കൊച്ചി: ഇരുപത്തഞ്ചാമത് ദേശീയ ഇന്റര്‍ സോണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിവസം കേരള പെണ്‍കുട്ടികള്‍ രണ്ട് ദേശീയ റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗായത്രി ശിവകുമാറും അണ്ടര്‍ 20 വിഭാഗം 800 മീറ്ററില്‍ ജെസ്സി ജോസഫുമാണ് പുതിയ ദേശീയ റെക്കോര്‍ഡിന് അവകാശികളായത്. ഹൈജമ്പില്‍ 1.59 മീറ്റര്‍ ഉയരം താണ്ടിയാണ് ഗായത്രി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. മഹാരാഷ്ട്രയുടെ ജുലീലി ബാന്തെ 2010ല്‍ സ്ഥാപിച്ച 1.52 മീറ്ററിന്റെ റെക്കോര്‍ഡാണ് ഗായത്രി തിരുത്തിയത്. എറണാകുളം ഗിരിനഗര്‍ ഭവന്‍സ് സ്കൂള്‍ വിദ്യാര്‍ഥിയാണ് ഗായത്രി.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ 2 മിനിറ്റ് 08.67 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജെസ്സി ജോസഫ് പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2005-ല്‍ പശ്ചിമബംഗാളിന്റെ ജുമ ഖാടുന്‍ സ്ഥാപിച്ച രണ്ട് മിനിറ്റ് 08.96 സെക്കന്റിന്റെ റെക്കോര്‍ഡാണ് ജെസ്സിയുടെ കുതിപ്പില്‍ പഴങ്കഥയായത്. ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ താരമാണ് ജെസി. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ വെള്ളിയും വെങ്കലവും കരസ്ഥമാക്കിയ മലയാളി താരങ്ങളായ എം.പി. സഫീദയും പി.ഡി. വിബിതയും നിലവിലെ ദേശീയ റെക്കോര്‍ഡ് മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: