പത്തനംതിട്ട: മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതിലും ശബരിമല തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടുകള്‍ ആരായാന്‍ ഇതുവരെ ദേവസ്വം മന്ത്രിയുള്‍പ്പെടെയുള്ളവര്‍ തയ്യാറാകാത്തതിലും പ്രതിഷേധം വ്യാപകം. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ ശബരിമല ദര്‍ശനത്തിനെത്തിയ 3000 ലേറെ തീര്‍ത്ഥാടകര്‍ 6 മണിക്കൂറുകളോളം കുടുങ്ങി കിടന്നിരുന്നു. ഇവരെ സംരക്ഷിക്കാനും സര്‍ക്കാര്‍ മറ്റ് ക്രമീകരണങ്ങള്‍ ഏര്പ്പെടുത്താതിരുന്നതിലുമാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ഡാം തുറന്നവിട്ട സമയത്ത് തീര്‍ത്ഥാടകര്‍ പമ്പാ സ്നാനത്തിന് ഇല്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.
രക്ഷാപ്രവര്‍ത്തത്തിനിടെ മുങ്ങിമരിച്ച ഫയര്മാന് ചിത്തേന്ദ്രന്റെ കുടുംബത്തെ ഇതുവരെ സര്‍ക്കാര്‍ തിരിഞ്ഞ് നോക്കാത്തതും അടിയന്തര സഹായങ്ങള്‍ ചെയ്യാത്തതിലും ജനങ്ങളില്‍ അമര്‍ഷം പുകയുന്നുണ്ട്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നു വിട്ടതിലാണ് ശബരിമല തീര്‍ത്ഥാടര്‍ക്കും പമ്പയിലെ വ്യാപാരികള്‍ക്കും ദുരിതം നേരിടേണ്ടിവന്നത്. മുന്നറിയിപ്പില്ലാതെ ഇതുവരെ ഒരു ഡാമും സംസ്ഥാനത്ത് തുറന്ന് വിട്ടിട്ടില്ല. എന്നിട്ടും ജലവിഭവ മന്ത്രി മൗനം പാലിക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നു.
എന്തിനും ഏതിനും യാത്ര ചെയ്യുന്ന മന്ത്രിമാര്‍ പമ്പയിലെ കെടുതി കാണാന്‍ ഇതുവരെ കൂട്ടാക്കാത്തത് ഹിന്ദുക്കളുടെ തീര്‍ത്ഥാടന കേന്ദ്രമായതുകൊണ്ടാണെന്ന് ആരോപണമുണ്ട്. ജില്ലാ ഭരണകര്‍ത്താകളുടെ പിടിപ്പുകേടും പമ്പയിലെ കെടുതിക്ക് കാരണമായി. ശബരിമല ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പമ്പയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നും ഒഴുക്കില്‍പ്പെട്ട് നാശമുണ്ടാവുകയും ചെയ്തിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കും കരാറുകാര്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ വേറെ. ശബരിഗിരി, കക്കി, മണിയാര്‍ ഡാമുകളില്‍ ക്രമാതീതമായി ജലം ഉയരുന്നതിനാല്‍ ഇവിടെയുള്ളവര്‍ ആശങ്കയിലാണ്. മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതിനെക്കുറിച്ച് യാതൊരുവിധ അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: