കോഴിക്കോട്: മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന മുസ്ലിം സംഘടനകളുടെ ആവശ്യത്തിനെതിരെ വനിതാകൂട്ടായ്മ പുരോമനചിന്താഗതിക്കാരായ മുസ്ലീം വനിതകളുടെ കൂട്ടായ്മ. ‘നിസ’യുടെ ആഭിമുഖ്യത്തിലാണ് വിവിധ സ്ത്രീസംഘടനകളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും യോഗം ചേര്‍ന്നത്. മുസ്ലീം ലീഗടക്കം ഒമ്പതോളം മുസ്ലിം സംഘടനകളാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. ഈ സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കില്‍ കക്ഷി ചേരാന്‍ യോഗം തീരുമാനിച്ചു. ശൈശവ വിവാഹനിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിന് നിയമനടപടി സ്വീകരിക്കും. നിയമം കാര്യക്ഷമമായി നടപ്പിലാക്കാന്‍ നിലവില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല. ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഇടപെടലുകള്‍ നടത്താനും യോഗം തീരുമാനിച്ചു.
വിവാഹപ്രായം കുറക്കണമെന്ന ആവശ്യത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികള്‍, കണ്‍വെന്‍ഷനുകള്‍ തുടങ്ങിയ ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തും. പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കാനായി വി.പി സുഹ്റ (നിസ), ഡോ.കെ.എസ്.ജയശ്രീ (സ്ത്രീചേതന), എന്‍.ശാന്തകുമാരി(ശാസ്ത്രസാഹിത്യപരിഷത്) അഡ്വ ദിവ്യ (ജനാധിപത്യ വേദി) കെ.കെ. അബ്ദുല്‍ അലി (യുക്തിവാദിസംഘം) ഡോ.അബ്ദുല്‍ ജലീല്‍ (ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി), അഡ്വ മരിയ (വയനാട്), സുല്‍ഫത്ത് (പയ്യന്നൂര്‍), അഡ്വ. സമദ് (മലപ്പുറം), പി. അംബിക എന്നിവര്‍ ചേര്‍ന്ന് സമിതി രൂപീകരിച്ചു.
ഇതിനിടെ പൊതുസമൂഹത്തില്‍നിന്നുണ്ടായ വ്യാപകമായ എതിര്‍പ്പിനെതുടര്‍ന്ന് ജമാഅത്തെ ഇസ്ലാമി മുഖം രക്ഷിക്കാന്‍ നിലപാട് മാറ്റി. വിവാഹ പ്രായം കുറയ്ക്കണമെന്നല്ല നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നാണ് ജമാ അത്തെ ഇസ്ലാമിയുടെ പുതിയ നിലപാട്. എം.എസ്.എഫ് നിലപാടിനെതിരെ എസ്.കെ.എസ്.എസ്എഫ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതിനെ എതിര്‍ത്തുകൊണ്ട് എംഎസ്എഫ് നേതാക്കള്‍ പ്രസ്താവന നടത്തിയിരുന്നു. എം.എസ്.എഫിന്റെ ഇത്തരം നിലപാടുകള്‍ ശത്രുപക്ഷത്തുനിന്നുള്ള നീക്കങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നും ഇതിനെതിരെ ശക്തമായി രംഗത്തുവരുമെന്നും എസ്കെ.എസ്.എസ്.എഫ് വ്യക്തമാക്കി. സമസ്തയുമായി മുസ്ലീം ലീഗ് ഈയിടെ ഉണ്ടാക്കിയ സമവായ കരാര്‍ തകരുന്നതിലേക്കാണ് ഈ രണ്ട് മുസ്ലീം വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള ഭിന്നിപ്പ് നീളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: