അമൃതപുരി: അമൃതാനന്ദമയീ ദേവിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിന് സംഗീതലഹരി പകരാനായി ലോകപ്രശസ്ത റോക്ക് ഗായകനും ഗാനരചയിതാവും ഗിത്താറിസ്റ്റുമായ ജെ. മാസ്കിസ് എത്തുന്നു. മാസ്കിസിന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ വിഖ്യാത ആള്‍ട്ടര്‍നേറ്റീവ് റോക്ക് ബാന്‍ഡ് ദിനോസര്‍ ജൂനിയര്‍ 27നാണ് അമൃതപുരിയില്‍ സംഗീതവിരുന്നൊരുക്കുന്നത്.
സ്പിന്‍ മാഗസിന്റെ ലോകത്തെ എക്കാലത്തേയും മികച്ച 100 ഗിത്താറിസ്റ്റുകളുടെ തെരഞ്ഞെടുപ്പില്‍ അഞ്ചാം സ്ഥാനത്തെത്തിയ മസാച്ചുസെറ്റ്സ് സ്വദേശിയായ ഈ 47കാരന് 1980കളുടെ അവസാനം റോക്ക് സംഗീത രംഗത്ത് പ്രശസ്തനായി തുടങ്ങുകയും ഇപ്പോള്‍ റോക്ക് ഗിത്താറിസ്റ്റ് എന്ന നിലയില്‍ ലോകത്തെ ഐക്കണുകളിലൊന്നായി മാറുകയും ചെയ്ത വ്യക്തിയാണ്. നിര്‍വാണ, പേള്‍ ജാം എന്നിവയ്ക്കൊപ്പം 1990കളുടെ തുടക്കത്തില്‍ പ്രശസ്തമായ ഗ്രഞ്ച് റോക്കിന് രൂപം നല്‍കിയത് ദിനോസര്‍ ജൂനിയര്‍ ആണ്.
1995ലാണ് മാസ്കിസ് അമ്മയുമായി കാണുന്നത്. പിന്നീട് തന്റെ ജീവിതത്തിലും ഗാനരചനയിലും അമ്മയുടെ വചനങ്ങള്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നെന്ന് മാസ്കിസ് പറയുന്നു. എഴുതാന്‍ ധാരാളം കാര്യങ്ങള്‍ അമ്മയില്‍ നിന്നു ലഭിച്ചു. ഒരു ഗുരുവിനേക്കാള്‍ വലിയ പ്രചോദനം എഴുത്തില്‍ മറ്റൊന്നുമില്ല- മാസ്കിസ് പറഞ്ഞു.
2000ല്‍ മാസ്കിസ് പുറത്തിറക്കിയ മാസ്കിസ് ആന്‍ഡ് ദി ഫോഗ് എന്ന ആല്‍ബത്തിലെ അമ്മാറിംഗ് എന്ന ഗാനം അമൃതാനന്ദമയി ദേവിയെപ്പറ്റിയുള്ളതാണ്. 2003ല്‍ ഇന്ത്യയിലെത്തിയ മാസ്കിസ് കൊച്ചിയില്‍ നടന്ന അമ്മയുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിലും സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു. 2005ല്‍ സുനാമി ബാധിതരെ സഹായിക്കാനായി മാത അമൃതാനന്ദമയീ മഠം നടപ്പാക്കിയ ദുരിതാശ്വാസ-പുനരധിവാസ പദ്ധതിക്ക് പണം സ്വരൂപിക്കാന്‍ ജെ ആന്‍ഡ് ഫ്രണ്ട്സ് സിംഗ് ആന്‍ഡ് ചാന്റ് ഫോര്‍ അമ്മ എന്ന പേരില്‍ മാസ്കിസ് മറ്റൊരു ആല്‍ബവും പുറത്തിറക്കിയിരുന്നു.
അമ്മയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പണം സ്വരൂപിക്കുന്നത് എല്ലാക്കാലത്തും ശരിയായി നടപടിയായാണ് അനുഭവപ്പെടുന്നതെന്ന് മാസ്കിസ് തന്റെ ആല്‍ബത്തെപ്പറ്റി പറയുന്നു. തന്റെ ആരാധകരുടേയും സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടെയും ജീവിതത്തില്‍ അമ്മയുടെ കരസ്പര്ശമനുഭവിപ്പിച്ചുകൊണ്ട് ഒരു റെക്കോഡ് ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. അതേപ്പറ്റി കേട്ടറിഞ്ഞ് കുറേപ്പേര്‍ക്കുകൂടി അമ്മയെ കാണാനുള്ള അവസരമുണ്ടാകുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായി മാസ്കിസ് പറഞ്ഞു.
ഹെല്പ് മി, അമ്മ, അമ്മ, വാട്ട് നൗ? തുടങ്ങിയ ഗാനങ്ങള്‍ക്കൊപ്പം ദൈവീകമാതൃത്വത്തെപ്പറ്റി ആദിശങ്കരാചാര്യര്‍ രചിച്ച മഹിഷാസുരമര്‍ദ്ദിനി സ്തോത്രവും ഈ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1997ല്‍ പിരിച്ചുവിടപ്പെട്ട ദിനോസര്‍ ജൂനിയര്‍ 2005ല്‍ വീണ്ടും ഒന്നായി. 25 മുതല്‍ 27 വരെ അമൃതപുരിയില്‍ നടക്കുന്ന അമൃതവര്‍ഷം 60ല്‍ പങ്കെടുക്കാന്‍ ഭാര്യ ലൂസിയ, ആറു വയസ്സുകാരന് മകന് റോറി എന്നിവര്‍ക്കൊപ്പമാണ് മാസ്കിസ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: