ബെയ്ജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ബോ സിലേയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ബോ സിലേക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് ശിക്ഷ. ജിനനിലെ ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കൈക്കൂലി, അധികാരദുര്‍വിനിയോഗം, ധനാപഹരണം എന്നീ കുറ്റങ്ങളാണ് ബോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ബോ വിചാരണ നേരിടുകയാണ്.
കഴിഞ്ഞ മാസം നടന്ന വിചാരണയ്ക്കിടെ അനധികൃതമായി 26.8 മില്യന്‍ യുവാന്‍ സമ്പാദിച്ചു എന്ന ആരോപണത്തെ ബോ ശക്തിയുക്തം എതിര്‍ത്തെങ്കിലും തെളിവുകള്‍ അദ്ദേഹത്തിന് എതിരാവുകയായിരുന്നു. ഭാര്യ ചെയ്ത കൊലപാതകം മറയ്ക്കാന്‍ രാഷ്ട്രീയാധികാരം ഉപയോഗിച്ചെന്ന വാദവും അദ്ദേഹം നിഷേധിച്ചു. എന്നാല്‍ ഇത് തള്ളിയാണ് കോടതി ജീവപര്യന്തം തടവിന് ഉത്തരവിട്ടത്. കൈക്കൂലിക്കേസില്‍ ജീവപര്യന്തവും പണാപഹരണക്കേസില് 15 വര്‍ഷവും അധികാര ദുര്‍വിനിയോഗത്തിന് ഏഴു വര്‍ഷവുമാണ് ശിക്ഷ. ബോയുടെ സ്വത്ത് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിധിക്കെതിരെ ബോയ്ക്ക് പത്ത് ദിവസത്തിനകം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാം.
64കാരനായ ബോയ്ക്കെതിരെ ചുമത്തിയ കൈക്കൂലികേസുകള് അദ്ദേഹത്തിന് വധശിക്ഷ ലഭിക്കാന്‍ പര്യാപ്തങ്ങളാണ്. എന്നാല്‍ രാഷ്ട്രീയാലോചനകള്ക്കൊടുവില് വധശിക്ഷ വേണ്ടെന്ന് വച്ചതായാണ് റിപ്പോര്‍ട്ട്. ബോയ്ക്ക് 18 വര്‍ഷത്തില്‍ കുറയാത്ത തടവ്ശിക്ഷ ലഭിക്കുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍. ബോ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടുന്നതില്‍ ചൈനീസ് സര്‍ക്കാര്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നിര്‍ബന്ധിച്ച് തന്നെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുകയായിരുന്നെന്നാണ് ബോ അവകാശപ്പെടുന്നത്.
ചോംഗ്കിംഗ് നഗരത്തിലെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന ബോ തികച്ചും ജനകീയനായ നേതാവായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ നടത്തിയ കൊലപാതകത്തെക്കുറിച്ച് പ്രധാന സഹായികളിലൊരാള്‍ തെളിവുകള്‍ പുറത്തുവിട്ടതോടെയാണ് പാര്‍ട്ടിയില്‍ അജയ്യ ശക്തിയായി നിലയുറപ്പിച്ചിരുന്ന ബോ സിലേയുടെ പതനം തുടങ്ങിയത്. 2011ല്‍ ബ്രിട്ടീഷ് പൗരനും വ്യവസായിയുമായ നീല്‍ ഹെയ്വുഡിനെ വധിച്ച കേസില്‍ ബോയുടെ ഭാര്യ കുറ്റക്കാരിയാണെന്ന് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു.
ചോംഗ്കിങ്ങില് പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ പൊതുപ്രവര്ത്തനങ്ങളില് നിന്നും സാമൂഹ്യ പാര്‍പ്പിട പദ്ധതികളില്‍ നിന്നുമായി ബോ കോടികള്‍ കൈവശപ്പെടുത്തിയതായാണ് ആരോപണം. ബോയുടെ ശിക്ഷ അഴിമതി അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണെന്ന നിലപാടിലാണ് പുതിയ പാര്‍ട്ടി നേതൃത്വം. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാകും ബോയെ പോലുള്ള ഉന്നതനേതാക്കള്ക്കെതിരെയുള്ള നടപടിക്ക് കാരണമാകുന്നതെന്നാണ് രാജ്യത്തെ ഒരു വിഭാഗം വിശ്വസിക്കുന്നത്. പാര്‍ട്ടി പിബി അംഗംമായിരുന്ന ബോയ്ക്കെതിരെയുള്ള നടപടിയെച്ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കുകയാണ്. വാണിജ്യമന്ത്രിയായും മേയറായും ഗവര്‍ണറായും സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തികൂടിയാണ് ബോ സിലേ. െചൈനയില് അഴിമതിക്കേസില്‍ നടപടി നേരിടുന്ന രണ്ടാമത്തെ പിബി അംഗമാണ് ബോ സിലേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: