പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടന പാതകളിലെ ഗതാഗതക്കുരുക്കും അപകടവും ഇല്ലാതാക്കാനുള്ള സമാന്തര റോഡ് നിര്‍മ്മാണം ഇനിയും നടപ്പായിട്ടില്ല. റോഡപകടങ്ങള്‍ കൂടുതല്‍ നടക്കുന്ന കണമലഭാഗത്തും പമ്പയിലും അപകടമൊഴിവാക്കാന്‍ ഇരുത്വാപ്പുഴ മുതല്‍ പമ്പാവാലിവരെയുള്ളഭാഗത്ത് പ്രധാനറോഡിന് സമാന്തരമായുള്ള റോഡിന്റെ നിര്‍മ്മാണമാണ് എങ്ങും എത്താതെ കിടക്കുന്നത്. എതിര്‍ഭാഗത്തെ മലയിലുള്ള പഞ്ചായത്ത് റോഡ് വികസിപ്പിച്ച് ഒരു ദിശയിലേക്ക് വാഹനങ്ങള്‍ തിരിച്ചുവിടണമെന്ന് നാലുവര്‍ഷം മുമ്പ് 2009 ലെ റോഡ് വികസന പദ്ധതിയാണ് ഇതുവരെ പ്രാവര്‍ത്തികമാക്കാത്തത്.
റോഡപകടങ്ങള്‍ ഈ ഭാഗത്ത് നിത്യേന സംഭവമായതിന്റെ അടിസ്ഥാനത്തില്‍ 2009 ല്‍ മോട്ടോര്‍ വാഹനവകുപ്പും സര്‍ക്കാരിന് കൊടുത്ത റിപ്പോര്‍ട്ടിലും സമാന്തര റോഡിന്റെ നിര്‍മ്മാണം പ്രാവര്‍ത്തികമാക്കണമെന്നും പറഞ്ഞിരുന്നു. 2.3 കിലോമീറ്ററുള്ള ഈ റോഡ് ക്രമേണ പമ്പ വരെയാക്കിയാല്‍ വണ്‍വേ സംവിധാനം നടപ്പാക്കാനാവും. റോഡപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ ഇതല്ലാതെ വഴിയില്ല. ദിനംപ്രതി പതിനായിരക്കണക്കിന് വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനാകുന്നതുമൂലം ഇന്ധനം ലാഭിക്കാനും സമയനഷ്ടം ഒഴിവാക്കാനും സ്പെയര്‍പാര്‍ട്സുകളുടെ തേയ്മാനവും കുറയാനും സഹായകമാകും. ഈ റോഡ് നിര്‍മ്മിച്ച് വണ്‍വേയ്ക്ക് വഴിയൊരുക്കിയില്ലെങ്കില് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് വിദഗ്ദ്ധരും പറയുന്നു. എന്നാല്‍, ഇപ്പോഴുള്ള റോഡുകള്‍ നന്നാക്കാന്‍ വര്‍ഷാവര്‍ഷം പണം മുടക്കി വഴിപാട് പണികള്‍ നടത്താന്‍ മാത്രമേ അധികൃതര്‍ തയാറാകുന്നുള്ളൂ.
കോട്ടയം ജില്ലയില്‍ പാലാ-തമ്പലക്കാട്്-കാഞ്ഞിരപ്പള്ളി റൂട്ടാണ് ശ്രദ്ധ പതിപ്പിക്കേണ്ട മറ്റൊരു മേഖല. കൊച്ചി, മലബാര്‍ പ്രദേശത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഈ വഴിക്ക് എരുമേലിയിലേക്ക് തിരിച്ചുവിടുന്നത് തിരക്ക് ഒഴിവാക്കാനും ഇന്ധനലാഭത്തിനും വഴിയൊരുക്കും. ഈ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ദിശാബോര്‍ഡുകള്‍ വച്ചാല്‍ മാത്രം മതി. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനകരമായ ഈ റോഡിന്റെ വികസനം ചില മതസംഘടന ലോബികള്‍ അട്ടിമറിക്കുന്നതായി ആരോപണം ഉണ്ട്. ഇതിന് ഗതാഗത വകുപ്പിലെ ചില ഉന്നതരുടെ ഒത്താശയും ഉണ്ട്. മണ്ഡലകാലം ആരംഭിക്കാന്‍ 53 ദിവസം മാത്രം ബാക്കി നില്‍ക്കെ ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിക്കാത്തതും അവലോകനയോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാത്തതിലും പ്രതിഷേധങ്ങള്‍ക്ക് കാരണയായിരിക്കുകയാണ്.
രൂപേഷ്അടൂര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: