തിരുവനന്തപുരം: ഇന്ന് കേരളത്തിലെത്തുന്ന ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി നാളെ രാവിലെ കവടിയാര്‍ കൊട്ടാരവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും സന്ദര്‍ശിക്കും. വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ അമ്മയുടെ അറുപതാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കെത്തുന്ന മോദി ഇന്ന് വൈകിട്ടാണ് തിരുവനന്തപുരത്തെത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയിലാണ് മോദിയെയും വഹിച്ചുള്ള പ്രത്യേക വിമാനം വൈകിട്ട് 6.20ന് എത്തുന്നത്. 6.30 ഓടുകൂടി മാസ്കറ്റ് ഹോട്ടലിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കും. തുടര്‍ന്ന് മാസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ബിജെപി ഭാരവാഹി യോഗത്തില്‍ മോദി സംബന്ധിക്കും. ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മേഖലാ-സംസ്ഥാന ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
നാളെ രാവിലെ 6.45നാണ് മോദി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. അവിടെ നിന്ന് 8 ന് കവടിയാര്‍ കൊട്ടാരത്തിലെത്തുന്ന അദ്ദേഹം ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയെയും രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിക്കും. പിന്നീട് വിമാനത്താവളത്തിലെത്തുന്ന മോദി ഹെലികോപ്ടറില്‍ കൊല്ലത്തേക്ക് പോകും. കൊല്ലം ആശ്രാമം മൈതാനത്തിലിറങ്ങുന്ന മോദി അവിടെ നിന്ന് റോഡ്മാര്‍ഗ്ഗമാണ് വള്ളിക്കാവിലേക്ക് പോകുന്നത്. രാവിലെ 10.30ന് വള്ളിക്കാവ് അമൃതവിദ്യാപീഠത്തിലാണ് അദ്ദേഹം പങ്കെടുക്കുന്ന പരിപാടി. വള്ളിക്കാവിലെ പരിപാടിക്കും സന്ദര്‍ശനത്തിനും ശേഷം ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നരേന്ദ്രമോദി 2.15 ഓടെ പ്രത്യേക വിമാനത്തില്‍ തൃശ്ശിനാപ്പള്ളിയിലേക്ക് തിരിക്കും.
അമൃതാനന്ദമയി മഠത്തില്‍ മാത്രമാണ് അദ്ദേഹം പൊതുപരിപാടിയില്‍ സംബന്ധിക്കുക. മാസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ബിജെപി ഭാരവാഹി യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമുണ്ടായിരിക്കില്ല. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് അതീവ സുരക്ഷയാണ് തിരുവനന്തപുരത്തും വള്ളിക്കാവിലും ഒരുക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: