കരുനാഗപ്പള്ളി: ആത്മജ്ഞാനത്തിന്റെ തൂവെള്ളിവെളിച്ചം വിതറി മാതാഅമൃതാനന്ദമയീദേവി തന്റെ ഭക്തരെയും ശിഷ്യരേയും അമ്മയുടെ ആസ്ഥാനമായ അമൃതാനന്ദപുരിയിലേക്ക് സ്വാഗതം ചെയ്യുന്നു. അമ്മയുടെ 60-ാം പിറന്നാളില്‍ ലോകത്തുള്ള എല്ലാ മക്കളും പങ്കെടുക്കണമെന്ന് അമ്മ ആഗ്രഹിക്കുന്നു.
അമ്മയുടെ ഇഷ്ടം ശിരസാവഹിച്ച് മക്കളെല്ലാം അമൃതപുരിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ യോഗക്ഷേമം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് അമ്മ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. സച്ചിന്മയിയുടെ അവതാരലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ലോകമെമ്പാടുമുള്ള അമൃതക്ഷേത്രങ്ങള് വേദിയാകുന്നു.
ദുഃഖത്തിന്റെ ഭാണ്ഡങ്ങളുംപേറി അമ്മയുടെ മുമ്പിലെത്തുന്ന ആലംബഹീനര്‍ക്ക് അമ്മ തണലായി മാറുന്നു. അമ്മയുടെ ഒരു തലോടല്‍ അവരുടെ എല്ലാ വിഷമതകളേയും അലിയിച്ച് ഇല്ലാതാക്കുന്നു. ഈ മക്കള്‍ക്കുവേണ്ടിയാണ് അമ്മയുടെ ജീവിതം. അറിവും അഭയവുമായി, രക്ഷകയും മാര്‍ഗ്ഗദീപവുമായി, പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങളെ തന്റെ ശ്വാസോച്ഛാസങ്ങളാക്കി മാറ്റിയിരിക്കുന്നു ഈ അമ്മ.
യത്രനാര്യസ്തു പൂജ്യന്തേ രമന്തമന്തേ തത്ര ദേവത എന്ന ആപ്തവാക്യം അമൃതപുരിയില്‍ അന്വര്‍ത്ഥമാകുന്നു. പൂജിക്കപ്പെടുന്ന അമ്മ എല്ലാവര്ക്കും മാര്‍ഗ്ഗദീപമായി മുന്നിലുണ്ട്. ഓരോ ഭക്തരേയും കാണുമ്പോള്‍ എങ്ങോ കൈവിട്ടുപോയ ഓമനക്കുഞ്ഞിനെ തിരികെ ലഭിച്ചു എന്ന വികാരത്തോടെയാണ് ആ മൃതവാത്സല്യം അമ്മ പ്രകടമാക്കുന്നത്. എല്ലാം സഹിക്കാനും പൊറുക്കാനും കഴിയുന്നത് അമ്മയ്ക്കുമാത്രമാണ്. അമ്മ സര്‍വ്വംസഹയാണ്. അമ്മയുടെ ലാളന ഏല്ക്കുന്ന ഏതൊരാളും അപ്പോള്‍ മുതല്‍ പുതിയ വ്യക്തിത്വത്തിനുടമയാകും. അപ്പോള്‍ മുതല്‍ അവന്റെ ജീവിതം ലോകക്ഷേമത്തിനായി മാറ്റിവയ്ക്കപ്പെടുന്നു. ഈശ്വരന് മാതൃഭവനത്തില്‍ മാതാഅമൃതാനന്ദമയിയില് കുടികൊള്ളുന്നു.
സ്വാമി വിവേകാനന്ദനുശേഷം നമ്മുടെ നാടിന്റെ കീര്‍ത്തിയും ആദ്ധ്യാത്മിക ചൈതന്യവും ലോകമാകെ പ്രചരിപ്പിച്ചത് മാതാഅമൃതാനന്ദമയി ദേവിയാണ്. എവിടെയൊക്കെ അമ്മ തന്റെ പ്രവര്‍ത്തനം നടത്തുന്നുവോ അവിടമെല്ലാം മനുഷ്യരാശിയുടെ ഉന്നമനത്തിനുള്ള വേദിയായിമാറുന്നു. അവിടെ ആതുരാലയങ്ങള്‍ ഉണ്ടാകുന്നു, വിദ്യാലയങ്ങള്‍ ഉണ്ടാകുന്നു, ധര്മ്മാലയങ്ങള് ഉണ്ടാകുന്നു. ആധുനിക സാങ്കേതികവിദ്യകള്‍ ഏകോപിപ്പിച്ച് ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ മക്കളുടെ ദുഃഖനിവാരണത്തിനായി പ്രയോജനപ്പെടുത്തുന്നു.
അമ്മയുടെ 60-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സാധാരണക്കാരും വിദ്വാന്മാരും രാഷ്ട്രനേതാക്കളും ശാസ്ത്രജ്ഞരും അടങ്ങിയ വിലയ ജനാവലി ഇവിടേക്ക് ആകൃഷ്ടരാകുന്നു. മാനവികതയുടെ വികാസത്തിനുതകുന്ന പദ്ധതികള്‍ ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നു. അതില്‍നിന്നും ഉരുത്തിരിയുന്നവ പ്രാവര്‍ത്തികമാക്കപ്പെടുന്നു. ലോകപ്രശസ്ത കലാകാരന്മാര് അവരുടെ സൃഷ്ടികള്‍ അമ്മയ്ക്ക് പിറന്നാള്‍ സമ്മാനമായി സമര്‍പ്പിക്കുന്നു.
അമ്മ സ്ഥാപിച്ച സര്‍വ്വകലാശാല രാഷ്ട്രനന്മയ്ക്കായി വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യകള്‍ ഈ വേദിയില്‍വച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി രാജ്യത്തിനുവേണ്ടി സമര്‍പ്പിക്കും. ആശ്രമത്തിന്റെ പുതിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇവിടെ തുടക്കമിടും. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ് ഗവര്‍ണര്‍മാര്‍ അമ്മയ്ക്ക് ആദരം അര്‍പ്പിക്കുവാന്‍ എത്തും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ്ബഹുഗുണ സമാപനദിവസം മുഖ്യാതിഥിയായിരിക്കും. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, ഹരീഷ് റാവത്ത് എന്നിവരുടെ അമ്മയുടെ ജന്മദിനപരിപാടികളില് പങ്കെടുക്കും. കേന്ദ്രസഹമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, നിയമസഭാ സ്പീക്കര്‍, രാജ്യസഭാഡെപ്യൂട്ടി സ്പീക്കര്‍ എന്നിങ്ങനെ അനേകം മഹത്വ്യക്തികള് ഇവിടെ ജന്മദിനപരിപാടികളില് പങ്കെടുക്കും.
വിശിഷ്ടവ്യക്തികളെ ഉള്‍ക്കൊള്ളാന്‍ വിശാലമായ സ്റ്റേജാണ് തയ്യാറാക്കിയിരിക്കുന്നത്. മയില്പീലികളാല് അലങ്കരിച്ച സ്റ്റേജിലും 500 പേര്‍ക്ക് ഇരിക്കുവാന് സാധിക്കും. കേരളീയ വാസ്തുശൈലിയില്‍ നിര്‍മ്മിച്ച കമനിയ കമാനങ്ങളും പന്തലുകളും വര്‍ണ്ണവൈവിധ്യമുള്ള വൈദ്യുതാലങ്കാരങ്ങളും അമൃതപുരിയെ സ്വപ്ന നഗരമാക്കിമാറ്റിയിരിക്കുന്നു. ദേശീയപാതയില്‍നിന്നും അമൃതപുരിയിലേക്കുള്ള പ്രവേശനകവാടങ്ങളിലെല്ലാം കമാനങ്ങള്‍ ഉയര്ന്നുനില്ക്കുന്നു.
വിശിഷ്ടാതിഥികള്‍ക്കുള്ള വേദിയില്‍ ചുമര്‍ചിത്രങ്ങള്‍ മോടികൂട്ടുന്നു. അമ്മയുടെ 60-ാം പിറന്നാളിനെ അനുസ്മരിക്കാന്‍ മയില്പീലികളാല് നിര്‍മ്മിച്ച 60 ആലവട്ടങ്ങള്കൊണ്ടലങ്കരിച്ച പീഠം അമ്മയ്ക്കായി വേദിയില്‍ തയ്യാറാക്കിയിരിക്കുന്നു. നരേന്ദ്രമോഡി, എ.പി.ജെ. അബ്ദുല്‍കലാം എന്നിവരുള്‍പ്പെടെയുള്ളവരുടെ വലിയ കട്ടൗട്ടുകള്‍ എല്ലായിടത്തും സ്ഥാപിച്ചിരിക്കുന്നു.
വി. രവികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: