത്തുകേസിലെ മുഖ്യപ്രതി ഫയസിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഫയസിന് സ്വര്ണകടത്തിനപ്പുറം ഹവാല ബന്ധങ്ങളുണ്ട്. തീവ്രവാദ ഭീകരവാദസംഘങ്ങളുമായി ബന്ധപ്പെട്ട കണ്ണിയാണ് ഇയാള്‍. മുഖ്യമന്ത്രിയുടെ ഓഫീസുമായും കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കന്മാരുമായും ഫയസ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഫയസ് രാജ്യാന്തര അധോലോകബന്ധത്തില് ഉള്‍പ്പെടുന്ന കണ്ണിയാണെന്ന് ഉറച്ച വിശ്വാസമുണ്ട്. ദുബായില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങ് സ്പോണ്സര് ചെയ്തത് ഫയസാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറി ആര്.കെ. ബാലകൃഷ്ണനുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ ഭരണതലത്തില്‍ സ്വാധീനമുള്ള, തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഒരാള്‍ ഉള്‍പ്പെട്ട കേസ് കേരള പോലീസോ കസ്റ്റംസോ അന്വേഷിച്ചാല്‍ വെറും സ്വര്‍ണകടത്ത് കേസായി മാറും. വടക്കന്‍ കേരളത്തിലെ പല കള്ളനോട്ടുകേസുകളും കേരള പോലീസ് അന്വേഷിച്ച് ചെന്നപ്പോള്‍ തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഭരണത്തിലുള്ളവര്‍ ഇടപെട്ട് അന്വേഷണം അവസാനിപ്പിച്ച ചരിത്രമാണ് ഉള്ളത്. ഭീകരബന്ധമുള്ള കേസെന്ന നിലയില്‍ സ്വര്‍ണകടത്ത് കേസ് എന്‍ഐഎക്ക് കൈമാറണം.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ എല്ലാവിധ തട്ടിപ്പുകാര്‍ക്കും തീവ്രവാദ ബന്ധമുള്ളവര്‍ക്കും സംരക്ഷണം നല്‍കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഫയസുമായുള്ള ബന്ധം. ഇങ്ങനെ എല്ലാ തട്ടിപ്പുകാര്‍ക്കും കൂട്ടുനില്‍ക്കുന്ന സംഘത്തെവച്ച് എങ്ങനെ ഭരണം നടത്താനാവും. സ്റ്റാഫിനെ നീക്കം ചെയ്ത് സ്വയം സംശുദ്ധനാണെന്ന ശ്രമം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് കസേരയില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടു. അധികാരത്തില്‍ കടിച്ചുതൂങ്ങി ജനങ്ങളെ അപഹസിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
പാമോയില്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചാണ് കേസെടുത്തത്. ഉദ്യോഗസ്ഥരെ മാത്രമായി കേസില്‍നിന്ന് ഒഴിവാക്കാനാകില്ലെന്ന നിയമോപദേശം തന്നെ അന്ന് മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയടക്കമുള്ള രാഷ്ട്രീയനേതൃത്വത്തിന്റെ പങ്കാണ് സൂചിപ്പിക്കുന്നത്. പാമോയില്‍ കേസ് പിന്‍വലിച്ച് സ്വയം രക്ഷപ്പെടലിനുള്ള നീക്കമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്. മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ മോദി ഭീതിയില്‍ നിന്ന് ഉടലെടുക്കുന്നതാണ് ബിജെപിക്കെതിരെ ഉയര്‍ന്നുവരുന്ന മാധ്യമവാര്‍ത്തകളെന്നും മുരളീധരന് പറഞ്ഞു. നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തില്‍ കരിനിഴല്‍ വീഴ്ത്താനുള്ള നീക്കം ചില മാധ്യമങ്ങളിലൂടെ നടത്തുന്നുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: