കൊല്ലം: ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നടക്കുന്ന വന്‍തട്ടിപ്പിന് പിന്നാലെ മൃതദേഹക്കടത്തും ജില്ലയില്‍ സജീവമാകുന്നതായി സൂചന. ജില്ലയിലെ വിവിധ സര്‍ക്കാര്‍-സ്വകാര്യാശുപത്രികള്‍ കേന്ദ്രീകരിച്ചാണ് മൃതദേഹക്കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പിന്നില്‍ അന്തര്‍സംസ്ഥാന ലോബിയും രംഗത്തുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ മേഖലയിലെ വമ്പന്മാര് ഇക്കൂട്ടര്‍ക്ക് ഒത്താശ ചെയ്യുന്നതായി ഇതിനകം സൂചന ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങള്‍ കടത്ത് സംഘം അധികൃതരെ സ്വാധീനിച്ച് കൈക്കലാക്കുകയാണ് ചെയ്യുന്നത്.
ബന്ധുക്കള്‍ ചമഞ്ഞോ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിന് വേണ്ടിയാണെന്ന് തെറ്റിധരിപ്പിച്ചോ മൃതദേഹം കടത്തുകയാണ് വ്യാപകമായി ചെയ്തുവരുന്നത്. ഇത്തരത്തില്‍ ആശുപത്രിയില്‍ നിന്നും കൈക്കലാക്കുന്ന സാധാരണ ഒരു മൃതദേഹത്തിന് ഒന്നരലക്ഷം രൂപ വരെയാണ് സംഘം ഈടാക്കുന്നത്. 20,000 രൂപയ്ക്ക് മൃതദേഹം ആശുപത്രികളില്‍ നിന്നും നിയമാനുസൃതം ലഭ്യമാകും. സ്വകാര്യ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിലെത്തിച്ചു കൊടുക്കുകയാണ് മൃതദേഹക്കടത്ത് സംഘം ചെയ്യുന്നത്.
ജില്ലയിലെ കിഴക്കന്‍മേഖലയിലുള്‍പ്പടെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ നിന്നും മൃതദേഹങ്ങള്‍ അനധികൃതമായി കടത്തിയത് മുമ്പ് റിപ്പോര്‍ട്ട്ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനത്തേതാണ് ജില്ലാ ആശുപത്രിയില്‍ നടന്ന മൃതദേഹക്കടത്ത്. ജില്ലാ ആശുപത്രിയില്‍ നിന്നും തുക അടച്ച് നിയാമാനുസൃതം വാങ്ങിയ മൃതദേഹം അഴുകി ജീര്‍ണിച്ച് ഉപയോഗശൂന്യമായതിനാല് തിരികെ എത്തിക്കുകയായിരുന്നു. എന്നാല്‍ പോളത്തോട് ശ്മശാനത്തില്‍ സംസ്ക്കരിക്കാന്‍ കൊണ്ടുപോയ മൃതദേഹം പൊടുന്നനെ കാണാതാവുകയായിരുന്നു. ഇത് സംബന്ധിച്ച് ലേ ആഫീസര്‍ അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും ഇത് സംബന്ധിച്ച് ശാസ്ത്രീയമായ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല അന്വേഷണദ്യോഗസ്ഥന് ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
അനാഥ മൃതദേഹങ്ങളാണ് ഇത്തരം റാക്കറ്റുകള്‍ ലക്ഷ്യമിടുന്നത്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന മൃതദേഹം 45 ദിവസം വരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നും ബന്ധുക്കളെക്കണ്ടു പിടിക്കാന്‍ വാര്‍ത്ത നല്‍കണമെന്നുമുണ്ട്. എന്നാല്‍ എല്ലാ കേസിലും ഇത് പാലിക്കപ്പെടാറില്ല. കേവലം ഒരാഴ്ചയോ രണ്ടാഴ്ചയോ പരമാവധി സൂക്ഷിച്ച് അടുത്ത നടപടിയിലേക്കു നീങ്ങുകയാണ്‍അധികൃതര്‍ ചെയ്യുന്നത്.
എന്നാല്‍ മനുഷ്യാവയങ്ങള്‍ക്കുവേണ്ടി ജീവനുള്ളവരെ അപായപ്പെടുത്തി ലക്ഷങ്ങള്‍ കൊയ്യുന്ന വടക്കേയിന്ത്യന്‍ ലോബിയുടെ സാന്നിധ്യവും ജില്ലയിലുണ്ട്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വാര്ഡന്മാരാണ് പലപ്പോഴും ഇത്തരം കടത്തലിന് ഒത്താശചെയ്തുകൊടുക്കുന്നത്. ഡോക്ടര്‍മാരും ഇതില്‍ പങ്കാളികളാകുന്നുണ്ട്. ആശുപത്രിയിലെത്തുന്ന മൃതദേഹത്തില്‍ പലപ്പോഴും ഡോക്ടര്‍മാര്‍ ഒന്നും ചെയ്യാറില്ല. വാര്ഡന്മാര് കീറിമുറിച്ചിടുന്ന ശവശരീരം കാണാതെപോലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒപ്പിടുന്ന ഡോക്ടര്‍മാരും സര്‍ക്കാരാശുപത്രികളില്‍ വിരളമല്ല. മൃതദേഹത്തിലെ വിവിധ അവയവങ്ങള്‍ പ്രത്യേകം പ്രത്യേകം വിറ്റാല്‍ ലഭിക്കുന്നത് ലക്ഷങ്ങളാണ്. കൂടാതെ എത്ര ജീര്‍ണിച്ച മൃതദേഹമാണെങ്കിലും എല്ലുകളും മുടിയും വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കാമത്രെ. വിദേശങ്ങളില്‍ ഇത്തരത്തില്‍ നിര്‍മിതമായ നിരവധി വസ്തുക്കള്‍ വിപണിയിലുണ്ട്. മോര്‍ച്ചറിയല്‍ പ്രവര്‍ത്തിക്കുന്ന വാര്ഡന്മാര് പൊടുന്നനെ ലക്ഷാധിപതിമാരാകുന്നതിന്റെ രഹസ്യം ഇതാണ്. ആശുപത്രിയിലെത്തുന്ന ഒരു മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് ഡോക്ടര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ഫീസ് 390 രൂപയാണ്. എന്നാല്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും രണ്ടായിരം രൂപവരെ അനധികൃതമായി ഈടാക്കുന്നതായി പരാതിയുണ്ട്. സാധാരണ കേസുകളില്‍ ഹൃദയ നൊമ്പരവുമായി മൃതദേഹം ഏറ്റുവാങ്ങാനെത്തുന്ന ബന്ധുക്കള്‍ ഇത്തരം സാമ്പത്തിക അഴിമതി ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചാലും പ്രതികരിക്കാതെ തുക അടച്ച് മൃതദേഹം വാങ്ങി പോകുകയാണ് പതിവെന്ന് നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരന് പറഞ്ഞു. സംസ്ഥാനത്തും പുറത്തുമുള്ള മെഡിക്കല്‍ കോളജുകളിലേക്കാണ് കൂടുതല്‍ മൃതദേഹങ്ങളും കടത്തിക്കൊണ്ടു പോകുന്നത്. മഹാരാഷ്ട്ര, തമിഴിനാട് ലോബികളാണ് ജില്ലയില്‍ ഈ വ്യാപാരത്തില്‍ സക്രിയമായിട്ടുള്ളത്്. ഇക്കൂട്ടര്‍ക്ക് ഇന്ത്യക്കുപുറത്തും വിപുലമായ സാന്നിധ്യമുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇതിന് പുകമറ സൃഷ്ടിക്കാനും ഇടപാടുകള്‍ ലഘൂകരിക്കാനും ഡോക്ടര്‍മാരുടെ ഇടിയല്‍ ഉപജാപകസംഘവും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: