ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍ പൂളിന്റെ അപരാജിത പ്രയാണത്തിനു വിരാമം. ആന്‍ഫില്‍ഡിലെ മൈതാനത്തില്‍ സതാംപ്ടന് 1-0ത്തിന് ലിവര്‍ പൂളിന്റെ ചിറകരിഞ്ഞു. 53-ാം മിനിറ്റില്‍ ദെജാന് ലവ്റനാണ് വിജയികളുടെ ഗോള്‍ കുറിച്ചത്. മറ്റൊരു മത്സരത്തില്‍ ചെല്‍സി ഫുള്‍ഹാമിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു.
മികച്ച പ്രതിരോധ ഫുട്ബോളിലൂടെ സതാംപ്ടന് ലിവറിന്റെ വിജയ മോഹങ്ങള്‍ തല്ലിക്കെടുത്തുകയായിരുന്നു. സ്റ്റീവന്‍ ജറാഡിന്റെ രണ്ടു തകര്‍പ്പന്‍ ഫ്രീകിക്കുകള്‍ വിഫലമായതും സതാമ്പ്ടനെ തുണച്ചു. ജോര്‍ദാന്‍ ഹെന്‍ഡേഴ്സനും ഡാനിയേല്‍ സ്റ്റര്‍ഡിജും നല്ല ഒത്തിണക്കംകാട്ടിയപ്പോള് മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് ലഭിച്ചത്. 20-ാം മിനിറ്റില്‍ ലിവര്‍പൂളിനു ബോക്സിനു തൊട്ടുമുന്നില്‍ നല്ലൊരു ഫ്രീ കിക്ക് ലഭിച്ചു. ജെറാഡിന്റ ഉശിരന്‍ ഷോട്ട് പ്രതിരോധ മതിലിനുമുകളിലൂടെ പറന്ന് വളഞ്ഞ് വലയെ കണ്ണുവച്ചെങ്കിലും ഗോളി പറന്ന് തട്ടിയകറ്റി. പിന്നെയും ലിവര്‍പൂള്‍ മുന്‍നിര അവരങ്ങള്‍ തുറന്നെടുത്തു. എന്നാല്‍ ഗോള്‍ മാത്രം വന്നില്ല.
രണ്ടാംപകുതിയുടെ ആദ്യ ഘട്ടത്തില്‍ ലിവര്‍പൂളിന്റെ ഡിഫന്‍സില്‍ ചില വിള്ളലുകള്‍ വീണു. സതാമ്പ്ടന്റെ ഗോളിലേക്കു നയിച്ചത് ആ സുഷിരങ്ങളായിരുന്നു. ആദം ല ലാനയും റിക്കി ലാംബര്ട്ടം നടത്തിയ നീക്കം സതാമ്പ്ടന് കോര്‍ണര്‍ സമ്മാനിച്ചു. ലലാന എടുത്ത കോര്‍ണറില്‍ ഡാനിയേല്‍ ആഗറിനെക്കാള് ഉയര്‍ന്ന ചാടി തലവച്ച ലവ്റന്‍ ലിവര്‍പൂളിന്റെ ഹൃദയം തകര്‍ത്തു (1-0). ഒരു ഗോളിനു പിന്നിലായതോടെ ലിവര്‍പൂള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും സതാമ്പ്ടന്റെ പിന്‍നിര വഴങ്ങിയില്ല. ചെല്‍സിക്കുവേണ്ടി ഫുള്‍ഹാമിന്റെ വലയില്‍ ഓസ്കര് (52), ജോണ്‍ ഒബി മികേല്‍ (84) എന്നിവര്‍ പന്തെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: