തിരുവനന്തപുരം: മുപ്പത്തഞ്ചാമത് ദേശീയ കായിക മേളക്കുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ഏഴു ജില്ലകളിലായി 25 കേന്ദ്രങ്ങളാണ് ദേശീയ കായികമേളക്ക് വേദിയാകുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തോടെ ഇവയില്‍ എട്ടിടത്ത് സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നൂറ് ശതമാനവും പൂര്‍ത്തിയായതായി കായികമേളയുടെ പ്രിന്‍സിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് പുന്നൂസ് അറിയിച്ചു. കൊല്ലം കോര്പ്പറേഷന് സ്റ്റേഡിയം, തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, കോഴിക്കോട് മെഡിക്കല്‍ കോളജ് ഫുട്ബോള്‍ സ്റ്റേഡിയം, എന്നിവിടങ്ങളിലാണ് പ്രധാന സിവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 5.25 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. രാത്രി കാലങ്ങളിലടക്കം തല്‍സമയം സംപ്രേഷണം നടത്തുന്നതിനുള്ള ഫ്ലഡ് ലൈറ്റ് സംവിധാനമടക്കം ഏതാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. തൃപ്രയാര്‍, തൂശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 90 ശതമാനവും പൂര്‍ത്തിയായി. 210 ലക്ഷം രൂപ ചെലവിട്ട വെള്ളായണി കാര്‍ഷിക കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേപ്പിള്‍ ഫ്ലോറിംഗ് അടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.
726 ലക്ഷം രൂപ ചെലവില്‍ തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ പുതിയ ബ്ലോക്കിലെ വാം അപ്പ് ഹാള്‍, ലിഫ്റ്റ് സംവിധാനം, ശബ്ദ നിയന്ത്രണ സംവിധാനം, എയര്‍ കണ്ടീഷനിംഗ് എന്നിവ പൂര്‍ത്തിയായി. എട്ട് ലെയ്നുകളുള്ള സിന്തറ്റിക് ട്രാക്ക്, ഗ്രൗണ്ട് നാച്ചുറല്‍ ടര്‍ഫിംഗ് എന്നിവയടക്കം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
ഇതോടനുബന്ധിച്ച സ്ക്വാഷ് കോര്‍ട്ടിന്റെ കെട്ടിട നിര്‍മാണവും നടന്നുവരുന്നു. ഈവര്‍ഷം ഡിസംബര്‍ മാസത്തോടെ പണി പൂര്‍ത്തിയാകും. പിരപ്പന്‍കോട് സ്വിമ്മിംഗ്പൂള്‍ നിര്‍മാണത്തിന് ഇതുവരെ 4.5 കോടി രൂപ ചെലവഴിച്ചു. നവംബര്‍ മാസത്തോടെ ഏതാനും നവീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പണി കൂടി പൂര്‍ത്തിയാകും. കുമാരപുരത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളിനോടനുബന്ധിച്ച് 193 ലക്ഷം രൂപ ചെലവില്‍ ഒരു ടെന്നിസ് കോംപ്ലക്സ് നിര്‍മാണം ഒക്ടോബര്‍ മാസത്തില്‍ പൂര്‍ത്തീകരിക്കും.
സിയാല്‍ നിയന്ത്രണത്തിലുള്ള നെടുമ്പാശേരിയില്‍ ലോണ്‍ ബോള്‍ നിര്‍മാണത്തിന് ദര്‍ഘാസ് നല്കി. മൂന്നു മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് മുക്കുന്നിമലയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ട്രാപ്പ് ആന്‍ഡ് സ്കീറ്റ് മത്സരങ്ങള്‍ക്കുള്ള നിര്‍മാണ പ്രവര്ത്തിള്ക്ക് കരാറില്‍ ഏര്‍പ്പെട്ടു. കൊല്ലത്ത് സ്ഥാപിക്കുന്ന പുതിയ ഹോക്കി സ്റ്റേഡിയത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നു. ഇതിനകം 5.90 കോടി രൂപ ചെലവഴിച്ചു. ഇവിടെ നിര്‍മിക്കുന്ന അസ്ട്രോ ടര്‍ഫ് സംസ്ഥാനത്ത് ആദ്യത്തേതാണ്. കൊച്ചിയില്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. എയര്‍ കണ്ടീഷനിംഗ്, ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ നടന്നുവരുന്നു. സ്റ്റേഡിയത്തിന്റെ റൂഫ് നവീകരിക്കുന്നതിന് നിലവിലുള്ള സ്റ്റേഡിയം കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ശബ്ദ നിയന്ത്രണ സംവിധാനമടക്കുള്ള പ്രവര്‍ത്തികള്‍ ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കും. തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തിലെ ഫുട്ബോള്‍ ടര്‍ഫ് നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. മുഖ്യ പവലിയന്റെ പണി പൂര്‍ത്തിയായിവരുന്നു. 19 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിന്റെ പണിയും ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാകും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തോടൊപ്പമുള്ള അത്ലറ്റിക് സിന്തറ്റിക് ട്രാക്കിന്റെ പണിയും പുരോഗമിക്കുന്നു. കണ്ണൂര്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പണികള്‍ 50 ശതമാനത്തിലധികം പുരോഗമിച്ചുകഴിഞ്ഞു. ഡിസംബറില്‍ പണി പൂര്‍ത്തിയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: